ജംഷഡ്പൂരില്‍ കലാപം; നിരോധനാജ്ഞ, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു... സോനിപ്പത്തില്‍ പള്ളി ആക്രമിച്ചു
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ വര്‍ഗീയ കലാപം. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഇപ്പോഴും സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. മതപരമായ പതാക നശിപ്പിച്ചു എന്ന പേരിലാണ് സംഘര്‍ഷം തുടങ്ങിയത്. നിരവധി കടകളും വാഹനങ്ങളും കത്തിച്ചു. കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനമാണ് ജാര്‍ഖണ്ഡ്.
ജംഷഡ്പൂരിലെ ശാസ്ത്രിനഗറിലാണ് സംഘര്‍ഷമുണ്ടായത്. ശനിയാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. രാമനവമിയോട് അനുബന്ധിച്ച് സ്ഥാപിച്ച കൊടിയാണ് നശിപ്പിക്കപ്പെട്ടത്. ഈ കൊടിയില്‍ ഒരു കഷ്ണം ഇറച്ചി പൊതിഞ്ഞ നിലയിലായിരുന്നുവെന്ന് ഒരു വിഭാഗം പറയുന്നു. തുടര്‍ന്ന് ഇവര്‍ മറുവിഭാഗത്തിന്റെ കടകളും വാഹനങ്ങളും നശിപ്പിച്ചു. ഇതിനിടെ കല്ലേറുണ്ടായി.

സാമൂഹിക വിരുദ്ധര്‍ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണെന്ന് ഡിസിപി വിജയ ജാദവ് പ്രതികരിച്ചു. അക്രമികളെ തുരത്താന്‍ ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കടകളും ഓട്ടോറിക്ഷയും കത്തിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. ഒട്ടേറെ വ്യാജ വിവരങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു.
കടകള്‍ അഗ്നിക്കിരയാക്കിയതോടെ മറുവിഭാഗവും സംഘടിച്ചു. ഇവരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സബ് ഡിവിഷണല്‍ ഓഫീസര്‍ പൂയൂഷ് സിന്‍ഹ പറഞ്ഞു. ഇപ്പോള്‍ അക്രമങ്ങള്‍ അവസാനിച്ചിട്ടുണ്ടെന്നും അഞ്ച് പേര്‍ കസ്റ്റഡിയിലുണ്ടെന്നും പോലീസ് അറിയിച്ചു. സംഘര്‍ഷ മേഖലയില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.
അതേസമയം, ഹരിനായനിയെല സോനിപത്തില്‍ പള്ളി ആക്രമിച്ചു. റമദാനില്‍ പ്രാര്‍ഥന നടത്തിയിരുന്നവരെ ഒരുകൂട്ടം മര്‍ദ്ദിച്ചു. മുളവടികളും ആയുധങ്ങളുമായിട്ടാണ് അക്രമികള്‍ എത്തിയത്. ഞായറാഴ്ച വൈകീട്ട് സോനിപത്തിലെ സന്‍ഡല്‍ കലന്‍ ഗ്രാമത്തിലാണ് സംഭവം. 20 പേരാണ് പള്ളി ആക്രമിക്കാന്‍ എത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതേ ഗ്രാമത്തിലുള്ളവര്‍ തന്നെയാണ് ആക്രമണം നടത്തിയതെന്നും അവര്‍ പറഞ്ഞു.

അക്രമികളുടെ ഫോട്ടോ പുറത്തുവന്നിട്ടുണ്ട്. അവര്‍ ആയുധങ്ങളുമായി പള്ളിയിലേക്ക് കയറുന്നതും പള്ളിക്ക് പുറത്ത് തമ്പടിച്ച് നില്‍ക്കുന്നതുമായ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഈ ചിത്രങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. 18 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ എന്താണ് പള്ളി അക്രമിക്കാന്‍ കാരണം എന്ന് വ്യക്തമല്ല.
ആക്രമത്തില്‍ പരിക്കേറ്റവരെ സോനിപത്തിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്കുകള്‍ നിസാരമാണ്. വ്യവസായ മേഖലയാണ് സോനിപത്ത്. അതുകൊണ്ടു തന്നെ ഈ മേഖലയില്‍ സംഘര്‍ഷമുണ്ടാകുന്നത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. വന്‍ പോലീസ് സന്നാഹം ഇവിടെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷം വ്യാപിക്കാനുള്ള എല്ലാ സാധ്യതകളും തടഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications