അസം പൗരത്വ പട്ടിക; സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടി സുപ്രീംകോടതി, കേന്ദ്ര ആവശ്യം അംഗീകരിച്ചു
ദില്ലി: അസം പൗരത്വ പട്ടിക പരസ്യപ്പെടുത്തുന്നതിനുള്ള സമയപരിധി ഒരുമാസം കൂടി നീട്ടി സുപ്രീംകോടതി. കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണിത്. നേരത്തെ ജൂലൈ 31ന് പരസ്യപ്പെടുത്തണമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഓഗസ്റ്റ് 31 വരെ നീട്ടി നല്‍കി. പട്ടികയിലെ അതിര്‍ത്തി ജില്ലകളിലുള്ള 20 ശതമാനം പേരുകളും മറ്റു ജില്ലകളിലെ 10 ശതമാനം പേരുകളും പുനപ്പരിശോധിക്കണമെന്ന കേന്ദ്രത്തിന്റെയും അസം സര്‍ക്കാരിന്റെയും ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.

3.23 കോടി അപേക്ഷകരാണ് അസമിലുണ്ടായിരുന്നത്. ആദ്യ പട്ടിക കഴിഞ്ഞ വര്‍ഷം പരസ്യമാക്കിയിരുന്നു. ഇതില്‍ നിന്ന് 40 ലക്ഷം പേര്‍ പുറത്തായത് വന്‍ വിവാദമായി. ഒട്ടേറെ പേര്‍ സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്നാണ് സുപ്രീംകോടതി മേല്‍നോട്ടം ഏറ്റെടുത്തത്. പട്ടികയില്‍ ഒട്ടേറെ പരാതികളുണ്ട്. 25 ലക്ഷം അപേക്ഷകര്‍ ഒപ്പുവച്ച പരാതിയും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തെറ്റുതിരുത്തുന്നതിന് ഇനിയും സമയം വേണമെന്നാണ് ആഭ്യന്തര മന്ത്രാലയം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
പൗരത്വ പട്ടികയ്‌ക്കെതിരെ പ്രതിഷേധവും ശക്തമാണ്. മേഖലയിലെ ന്യൂനപക്ഷങ്ങളെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്ന് ആരോപിച്ച് നാടുകടത്താനാണ് നീക്കമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ബംഗാളി ഭാഷ സംസാരിക്കുന്നവര്‍ക്കെതിരായ നീക്കമാണിതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറയുന്നു. എന്തുവില കൊടുത്തും പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം.
അസമില്‍ മാത്രമല്ല, ദേശീയ തലത്തില്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചു. നിയമവിരുദ്ധമായി ഒരു വ്യക്തി പോലും രാജ്യത്തില്ലെന്ന് ഉറപ്പാക്കുമെന്നും അന്താരാഷ്ട്ര നിയമ പ്രകാരം അത്തരക്കാരെ നാടുകടത്തുമെന്നും അമിത് ഷാ വ്യക്തമാക്കി.












Click it and Unblock the Notifications