ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട ആൾദൈവം ആശാറാം ബാപ്പുവിന് ഇടക്കാല ജാമ്യം; പക്ഷേ ജയിലിൽ തന്നെ തുടരും
ന്യൂഡൽഹി: ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പുവിന് ഇടക്കാല ജാമ്യം. 17 ദിവസത്തെ പരോൾ കഴിഞ്ഞ് രാജസ്ഥാനിലെ ജോധ്പൂരിലെ ജയിലിൽ തിരിച്ചെത്തിയതി ഒരാഴ്‌ചയ്ക്ക് ശേഷമാണ് സുപ്രീം കോടതി ഇന്ന് ഇയാൾക്ക് ആരോഗ്യ കാരണങ്ങളാൽ ഇടക്കാല ജാമ്യം അനുവദിച്ചത്. 2013ലെ ഒരു ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് ആശാറാം ബാപ്പു.
എന്നാൽ ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും ആശാറാമിന്റെ മോചനം വൈകും. മറ്റൊരു കേസിൽ കൂടി ഇടക്കാല ജാമ്യം ലഭിച്ചാൽ മാത്രമേ ഇയാൾക്ക് ജയിൽ മോചിതനാകാൻ കഴിയുകയുള്ളൂ. മാർച്ച് 31 വരെയാണ് നിലവിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. 2013ൽ ജോധ്പൂരിലെ തന്റെ ആശ്രമത്തിൽ വെച്ച് ഒരു സ്‌കൂൾ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്‌ത കുറ്റത്തിനാണ് 83 കാരനായ ആശാറാം ബാപ്പു ശിക്ഷിപ്പെട്ടത്.

അസുമൽ സിരുമലാനി ഹർപലാനി എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. 2013ൽ ഗുജറാത്തിലെ ഗാന്ധിനഗറിനടുത്തുള്ള തന്റെ ആശ്രമത്തിൽ വച്ച് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസിലും പിന്നീട് ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു. സുപ്രീം കോടതി ജസ്‌റ്റിസുമാരായ എംഎം സുന്ദ്രേഷും രാജേഷ് ബിന്ദാലും മാർച്ച് 31 വരെ ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും പുറത്തിറങ്ങിയ ശേഷം അനുയായികളെ കാണാൻ അനുവദിക്കരുതെന്നും ഉത്തരവിട്ടിരുന്നു.
ആശാറാമിനെ ആശുപത്രിയിൽ എത്തിക്കണമെന്നും എന്നാൽ ചികിത്സയ്ക്കായി എവിടെ പോകണമെന്ന് ശാഠ്യം പിടിക്കരുതെന്നും കോടതി പോലീസ് ഉദ്യോഗസ്ഥരോട് ചൂണ്ടിക്കാട്ടി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആശാറാമിന്റെ അഭിഭാഷകർ കോടതിയിൽ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടത്. ഇത് കണക്കിലെടുത്തായിരുന്നു തീരുമാനം.
പരോൾ (15 ദിവസത്തെ പരോളും 2 ദിവസത്തെ യാത്രയ്ക്കും) അവസാനിച്ചതിന് ശേഷം ജനുവരി ഒന്നിനാണ് ആശാറാം ജയിലിലേക്ക് മടങ്ങിയത്. കഴിഞ്ഞ വർഷം രോഗബാധയെ തുടർന്ന് ഇയാൾ പൂനെയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശാറാമിനെ ജോധ്പൂരിലെ എയിംസിൽ പ്രവേശിപ്പിച്ചിരുന്നു.
ആശാറാം ബാപ്പുവിനെതിരായ കേസ്
2013ൽ തന്റെ ആശ്രമത്തിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2018-ൽ ജോധ്പൂരിലെ കോടതി ആശാറാമിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതേ കേസിൽ അദ്ദേഹത്തിന്റെ രണ്ട് അനുയായികൾക്കും കോടതി 20 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
2023 ജനുവരിയിൽ, പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് ഗാന്ധിനഗറിനടുത്തുള്ള തന്റെ ആശ്രമങ്ങളിലൊന്നിൽ വെച്ച് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസിലും ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു. 2013ലെ ബലാത്സംഗക്കേസിലെ ജീവപര്യന്തം തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആശാറാം സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി കഴിഞ്ഞ വർഷം ഗുജറാത്ത് സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. അതിനിടെയാണ് ഇയാൾക്ക് പരോൾ അനുവദിച്ചത്.












Click it and Unblock the Notifications