യുപിയില്‍ പ്രചാരണം ഗ്രൗണ്ടില്‍ അല്ല, പുതിയ രീതിയില്‍, ബിജെപിയെ വിടാതെ എസ്പി, ഒപ്പത്തിനൊപ്പം
ദില്ലി: ഉത്തര്‍പ്രദേശില്‍ പ്രചാരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂട്ടിട്ടിരിക്കുകയാണ്. അതുകൊണ്ട് നിരത്തിലിറങ്ങിയുള്ള പ്രചാരണങ്ങളൊന്നും നടക്കില്ല. ഇതോടെ തന്ത്രം മാറ്റാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് എല്ലാ പാര്‍ട്ടികളും. സോഷ്യല്‍ മീഡിയയില്‍ അ ടക്കം തരംഗമായ മാനികെ മാഗെ ഹിദെ, ബച്ച്പന്‍ കാ പ്യാര്‍ എന്നിവയാണ് ഇപ്പോള്‍ യുപി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഴങ്ങി കേള്‍ക്കുന്നത്.
ഈ പാട്ടുകളുടെ ട്യൂണിലാണ് പ്രചാരണ ഗാനങ്ങള്‍ പല പാര്‍ട്ടികളും തയ്യാറായിരിക്കുന്നത്. ഡിജിറ്റലായിട്ടുള്ള പ്രചാരണത്തിലും ബിജെപിയും എസ്പിയും തമ്മില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ്. മറ്റ് പാര്‍ട്ടികള്‍ ഇവര്‍ക്കൊപ്പം എത്താനുള്ള തയ്യാറെടുപ്പിലാണ്.

യുപിയിലെ പല മേഖലകളില്‍ നിന്നുള്ളവരുടെ വാമൊഴിയില്‍ തയ്യാറാക്കിയ ഗാനങ്ങളാണ് പ്രചാരണത്തിനായി എസ്പിയും ബിജെപിയും ഉപയോഗിക്കുന്നത്. അവധ്, ബോജ്പുരി, ഗാനങ്ങളും ഉണ്ട്. കോണ്‍ഗ്രസും ബിഎസ്പിയും ഇത്തരം ഗാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ പ്രചാരണം അത്രത്തോളം ശക്തമല്ല. ബിജെപിയുടെ പ്രചാരണം ഇത് മോദി-യോഗി സര്‍ക്കാരാണ് എന്നതിലാണ്. ബിജെപിയുടെ വീഡിയോകളില്‍ മുസ്ലീം മുഖങ്ങളൊന്നുമില്ല. എസ്പിയുടെ പ്രചാരണ വീഡിയോകളില്‍ അഖിലേഷ് നിറഞ്ഞ് നില്‍ക്കുകയാണ്.

ബച്ച്പന്‍ കാ പ്യാര്‍ എന്ന വൈറല്‍ ഗാനത്തിന്റെ ട്യൂണിലുണ്ടാക്കിയ ഭൂല്‍ നഹീന്‍ ജാനാ രെ എന്ന പ്രചാരണ ഗാനം ബിജെപി പുറത്തിറക്കിയിരുന്നു. ഇതില്‍ ബിജെപിയുടെ വികസന നേട്ടങ്ങളും, ജനക്ഷേമ കാര്യങ്ങളും, എസ്പിയുടെ മാഫിയാ ഭരണം ഇല്ലാതാക്കിയെന്നുമൊക്കെ അവകാശപ്പെടുന്നുണ്ട്. പ്രശസ്ത സിംഹള ഗാനമായ മാനികെ മഗെ ഹിതെ എന്ന ഗാനത്തിന്റെ ട്യൂണില്‍ മറ്റൊരു പ്രചാരണ ഗാനവും ബിജെപി പുറത്തിറക്കിയിട്ടുണ്ട്. ഇതെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാ വീഡിയോയിലും മോദിയുടെയും യോഗിയുടെയും നേട്ടങ്ങളാണ് അവതരിപ്പിക്കുന്നത്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ്, ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരെല്ലാം വീഡിയോകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

ബിജെപിയില്‍ തന്നെയുള്ള കലാകാരന്മാരും പ്രചാരണ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഭോജ്പുരി ഗായകരായ ദിനേഷ് ലാല്‍ നിരാഹുവ, രവി കിഷന്‍, മനോജ് തിവാരി എന്നിവരും ഓരോ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. മനോജ് തിവാരിയുടെ ഗാനം കാശി, മഥുര, അയോധ്യ, എന്നീ ഹിന്ദു ആരാധനാലയങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്. കാവി നിറം പടരുന്നു എന്നാണ് ഈ ഗാനത്തില്‍ പറയുന്നു. നിരാഹുവയുടെ ഗാനത്തില്‍ യോഗി ഉറപ്പായും ഭരണത്തില്‍ എത്തുമെന്നാണ് അവകാശപ്പെടുന്നത്. രവി കിഷന്റെ ഗാനത്തില്‍ ബിജെപി കൊറോണയെ തുരത്തി എന്നാണ് പറയുന്നത്. ഈ ഗാനങ്ങളെല്ലാം പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

എസ്പി ജനതാ പുകാര്‍ത്തി ഹെ, അഖിലേഷ് ആയിയെ എന്നീ ഗാനം ഇറക്കിയിട്ടുണ്ട്. ജനങ്ങള്‍ വിളിക്കുന്നു, അഖിലേഷ് വരുമെന്നാണ് ഈ ഗാനത്തിന്റെ വരികളിലൂടെ പറയുന്നത്. ഇത് ബോളിവുഡ് ഗാനം പോലെയാണ് ഒരുക്കിയിരിക്കുന്നത്. ബിജെപിയെ ആക്രമിക്കുന്നതിന് പകരം, വികസനത്തിലാണ് ഈ വീഡിയോകളെല്ലാം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ലഖ്‌നൗ മെട്രോ, ആഗ്ര ഹൈവേ, ഗോമതി റിവര്‍ഫ്രണ്ട് എന്നിവയെല്ലാം ഇതില്‍ വരുന്നുണ്ട്. യുപിയില്‍ ശാന്തിയും സമാധാനവും അഖിലേഷ് കൊണ്ടുവരുമെന്ന് വീഡിയോകളിലെല്ലാം പറയുന്നുണ്ട്. അഖിലേഷില്‍ മാത്രമാണ് ഈ വീഡിയോയില്‍ ഉള്ളത്. ഇടയ്ക്ക് ഭാര്യ ഡിംപിള്‍ യാദവും മുഖം കാണിക്കുന്നുണ്ട്.

കോണ്‍ഗ്രസ് ലഡ്കി ഹുന്‍ ലാഡ് സക്തി ഹൂം എന്ന പ്രചാരണം കേന്ദ്രീകരിച്ചാണ് വീഡിയോ ഇറക്കിയത്. ദുര്‍ഗാ ദേവിക്കുള്ള ആദരമായിട്ടാണ് ഗാനം പുറത്തിറക്കിയത്. പ്രിയങ്ക ഗാന്ധിയാണ് വീഡിയോയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഇന്ദിരാ ഗാന്ധിയും വരുന്നുണ്ട്. ഒരു സ്ത്രീക്ക് കുടുംബം നടത്താന്‍ മാത്രമല്ല, രാജ്യം ഭരിക്കാനും അറിയാമെന്ന് ഇതില്‍ പറയുന്നുണ്ട്. പ്രിയങ്ക വരും, ബിജെപി പുറത്ത് പോകും എന്നാരു ഗാനവും യുട്യൂബില്‍ റിലീസായിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ സാരഥിയെന്നാണ് ഇതില്‍ വിശേഷിപ്പിക്കുന്നത്. ബിഎസ്പിയും അധികം കളത്തിലേക്ക് വന്നിട്ടില്ല. ഭീം മ്യൂസിക് എന്ന ഗാനമാണ് യുട്യൂബില്‍ ഇറക്കിയത്. ഇതില്‍ വര്‍ഗീയതയെ പരാമര്‍ശിക്കുമ്പോള്‍ നരേന്ദ്ര മോദിയെയും അസാദുദ്ദീന്‍ ഒവൈസിയെയും കാണിക്കുന്നുണ്ട്.
ദൃശ്യങ്ങളുള്ള ഫോണ്‍ ദിലീപിന്റെ വിശ്വസ്തരുടെ കൈകളില്‍? അനൂപിന് ശരത്തിന്റെ ബിസിനസില്‍ മുതല്‍മുടക്ക്












Click it and Unblock the Notifications