'ചെങ്കോൽ അധികാരത്തിന്റെ പരമ്പരാഗത പ്രതീകം'; ഇരുവാദങ്ങളിലും കഴമ്പുണ്ടെന്ന് ശശി തരൂർ
പാർലമെന്റിൽ ചെങ്കോൽ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ശശി തരൂർ എംപി. ചെങ്കോൽ പാരമ്പര്യത്തിന്റെ പ്രതീകം ആണെന്നും ചേർത്തുനിർത്തപ്പെടേണ്ടതാണെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു. ചെങ്കോൽ സംബന്ധിച്ച് നടക്കുന്ന വിവാദത്തിൽ ഇരു ഭാഗങ്ങളും പറയുന്ന വാദങ്ങളിൽ കാര്യമുണ്ടെന്നും തരൂർ പറഞ്ഞു.
പവിത്രമായ പരമാധികാരവും ധർമ ഭരണവും ഉൾക്കൊണ്ട് കൊണ്ടുള്ള പാരമ്പര്യത്തിന്റെ തുടർച്ചയാണ് ചെങ്കോൽ പ്രതിഫലിപ്പിക്കുന്നതെന്ന് സർക്കാർ കൃത്യമായി വാദിക്കുന്നുവെന്നും അതേസമയം, ഭരണഘടന സ്വീകരക്കപ്പെട്ടത് ജനങ്ങളുടെ പേരിലാണെന്നും അവരുടെ പാർലമെന്റിൽ പ്രതിനിധീകരിക്കുന്നത് പോലെ പരമാധികാരം ഇന്ത്യയിലെ ജനങ്ങളിൽ നിലനിൽക്കുന്നുവെന്നും അത് ദൈവിക അവകാശത്താൽ കൈമാറ്റം ചെയ്യപ്പെടുന്ന രാജകീയ പദവി അല്ലെന്നുള്ള പ്രതിപക്ഷത്തിന്റെ വാദവും തെറ്റല്ലെന്നും അദ്ദേഹം പറയുന്നു.

ഈ ചെങ്കോൽ മൗണ്ട് ബാറ്റൺ പ്രഭു നെഹ്രുവിന് അധികാര കൈമാറ്റത്തിന്റെ ഭാഗമായി കൈമാറ്റം ചെയ്യുകയായിരുന്നു എന്നത് തെളിവുകളില്ലാത്ത ഒരു കഥയാണെന്നും ചെങ്കോൽ അധികാരത്തിന്റെ പരമ്പരാഗത പ്രതീകമാണെന്നും അത് ലോക്സഭയിൽ വെയ്ക്കുന്നതിലൂടെ പരമാധികാരം അവിടെ കുടികൊള്ളുന്നുവെന്നും ഒരു രാജാവിനൊപ്പമല്ലെന്നും ഇന്ത്യ ഉറപ്പിച്ച് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ വർത്തമാനകാല മൂല്യങ്ങൾ സ്ഥിരീകരിക്കാൻ നമുക്ക് ചിഹ്നം ഭൂതകാലത്തിൽ നിന്ന് സ്വീകരിക്കാം എന്നുപറഞ്ഞാണ് അദ്ദേഹം ട്വീറ്റ് അവസാനിപ്പിച്ചത്.
നേരത്തെ ചെങ്കോല്‍ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ അഭിനന്ദിച്ച് നടന്‍ രജനീകാന്ത് രംഗത്തെത്തിയിരുന്നു. തമിഴ് ശക്തിയുടെ പരമ്പരാഗത ചിഹ്നമാണ് ചെങ്കോലെന്നാണ് രജനീകാന്ത് പറഞ്ഞത്.തമിഴര്‍ക്ക് അഭിമാനിക്കാന്‍ ഇടനല്‍കിയ പ്രധാനമന്ത്രിക്ക് തന്റെ നന്ദി അറിയിക്കുന്നതായും രജനീകാന്ത് ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം പ്രധാനമന്ത്രി പുതിയ പാർലമെന്റ് ഇന്ന് ഉദ്ഘാടനം ചെയ്തു, പാർലമെന്റിൽ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം പ്രധാമന്ത്രി ചെങ്കോൽ സ്ഥാപിച്ചു. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ചരിത്ര പ്രാധാന്യമുള്ള ചെങ്കോൽ ഏറ്റുവാങ്ങിയത്. തമിഴ്നാട്ടിൽ നിന്നുള്ള പൂജാരിമാരുടെ സംഘമാണ് ചെങ്കോൽ കൈമാറിയത്. ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയ്‌ക്ക് അധികാരം കൈമാറുന്നതിന്റെ പ്രതീകം ആയിട്ടാണ് ജവഹർലാൽ നെഹ്റു ചെങ്കോൽ ഏറ്റുവാങ്ങിയത്.












Click it and Unblock the Notifications