'ഇന്ത്യയുടേത് എക്കാലത്തും ഉത്തരവാദിത്തമുള്ള സമീപനം, ഇനിയും അത് തുടരും'; യുഎസിനോട് എസ് ജയശങ്കർ
ന്യൂഡൽഹി: ഇന്ത്യയുടെ സമീപനം എല്ലായ്‌പ്പോഴും കൃത്യമായി അളന്നുമുറിച്ചതും ഉത്തരവാദിത്തമുള്ളതുമാണെന്നും അത് ഇനിയും അങ്ങനെ തന്നെ തുടരുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യ-പാക് സംഘർഷം രൂക്ഷമാവുന്ന സാഹചര്യത്തിൽ ഇത് ഉടൻ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ബന്ധപ്പെട്ടതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രി ജയശങ്കർ നിലപാട് വ്യക്തമാക്കിയത്.
സംഘർഷം ലഘൂകരിക്കേണ്ടതിന്റെ ആവശ്യകത യുഎസ് ഉന്നത നയതന്ത്രജ്ഞൻ എടുത്തുകാണിക്കുകയും ഇരു രാജ്യങ്ങളും നിലവിലെ സാഹചര്യത്തിൽ തീവ്രത കുറയ്ക്കുന്നതിനുള്ള രീതികൾ മനസിലാക്കണമെന്നും റൂബിയോ പറഞ്ഞിരുന്നു. എസ് ജയശങ്കർ തന്നെയാണ് റൂബിയോയുമായി സംസാരിച്ചതിന്റെ വിശദാംശങ്ങൾ പങ്കുവച്ചത്.

'ഇന്ന് രാവിലെ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഒരു സംഭാഷണം നടത്തി. ഇന്ത്യയുടെ സമീപനം എപ്പോഴും കൃത്യമായി അളന്നുമുറിച്ചതും ഉത്തരവാദിത്തമുള്ളതുമാണ്, അത് അങ്ങനെ തന്നെ തുടരുന്നു' എസ് ജയശങ്കർ ഓൺലൈൻ പോസ്‌റ്റിൽ വ്യക്തമാക്കി. നിലവിലെ സാഹചര്യം തണുപ്പിക്കാൻ യുഎസ് ഇടപെടൽ ശക്തമാണ്.
ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിലെ സുപ്രധാന ചുമതല വഹിക്കുന്ന മാർക്കോ റൂബിയോ നേരത്തെ പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനോട് സമാനമായ ഒരു അഭ്യർത്ഥന നടത്തിയിരുന്നു.
ഇരുപക്ഷവും കൃത്യമായ ചർച്ചകൾ ആരംഭിക്കുന്നത് ഉറപ്പാക്കാൻ റൂബിയോ യുഎസ് സഹായം വാഗ്‌ദാനം ചെയ്‌തതായി യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് അറിയിച്ചു.
കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മാർക്കോ റൂബിയോ മന്ത്രി എസ് ജയശങ്കറുമായി സംസാരിക്കുന്നത്. ഈ ആഴ്‌ച ആദ്യം ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായുള്ള ഫോൺ സംഭാഷണത്തിൽ, സംഘർഷം ലഘൂകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് റൂബിയോ എടുത്തുപറഞ്ഞിരുന്നു. കൂടാതെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട് ഭീകരതയെ തടയാൻ ഉറച്ച നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഎസ് പ്രസിഡന്റ് ട്രംപും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാകിസ്ഥാൻ അതിർത്തിയിൽ പ്രകോപനം തുടരുകയാണെന്നാണ് ഇന്ത്യൻ സൈനിക വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഇന്നും അതിർത്തി പ്രദേശങ്ങളിൽ അവർ ഷെല്ലാക്രമണം നിർബാധം തുടർന്നിരുന്നു.
ജമ്മു കശ്‌മീരിലെ രജൗരിയിൽ പാകിസ്ഥാൻ സൈന്യം പുലർച്ചെ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. അതിനിടെ ഇന്ത്യയുടെ പല വ്യോമകേന്ദ്രങ്ങളും തകർത്തെന്ന പാകിസ്ഥാൻ വാദം പച്ചനുണയാണെന്ന് പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങൾ സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പാകിസ്ഥാന്റെ പ്രകോപനങ്ങൾക്ക് ഇന്ത്യ ഉചിതമായ മറുപടി നൽകിയെന്നും ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളാണ് അവർ ലക്ഷ്യമിട്ടതെന്നും വാർത്താസമ്മേളനത്തിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വ്യോമപാത പാക് സേന ദുരുപയോഗം ചെയ്‌തുവെന്നും പ്രകോപനത്തിന് ഇന്ത്യ ഉചിതമായ മറുപടി നൽകുമെന്നും സ്ഥിതി വഷളാക്കരുതെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും വാർത്താ സമ്മേളനത്തിൽ പ്രതിനിധികൾ വ്യക്തമാക്കി.












Click it and Unblock the Notifications