ഉത്തരാഖണ്ഡില്‍ വീണ്ടും ഭൂകമ്പം, 48 മണിക്കൂറിനിടെ രണ്ടാമത്തേത്, 3.2 തീവ്രത
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. 48 മണിക്കൂറിനിടെ സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന രണ്ടാം ഭൂകമ്പമാണിതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സെയ്‌സ്‌മോളജി അറിയിച്ചു. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് ഭൂകമ്പം രേഖപ്പെടുത്തിയത്. അഞ്ച് കിലോമീറ്റര്‍ ദൂരെ വരെ ഇതിന്റെ തീവ്രത അനുഭവപ്പെട്ടു. പുലര്‍ച്ചെ 3.49നാണ് ഭൂകമ്പമുണ്ടായതെന്നും എന്‍സിഎസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളായി ഇന്ത്യയില്‍ ചിലയിടങ്ങളില്‍ ഇതുപോലെ ഭൂകമ്പങ്ങളുണ്ടായിരുന്നു. ബുധനാഴ്ച്ച വൈകീട്ട് മഹാരാഷ്ട്രയിലെ ഹസോരി ഗ്രാമത്തില്‍ ഭൂകമ്പമുണ്ടായിരുന്നു. 1.6 തീവ്രതയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ മരണങ്ങള്‍ ഉണ്ടായിട്ടില്ല. ആര്‍ക്കും പരിക്കേല്‍ക്കുകയോ, കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാവുകയോ ചെയ്തിട്ടില്ല.

അതുപോലെ നേപ്പാളില്‍ നാലോളം ഭൂകമ്പങ്ങള്‍ ചൊവ്വാഴ്ച്ചയുണ്ടായിരുന്നു. ഇതില്‍ 6.2 തീവ്രതയുള്ള ഭൂകമ്പവുമുണ്ടായിരുന്നു. ഇതിന്റെ തീവ്രത ഇന്ത്യയിലും അനുഭവപ്പെട്ടിരുന്നു. ഡല്‍ഹിയും, ലഖ്‌നൗ അടക്കമുള്ള ഭാഗങ്ങളില്‍ ഭൂകമ്പം ഇതേ തുടര്‍ന്ന് അനുഭവപ്പെട്ടിരുന്നു. ഉത്തേരന്ത്യയില്‍ ഡല്‍ഹി എന്‍സിആര്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ തീവ്രത അനുഭവപ്പെട്ടു.
4.6 തീവ്രതയുള്ള ഭൂകമ്പമാണ് നേപ്പാളില്‍ ആദ്യമുണ്ടായത്. തൊട്ടുപിന്നാലെ 6.2 തീവ്രതയില്‍ രണ്ടാം ഭൂകമ്പമുണ്ടാവുകയായിരുന്നു. 3.6, 3.1 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂകമ്പങ്ങളും ശേഷം നേപ്പാളില്‍ രേഖപ്പെടുത്തിയിരുന്നു. ഭൂകമ്പത്തില്‍ കാര്യമായ നാശനഷ്ടമുണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ ജനങ്ങള്‍ കെട്ടിടങ്ങള്‍ക്ക് പുറത്തേക്ക് പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.












Click it and Unblock the Notifications