അഴിച്ചുപണിയാന്‍ രാഹുല്‍, സച്ചിന്‍ ദില്ലിയിലെത്തി, കോണ്‍ഗ്രസില്‍ വമ്പന്‍ റോള്‍ നല്‍കാന്‍ പ്രിയങ്ക
ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വി കോണ്‍ഗ്രസിലെ രാഹുല്‍ ബ്രിഗേഡിലെ അടിമുടി മാറ്റാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. രാഹുല്‍ തന്നെ അഴിച്ചുപണിക്ക് തുടക്കമിടാന്‍ പോവുകയാണ്. നിര്‍ണായക യോഗത്തിനായി സച്ചിന്‍ പൈലറ്റ് ദില്ലിയിലെത്തിയിരിക്കുകയാണ്. വമ്പന്‍ റോള്‍അദ്ദേഹത്തെ കാത്തിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സച്ചിന്‍ നേരത്തെ തന്നെ ദേശീയ തലത്തിലേക്കില്ല എന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചതാണ്. പക്ഷേ തോല്‍വിയുടെ പശ്ചാത്തലത്തില്‍ അടിമുടി മാറാന്‍ രാഹുലും പ്രിയങ്ക ഗാന്ധിയും നിര്‍ബന്ധിതരായിരിക്കുകയാണ്. ഈ വര്‍ഷം അടക്കം നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ അടക്കം മുന്നില്‍ കണ്ടാണ് രാഹുല്‍ പുതിയ തീരുമാനങ്ങള്‍ എടുക്കുന്നത്.

രാജസ്ഥാനില്‍ ഇതുവരെ സച്ചിന് വാഗ്ദാനം ചെയ്ത കാര്യങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. രാഹുല്‍ ഗാന്ധി മാത്രമല്ല കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും യോഗത്തിനെത്തിയിരുന്നു. അടുത്ത വര്‍ഷം രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ളതാണ്. രാജസ്ഥാനില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് ഭരണം നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന പ്രകാരം സംഘടനാ തലത്തില്‍ സച്ചിന്‍ പൈലറ്റിന് വലിയ റോള്‍ ലഭിക്കുമെന്നാണ്. ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം നടക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പും രാഹുലും സച്ചിനും തമ്മില്‍ ചര്‍ച്ച ചെയ്തു.
രാജസ്ഥാനില്‍ അംഗത്വ വിതരണം ശക്തമാക്കാനാണ് സച്ചിനോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. ഒപ്പം രാജസ്ഥാനില്‍ സംഘടന എങ്ങനെ ശക്തിപ്പെടുത്താമെന്ന കാര്യങ്ങളും ചര്‍ച്ച ചെയ്തു. 2020 ജൂലായില്‍ രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്റെ സര്‍ക്കാരിനെതിരെ വിമത നീക്കം നടത്തിയിരുന്നു സച്ചിന്‍. എന്നാല്‍ പിന്നീട് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയായിരുന്നു. വിമതരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിരുന്നു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെയും ഇതിനായി നിയോഗിച്ചിരുന്നു. നേരത്തെ സച്ചിന്‍ വിഭാഗത്തില്‍ നിന്നുള്ള നേതാക്കളെ അടക്കം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നു രാഹുല്‍.
പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി സച്ചിനെ കേന്ദ്ര സമിതിയില്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. അതേസമയം പ്രിയങ്ക ഗാന്ധിയുടെ നിര്‍ദേശമാണ് സച്ചിനെ ദേശീയ തലത്തിലേക്ക് എത്തിക്കുന്നതെന്നാണ് സൂചന. നിലവില്‍ വൈഭവ് ഗെലോട്ടിനെതിരായ ആരോപണങ്ങള്‍ അടക്കം ഉയര്‍ന്നത് കൊണ്ട് ഗെലോട്ടിന്റെ പ്രതിച്ഛായ മങ്ങിയിരിക്കുകയാണ്. ബിജെപി സംസ്ഥാനത്ത് ദുര്‍ബലമായത് കൊണ്ട് മാത്രമാണ് കോണ്‍ഗ്രസ് പിടിച്ച് നില്‍ക്കുന്നത്. ഗെലോട്ടിനെതിരെ ഭരണവിരുദ്ധ വികാരമുണ്ട്. അത് മുതലെടുക്കാന്‍ പറ്റുന്ന പ്രതിപക്ഷം സംസ്ഥാനത്തില്ല. അതേസമയം തിരഞ്ഞെടുപ്പ് നടന്നാല്‍ മുഖ്യമന്ത്രി മാറിയില്ലെങ്കില്‍ ജനങ്ങളുടെ പ്രതീക്ഷ തന്നെ തകരുമെന്ന് സച്ചിന്‍ സൂചിപ്പിക്കാനാണ് സാധ്യത.












Click it and Unblock the Notifications