മോദിയുടെ യാത്രയിലെ സുരക്ഷാ വീഴ്ച: പഞ്ചാബ് സർക്കാറിനോട് വിശദീകരണം തേടി ആഭ്യന്ത്ര മന്ത്രാലയം
ദില്ലി: പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെയുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് പഞ്ചാബ് സർക്കാറിനോട് വിശദമായ റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പ്രതിഷേധത്തെ തുടർന്ന് സന്ദർശനം പൂർത്തിയാക്കാതെ പ്രധാനമന്ത്രിക്ക് മടങ്ങേണ്ടി വന്നിരുന്നു. "പ്രധാനമന്ത്രിയുടെ സന്ദർശനത്തിലെ സുരക്ഷാ നടപടിക്രമങ്ങളിലെ ഇത്തരം വീഴ്ചകൾ ഓരിക്കലും അംഗീകരിക്കാനാവില്ല''-ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
ആ പാർട്ടി എങ്ങനെ ചിന്തിക്കുന്നു, പ്രവർത്തിക്കുന്നു എന്നതിന്റെ ട്രെയിലറാണ് പഞ്ചാബിൽ ഇന്നത്തെ കോൺഗ്രസ് സ്പോണ്‍സേഡ് സംഭവങ്ങൾ. ജനങ്ങളുടെ ആവർത്തിച്ചുള്ള തിരസ്‌കാരങ്ങൾ അവരെ ഭ്രാന്തിന്റെ പാതയിലേക്ക് നയിച്ചു. കോൺഗ്രസിന്റെ ഉന്നത തലത്തിലുള്ളവർ തങ്ങൾ ചെയ്തത തെറ്റിന് ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും അമിത് ഷാ മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി.

42,750 കോടി രൂപയോളം വരന്നു വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നതിനായി നരേന്ദ്ര മോദി ഇന്ന് ഫിറോസ്പൂർ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് ഹെലികോപ്റ്ററിൽ പോകാനിരുന്ന പ്രധാനമന്ത്രി രാവിലെ ബതിന്ഡയിൽ ഇറങ്ങിയതായി എംഎച്ച്എ പ്രസ്താവനയിൽ പറയുന്നു. മോശം കാലാവസ്ഥയും ദൃശ്യപരതയുടെ അഭാവവും കാരണം പ്രധാനമന്ത്രിക്ക് ഏകദേശം 20 മിനിറ്റ് കാത്തിരിക്കേണ്ടി വന്നു, തുടർന്ന് റോഡ് വഴി സ്മാരകം സന്ദർശിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
പഞ്ചാബ് പോലീസില്‍ നിന്നും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയ ശേഷം പ്രധാനമന്ത്രി റോഡ് മാർഗം യാത്ര തുടർന്നു. ഹുസൈനിവാലയിലെ സ്മാരകത്തിന് 30 കിലോമീറ്റർ അകലെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഒരു മേൽപ്പാലത്തിൽ എത്തിയപ്പോൾ ചില പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുകയായിരുന്നു. ഇതോടെ 15-20 മിനിറ്റോളം പ്രധാനമന്ത്രി മേൽപ്പാലത്തിൽ കുടുങ്ങി. ഇതേത്തുടർന്ന് ബതിന്ഡ വിമാനത്താവളത്തിലേക്ക് മടങ്ങിയ അദ്ദേഹം സന്ദർശനം റദ്ദാക്കി.
അതേസമയം, പ്രധാനമന്ത്രിയുടെ യാത്രയില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി ഛരണ്‍ജിത് സിങ് ചന്നി അഭിപ്രായപ്പെട്ടത്. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബുധനാഴ്ച സംസ്ഥാന സന്ദർശന വേളയിൽ സുരക്ഷാ വീഴ്ചകളോ ആക്രമിക്കാനുള്ള ശ്രമമോ ഉണ്ടായിട്ടില്ല'- പഞ്ചാബ് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷമായി കർഷകർ സമാധാനപരമായ സമരം നടത്തുകയാണെന്നും അവർ ആരേയും ആക്രമിക്കാന തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദിയെ നേരില്‍ ചെന്ന് സ്വീകരിക്കേണ്ടതായിരുന്നുവെന്നും എന്നാൽ തന്റെ വകുപ്പിലെ ചില ഉദ്യോഗസ്ഥർ കോവിഡ് -19 ന് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ സ്വീകരിക്കാന്‍ കഴിഞ്ഞില്ല. മുൻകരുതൽ നടപടിയുടെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പോവാതിരുന്നത്. തന്റെ അഭാവത്തില്‍ പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാനുള്ള ചുമതല ധനമന്ത്രി മൻപ്രീത് ബാദലിനും ഉപമുഖ്യമന്ത്രിക്കും നൽകിയിരുന്നുവെന്നും പഞ്ചാബ് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications