രാജ്യദ്രോഹ കേസ്: ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചു, അറസ്റ്റ് രേഖപ്പെടുത്തിയില്ല
കവരത്തി: രാജ്യദ്രോഹ കേസില്‍ ചലച്ചിത്ര സംവിധായിക ഐഷ സുല്‍ത്താനയെ കവരത്തി പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. മൂന്നര മണിക്കൂറോളമാണ് ഐഷ സുല്‍ത്താനയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഐഷയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയില്ല. അടുത്ത മൂന്ന് ദിവസം ലക്ഷദ്വീപ് വിട്ട് പുറത്ത് പോവാന്‍ പാടില്ലെന്നും ആവശ്യമെങ്കിലും വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നും കവരത്തി പൊലീസ് അറിയിച്ചിട്ടുണ്ട്. വൈകീട്ട് നാല് മണിയോടെയായിരുന്നു കവരത്തിയിലെ പൊലീസ് ഹെഡ്കോര്‍ട്ടേഴ്സില്‍ ഐഷ സുല്‍ത്താനയുടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.
അഭിഭാഷകനോടൊപ്പമായിരുന്നു ഐഷ സുല്‍ത്താന പൊലീസ് ആസ്ഥാനത്ത് എത്തിയത്. ചാനല്‍ ചര്‍ച്ചയില്‍ ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ ബയോ വെപ്പൺ ഉപയോഗിക്കുകയാണെന്ന് ഐഷ പറഞ്ഞെന്ന് ആരോപിച്ചായിരുന്നു രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്നായിരുന്നു ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘം പ്രധാനമായും ചോദിച്ചത്.

Recommended Video
അതേസമയം ഐഷ സുല്‍ത്താനയ്ക്ക് കേരള ഹൈക്കോടതി നേരത്തെ ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയായിരുന്നു ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ഉണ്ടായാല്‍ ഇടക്കാല ജാമ്യം അനുവദിക്കണം. 50000 രൂപയുടെ ബോണ്ടില്‍ കീഴ്ക്കോടതിയാണ് ജാമ്യം അനുവദിക്കേണ്ടത്. ചോദ്യം ചെയ്യലിനായി പൊലീസിന് മുന്നില്‍ ഹാജരാകണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അറസ്റ്റ് നടപടികളിലേക്ക് ഇന്ന് പൊലീസ് കടന്നില്ല. ഒരാഴ്ചയാണ് ഇടക്കാല മുന്‍കൂര്‍ ജാമ്യാത്തിന്‍റെ കാലാവധി.












Click it and Unblock the Notifications