രാജസ്ഥാനിൽ മന്ത്രിസഭ വികസനം ഉടൻ? നേതാക്കളുമായി ദിഗ്വിജയ് സിംഗിന്റെ കൂടിക്കാഴ്ച..സാധ്യതകൾ
ജയ്പൂർ; പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി അയവില്ലാതെ തുടരുന്നതിനിടെ ആഭ്യന്തര തർക്കം രൂക്ഷമായ രാജസ്ഥാനിൽ കോൺഗ്രസ് മന്ത്രിസഭ വികസനത്തിന് ഒരുങ്ങുകയാണെന്ന് സൂചന. പഞ്ചാബിലെ ഉൾപ്പാർട്ടി തർക്കങ്ങൾക്ക് അവസാനം കുറിക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ മാറ്റി യുവ ദളിത് നേതാവിനെ മുഖ്യമന്ത്രിയാക്കിയപ്പോൾ തന്നെ ഭിന്നത രൂക്ഷമായ രാജസ്ഥാനിലും ഉടനടി ചടുല നീക്കങ്ങൾ ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിന് ആക്കം കൂട്ടി യുവ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് ദില്ലയിലെത്തി രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നില്ല. എന്നാൽ കൂടിക്കാഴ്ച സംബന്ധിച്ചുള്ള വിശദീകരണങ്ങൾ ഒന്നും നേതൃത്വോ സച്ചിനോ നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ രാജസ്ഥാൻ നേതാക്കളുമായുള്ള മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗിന്റെ ചർച്ചകളാണ് പുതിയ അഭ്യൂഹങ്ങൾക്ക് കാരണമായിരിക്കുന്നത്.

നേരത്തേ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഇടഞ്ഞ സച്ചിൻ പൈലറ്റ് കോൺഗ്രസ് ക്യാമ്പ് വിട്ടിരുന്നു. തന്റെ അനുയായികളായിട്ടുള്ള എംഎൽഎമാർക്കൊപ്പമായിരുന്നു സർക്കാരിനെ മുൾമുനയിലാക്കിയുള്ള സച്ചിന്റെ ഒളിച്ചുകളി. ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റതെ താൻ കോൺഗ്രസിലേക്ക് ഇല്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. എന്നാൽ പിന്നീട് ഹൈക്കമാന്റ് ഇടപെട്ട് സച്ചിനെ അനുനയിപ്പിച്ച് കോൺഗ്രസിൽ തിരിച്ചെത്തിച്ചു. നിരവധി വാഗ്ദാനങ്ങൾ നൽകിയായിരുന്നു ഹൈക്കമാന്റിന്റെ നീക്കം.

എന്നാൽ തിരിച്ചെത്തിയ സച്ചിന് യാതൊരു പദവികളും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിൽ കടുത്ത അതൃപ്തിയിലാണ് സച്ചിൻ. തന്റെ അനുയായികളായ എംഎൽഎമാരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കണമെന്ന ആവശ്യം സച്ചിൻ മുന്നോട്ട് വെച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഈ ആവശ്യം അംഗീകരിച്ചിട്ടേ ഇല്ല.

അതേസമയം പഞ്ചാബ് പ്രതിസന്ധിയിൽ ഹൈക്കമാന്റ് അമരീന്ദറിനെ തള്ളി നവജ്യോത് സിംഗ് സിദ്ധുവിനെ പരിഗണിച്ചതോടെ സച്ചിനും ഹൈക്കമാന്റിൽ സമ്മർദ്ദവുമായി രംഗത്തെത്തിയിരുന്നു. അതിനിടയാണ് ഇപ്പോൾ മുതിർന്ന നേതാവായ ദിഗ്വിജയ് സിംഗ് രാജസ്ഥാനിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. വെള്ളിയാഴ്ചയാണ് അദ്ദേഹം സസ്ഥാനത്തെത്തിയത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, സ്പീക്കർ സിപി ജോഷി, പിസിസി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോത്സറ, മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് എന്നിവരുമായി സിംഗ് കൂടിക്കാഴ്ച നടത്തി. പ്രത്യേകം പ്രത്യേകമായിരുന്നു കൂടിക്കാഴ്ച.

കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ലേങ്കിലും രാജസ്ഥാനിലെ മന്ത്രിസഭ വികസനം സംബന്ധിച്ചാണ് ചർച്ച നടന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതേസമയം പഞ്ചാബിലേതിന് സമാനമായി മുതിർന്ന നേതാവായ അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ ഉള്ള സാധ്യത ഇല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

നേരത്ത പഞ്ചാബിലെ സാഹചര്യം അല്ല രാജസ്ഥാനിൽ എന്ന് സംസ്ഥാനത്തെ കോൺഗ്രസ് നിരീക്ഷകൻ.. പറഞ്ഞിരുന്നു. പഞ്ചാബിൽ അമരീന്ദറിനെ മാറ്റാനാവശ്യപ്പെട്ട് 50 ഓളം എംഎൽഎമാരായിരുന്നു രംഗത്തെത്തിയിത്. എന്നാൽ രാജസ്ഥാനിൽ ഗെഹ്ലോട്ടിന് നൂറോളം എംഎൽഎമാരുടെ പിന്തുണ ഉണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

നിലവിൽ സച്ചിനെ സംസ്ഥാന പിസിസി അധ്യക്ഷനാക്കി വീണ്ടും നിയമിച്ച് കൊണ്ട് സമവായം കാണാനായിരിക്കും കോൺഗ്രസ് ഹൈക്കമാന്റിന്റെ നീക്കം. സച്ചിന്റെ അനുയായികളെ മന്ത്രിസഭയിലും ഉൾപ്പടുത്തിയേക്കും. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ സച്ചിനെ മുൻ നിർത്തി തിരഞ്ഞെടുപ്പിനെ നയിക്കാമെന്ന വാഗ്ദാനവും നൽകിയേക്കും. എന്നാൽ അശോക് ഗെഹ്ലോട്ട് ഈ നീക്കത്തെ അനുകൂലിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും. ഗെഹ്ലോട്ട് ഇടഞ്ഞാൽ സച്ചിനെ എഐസിസിയിൽ ഉൾപ്പെടുത്താനായിരിക്കും കോൺഗ്രസ് തയ്യാറായേക്കുക. എന്നാൽ ദേശീയ തലത്തിലേക്ക് ഇല്ലെന്ന് സച്ചിൻ നേരത്തേ നിലപാട് വ്യക്തമാക്കിയിരുന്നു.
ഹൻസുവിന് 16... സ്വീറ്റ് ബ്യൂട്ടിഫുൾ സിൻഡ്രേല പോലെ ഹൻസിക..താരപുത്രിയുടെ പിറന്നാൾ ആഘോഷം വൈറൽ












Click it and Unblock the Notifications