സ്‌കൂള്‍ വിദ്യാര്‍ഥികളെ വിവാഹം കഴിപ്പിച്ചു; അധ്യാപിക ഉള്‍പ്പെടെ മാതാപിതാക്കള്‍ അറസ്റ്റില്‍
ഹൈദരാബാദ്: സ്‌കൂള്‍ വിദ്യാര്‍ഥികളെ വിവാഹം കഴിപ്പിച്ചതിന്റെ പേരില്‍ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലാണ് സംഭവം. പതിനഞ്ചുകാരനെയും പതിമൂന്നുകാരിയെയുമാണ് മാതാപിതാക്കള്‍ വിവാഹം കഴിപ്പിച്ചത്. സംഭവത്തില്‍ വിദ്യാര്‍ഥിയുടെ പിതാവ് ആഞ്ജനേയ ശര്‍മ, പെണ്‍കുട്ടിയുടെ പിതാവ് പതങ്കി രമേഷ് കുമാര്‍, അധ്യാപികയായ അമ്മ തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു.
ആണ്‍കുട്ടി പത്താംക്ലാസിലും പെണ്‍കുട്ടി ഒമ്പതാം ക്ലാസിലുമാണ്. ഇരുവരുടെയും പിതാക്കന്മാര്‍ അമ്പലങ്ങളില്‍ പുരോഹിതരാണ്. ആണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് വിവാഹത്തിന് മുന്‍കൈ എടുത്തതെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തോടെ കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ മാറുമെന്ന വിശ്വാസത്തിലായിരുന്നു പ്രായപൂര്‍ത്തിയാകാത്തവരെ വിവാഹത്തിന് നിര്‍ബന്ധിച്ചത്.

വിവാഹശേഷം ചടങ്ങുകള്‍ക്കായി ഇരുവരെയും വേദപാഠശാലയിലെത്തിച്ചു. ഇവിടെവെച്ചാണ് ആന്ധ്രാപ്രദേശ് ചൈല്‍ഡ് വെല്‍ഫെയര്‍ സംഘം വിവരം അറിയുന്നത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും രക്ഷിതാക്കളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
സമുദായത്തിന്റെ പരമ്പരാഗത വിശ്വാസപ്രകാരമാണ് വിവാഹമെന്ന് രക്ഷിതാക്കള്‍ പോലീസിനോട് പറഞ്ഞു. തങ്ങള്‍ക്ക് തങ്ങളുടെതായ വിശ്വാസമുണ്ട്. അത് പാലിക്കുക മാത്രമാണ് ചെയ്തത്. തന്റെ മകളെ പതിമൂന്നാം വയസിലാണ് വിവാഹം ചെയ്തതെന്നും ആണ്‍കുട്ടിയുടെ രക്ഷിതാവ് പോലീസിനോട് പറഞ്ഞു. രക്ഷിതാക്കള്‍ക്കെതിരെ ശൈശവ വിവാഹം തടയുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇവരെ കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications