പത്ത് വര്‍ഷം ഇനി ശശികല 'ശശി'... പനീര്‍ശെല്‍വത്തിന് സൂപ്പര്‍ ലോട്ടോ; മരിച്ചപ്പോള്‍ രക്ഷപ്പെട്ടത് ജയ

Subscribe to Oneindia Malayalam
ചെന്നൈ: തമിഴകത്ത് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു എടുത്ത നിലപാടിന്റെ ശക്തി ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു. ശശികലയ്ക്ക് ഇനി അടുത്ത കാലത്തൊന്നും അധികാരക്കസേരയില്‍ ഇരിക്കാന്‍ കഴിയില്ല.

അനിധികൃത സ്വത്ത് സമ്പാദന കേസില്‍ വിചാരണ കോടതിയുടെ വിധി സുപ്രീം കോടതി അംഗീകരിച്ചിരിക്കുകയാണ്. നാല് വര്‍ഷം തടവ് ശിക്ഷയാണ് ശശികല അനുഭവിക്കേണ്ടി വരിക.

നാല് വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചാല്‍ മാത്രം പോര. ജനപ്രാതിനിധ്യ നിയമ പ്രകാരം ആറ് വര്‍ഷം തിരഞ്ഞെടുപ്പ് വിലക്കും ശശികലയ്ക്ക് നേരിടേണ്ടി വരും. ചുരുക്കിപ്പറഞ്ഞാല്‍ പത്ത് വര്‍ഷത്തേയ്ക്ക് ശശികല തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഉണ്ടാവില്ല. കോടതി വിധിയില്‍ ലോട്ടറിയടിച്ചത് പനീര്‍ ശെല്‍വവത്തിനാണ്.

നാല് വര്‍ഷത്തെ തടവ് ശിക്ഷ

നാല് വര്‍ഷം തടവ് ശിക്ഷയായിരുന്നു വിചാരണ കോടതി ശശികലയ്ക്ക് ശിക്ഷ വിധിച്ചിരുന്നത്. സുപ്രീം കോടതി വിചാരണ കോടതിയുടെ വിധി ശരിവയ്ക്കുകയായിരുന്നു.

പത്ത് കോടി പിഴയും

നാല് വര്‍ഷത്തെ തടവ് ശിക്ഷമാത്രമല്ല, പത്ത് കോടി രൂപ പിഴയും ശശികല അടയ്ക്കണം എന്നായിരുന്നു വിചാരണ കോടതിയുട െവിധി. കര്‍ണാടക ഹൈക്കോടതി ജയലളിതയേയും ശശികലയേയും കുറ്റവിമുക്തരാക്കിയിരുന്നു.

ആറ് വര്‍ഷത്തെ വിലക്ക്

അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ആറ് വര്‍ഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറ്റില്ല. ജനപ്രാതിനിധ്യ നിയമപ്രകാരം ആണിത്.

ഇനി ജയിലില്‍ കിടക്കാം

ഉടന്‍ തന്നെ ശശികലയും മറ്റ് പ്രതികളും വിചാരണ കോടതിയ്ക്ക് മുന്നില്‍ കീഴടങ്ങണം എന്നാണ് സുപ്രീം കോടതിയുടെ വിധി. നാല് ആഴ്ചയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. ശശികല ഇനി ജയിലില്‍ കിടക്കേണ്ടി വരും എന്ന് ഉറപ്പ്.

പത്ത് വര്‍ഷം വനവാസം

തമിഴക രാഷ്ട്രീയത്തില്‍ ഇനിയുള്ള നാല് വര്‍ഷം ശശികല ഉണ്ടാകില്ലെന്ന് ഉറപ്പാണ്. അതിന് ശേഷം ജയിലില്‍ നിന്ന് തിരിച്ചെത്തിയാലും ശശികലയ്ക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങാനാവില്ല. പത്ത് വര്‍ഷം ശശികലയ്ക്ക് ഒന്നും ചെയ്യാനാവില്ലെന്ന് സാരം.

ജയലളിത രക്ഷപ്പെട്ടു

മരണത്തിലൂടെ ജയലളിത ശരിക്കും രക്ഷപ്പെടുകയായിരുന്നു എന്ന് വേണം പറയാന്‍. അല്ലാത്ത പക്ഷം ജയലളിതയ്ക്ക് വീണ്ടും അധികാരമൊഴിഞ്ഞ് ജയിലില്‍ പോകേണ്ടി വന്നേനെ.

ലോട്ടറിയടിച്ചത് പനീര്‍ശെല്‍വത്തിന്

സത്യത്തില്‍ ലോട്ടറിയടിച്ചത് പനീര്‍ശെല്‍വത്തിനാണ്. ശശികലയ്‌ക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയ പനീര്‍ശെല്‍വത്തിന് ഇനി ആശ്വസിക്കാം. ശശികല പുറത്തില്ലാത്ത സാഹചര്യത്തില്‍ പാര്‍ട്ടി കൈയ്യടക്കാന്‍ പനീര്‍ശെല്‍വത്തിന് കഴിയും എന്ന് ഉറപ്പാണ്.

നാലാമതും മുഖ്യമന്ത്രി?

ജയലളിത ജയിലില്‍ പോയ സന്ദര്‍ഭങ്ങളിലെല്ലാം തമിഴകത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന ആളാണ് പനീര്‍ശെല്‍വം. ജയലളിത മരിച്ചപ്പോഴും മുഖ്യമന്ത്രി കസേരയില്‍ എത്തി. ഇനിയിതാ നാലാമതും പനീര്‍ശെല്‍വത്തിന് തൊട്ടടുത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി കസേര.

ശശികലയുടെ കളി എന്താകും?

താന്‍ ജയിലിലായാലും അധികാരം വിട്ട് നല്‍കാന്‍ ശശികല തയ്യാറാകുമോ? തനിക്ക് പകരം മറ്റൊരാളെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ച് പനീര്‍ശെല്‍വത്തെ വെട്ടാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ പറ്റില്ല.

 ഗവര്‍ണറുടെ തീരുമാനം

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഗവര്‍ണറുടെ തീരുമാനം ആയിരിക്കും നിര്‍ണായകമാവുക. നിയമസഭ വിളിച്ച് ചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ പനീര്‍ശെല്‍വത്തോട് ആവശ്യപ്പെട്ടാല്‍ എന്തായിരിക്കും സംഭവിക്കുക?

English summary
Sasikala will be out of Tamil Nadu politics for 10 years.
Please Wait while comments are loading...