ബിജെപിക്ക് വോട്ട് തേടി; മണിക്കുറുകൾക്കുള്ളിൽ മുതിർന്ന ബിജെപി നേതാവ് കോൺഗ്രസിൽ, നേതൃത്വത്തിന് ഞെട്ടൽ
ഹരിയാനയിൽ നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കെ മുൻ ലോക്സഭ എം പി അശോക് തൻവാർ കോൺഗ്രസിൽ ചേർന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ റാലിയിൽ വെച്ചായിരുന്നു തൻവാറിന്റെ കോൺഗ്രസ് പ്രവേശം. ബി ജെ പിക്ക് വേണ്ടി വോട്ട് തേടി മണിക്കൂറുകൾക്കുള്ളിലായിരുന്നു നാടകീയമായി തൻവാർ പാർട്ടി വിട്ടത്.
മുൻ കോൺഗ്രസ് നേതാവായിരു്നന തൻവാർ 2014 മുതൽ 2019 വരെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നു. സിർസയിൽ നിന്നുള്ള കോൺഗ്രസ് എം പി കൂടിയായിരുന്ന തൻവാർ. 2021 ലാണ് തൻവാർ കോൺഗ്രസ് വിട്ടത്. മുൻ മുഖ്യമന്ത്രി ഭൂപേന്ദർ സിംഗ് ഹൂഡയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു തീരുമാനം. പിന്നാലെ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ ആം ആദ്മിയിലേക്ക് ചേക്കേറി. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു തൻവാർ ആം ആദ്മി പാർട്ടിയെ ഉപേക്ഷിച്ച് ബി ജെ പിയിലേക്ക് ചേക്കേറിയത്. കോൺഗ്രസുമായി ആം ആദ്മി സഖ്യത്തിലെത്തിയതായിരുന്നു തൻവാറിനെ ചൊടിപ്പിച്ചത്.

തിരഞ്ഞെടുപ്പിനോട് അടുത്ത് പല നേതാക്കളും പാർട്ടി വിട്ട് മറ്റ് പാർട്ടികളിലേക്ക് ചേക്കേറിയിരുന്നുവെങ്കിലും തൻവാറിന്റെ ഈ നീക്കം അപ്രതീക്ഷിതമായിരുന്നു. കോൺഗ്രസിൽ ചേരുന്നതിന് മണിക്കൂർ മുൻപ് വരെ ബിജെപിക്ക് വേണ്ടി തൻവാർ വോട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് പാർട്ടി വിട്ടത്. ദളിത് നേതാവായ തൻവാറിന്റെ വരവ് ആഘോഷമാക്കുകയാണ് കോൺഗ്രസ്. പഴയ വൈര്യമൊക്കെ മറന്ന് തൻവാറിനെ ഭൂപീന്ദർ ഹൂഡ ഇരുകൈകളും നീട്ടി സ്വീകരിച്ചു. കോൺഗ്രസിനെ തങ്ങളുടെ ദളിത് നേതാക്കളെ നഷ്ടപ്പെട്ടുവെന്ന് പരിതപിക്കുന്ന ബി ജെ പി നേതാക്കൾക്ക് ഇപ്പോൾ തങ്ങളുടെ ദളിത് നേതാക്കൾ പാർട്ടി വിടുന്നത് നോക്കി നിൽക്കേണ്ട അവസ്ഥയാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പരിഹസിച്ചു.
സംസ്ഥാനത്ത് കോൺഗ്രസിന് അനുകൂലമാണ് കാര്യങ്ങൾ എന്നതിന്റെ തെളിവ് കൂടിയാണ് അവസാന നിമിഷവും പാർട്ടിയിലേക്ക് നേതാക്കൾ ഒഴുകാൻ കാരണമെന്നും കോൺഗ്രസ് പ്രതികരിച്ചു. അതേസമയം തൻവാറിന്റെ വരവ് കോൺഗ്രസിന് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒക്ടോബർ 5 നാണ് ഹരിയാനയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. 8 നാണ് വോട്ടെണ്ണൽ. 10 വർഷങ്ങൾക്കിപ്പുറം സംസ്ഥാനത്ത് ഭരണം പിടിക്കാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.












Click it and Unblock the Notifications