17ല്‍ നിന്ന് രണ്ടിലേക്ക്; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്, ഒരു എംഎല്‍എ കൂടി തൃണമൂലില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: ഗോവയില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവച്ചു. അലക്‌സോ റജിനാള്‍ഡോ ലോറന്‍സോ ആണ് രാജിവച്ചത്. തൊട്ടുപിന്നാലെ അദ്ദേഹം കൊല്‍ക്കത്തയിലെത്തി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തിങ്കളാഴ്ച എംഎല്‍എ പദവി രാജിവച്ച പിന്നാലെ അദ്ദേഹം കൊല്‍ക്കത്തയിലേക്ക് പുറപ്പെടുകയായിരുന്നു. ലോറന്‍സോ രാജിവയ്ക്കുമെന്ന സൂചന നേരത്തെയുണ്ടായിരുന്നു. തുടര്‍ന്ന് അദ്ദേഹവുമായി കോണ്‍ഗ്രസ് നേതൃത്വം സംസാരിച്ചു. താന്‍ പാര്‍ട്ടി വിടില്ല എന്നാണ് ലോറന്‍സോ നേതൃത്വത്തെ അറിയിച്ചത്.
എന്നാല്‍ തിങ്കളാഴ്ച പൊടുന്നനെയായിരുന്നു രാജി തീരുമാനം. ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍ നടക്കാനിരിക്കെയാണ് ലോറന്‍സോയുടെ രാജി. കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ ലോറന്‍സോയുടെ പേരുമുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം രാജിവച്ചതാണ് കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചത്. ഇതോടെ നിയമസഭയിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം രണ്ടായി കുറഞ്ഞു.

ഗോവയിലെ കര്‍ട്ടോറിന്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു ലോറന്‍സോ. അടുത്തിടെ അദ്ദേഹത്തെ ഗോവ കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചിരുന്നു. ലോറന്‍സോ രാജിവയ്ക്കുമെന്നും ബിജെപിയില്‍ ചേരുമെന്നുമായിരുന്നു ആദ്യ വാര്‍ത്തകള്‍. ഈ വേളയിലാണ് കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ വര്‍ക്കിങ് പ്രസിഡന്റാക്കി ഉയര്‍ത്തിയത്. തൊട്ടുപിന്നാലെ അടുത്ത തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നിട്ടും രാജിവച്ചത് കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോവയിലെ ഏറ്റവും വലിയ കക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടത് കോണ്‍ഗ്രസ് ആയിരുന്നു. 40ല്‍ 17 സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചത്. പിന്നീട് പലപ്പോഴായി എംഎല്‍എമാര്‍ രാജിവയ്ക്കുകയും ഇതര പാര്‍ട്ടികളില്‍ ചേരുകയും ചെയ്തു. കൂടുതല്‍ പേര്‍ ബിജെപിയിലാണ് ചേര്‍ന്നത്. ചിലര്‍ തൃണമൂലിലും. ഇതോടെ വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമോ എന്ന കാര്യം സംശയത്തിലാണ്.
നടി നഫീസ അലി അടുത്തിടെ കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേര്‍ന്നിരുന്നു. കൂടാതെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഫലീറോയും തൃണമൂലില്‍ ചേര്‍ന്നു. എന്‍സിപി എംഎല്‍എയും ഇപ്പോള്‍ തൃണമൂലിലാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ആദ്യമായി ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങുകയാണ്. പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ അവര്‍ തുടരുന്നുണ്ട്. എംജിപി തൃണമൂലുമായി സഖ്യം ചേരുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ജിഎഫ്പിയിലെ ചില നേതാക്കളും മമതയ്‌ക്കൊപ്പം നില്‍ക്കുമെന്ന് അറിയിച്ചു.
കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ മമതയ്‌ക്കൊപ്പം പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയില്‍ ചേരുന്നതിനാണോ കോണ്‍ഗ്രസ് എംഎല്‍എമാരെ നിങ്ങള്‍ ജയിപ്പിക്കുന്നത് എന്നാണ് തൃണമൂലിന്റെ ചോദ്യം. ഞങ്ങള്‍ ഒരിക്കലും ബിജെപിയില്‍ ചേരില്ല എന്ന് ഗോവയിലെത്തിയ വേളയില്‍ മമത ബാനര്‍ജി പറയുകയും ചെയ്തിരുന്നു.












Click it and Unblock the Notifications