ശശികല കുടുങ്ങും; കേന്ദ്രവും പനീര്‍ശെല്‍വവും കുരുക്ക് മുറുക്കി, പഴയ കേസുകളെല്ലാം കുത്തിപ്പൊക്കുന്നു

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: സുപ്രിംകോടതിയിലുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിധി തിരിച്ചടിയാവുമെന്ന് കരുതിയിരിക്കുന്ന അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലക്കെതിരേ കുരുക്ക് മുറുകുന്നു. ഇവര്‍ക്കെതിരായ പഴയ കേസുകളെല്ലാം കുത്തിപ്പൊക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജന്‍സികള്‍. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള അന്വേഷണ ഏജന്‍സികളായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും സിബിഐയും ഈ ആവശ്യമുന്നയിച്ച് കോടതികളെ സമീപിച്ചു.

മദ്രാസ് ഹൈക്കോടതിയിലും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതികളിലുമായി എട്ട് കേസുകളാണ് ശശികലക്കും അവരുടെ ബന്ധുക്കള്‍ക്കുമെതിരേയുള്ളത്. ഈ കേസുകളെല്ലാം വേഗത്തില്‍ തീര്‍പ്പാക്കണമെന്നാണ് അന്വേഷണ ഏജന്‍സികളുടെ ആവശ്യം.

ആഡംബര ജീവിതം വഴിമുടക്കി

സാമ്പത്തിക കുറ്റകൃത്യ തടയല്‍ നിയമമായ ഫോറിന്‍ എക്‌സ്‌ചേഞ്ച് റെഗുലേഷന്‍ ആക്ട് (ഫെറ) ലംഘിച്ച് ആഡംബര കാറുകള്‍ വിദേ ശത്ത് നിന്ന് ഇറക്കുമതി ചെയ്തതടക്കം എട്ട് കേസുകള്‍ ശശികലക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ നിലവിലുണ്ട്. 1996നും 2002നുമിടയില്‍ രജിസ്റ്റര്‍ ചെയ്തവയാണിത്.

പ്രതികള്‍ ഇവരൊക്കെ

അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല, ഭര്‍ത്താവ് എം നടരാജന്‍, ശശികലയുടെ സഹോദരന്‍ വി ദിവാകരന്‍, ശശികലയുടെ സഹോദരീ പുത്രന്‍മാരായ ടിടിവി ദിനകരന്‍, വിഎന്‍ സുധാകരന്‍, ടിടിവി ഭാസ്‌കരന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അന്തിമ വിധി വന്നിട്ടില്ലാത്ത കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളായ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റും കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

ഒഴിവാക്കണമെന്ന ആവശ്യം കോടതി തള്ളി

1995ലും 96ലും ശശികലക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ മൂന്ന് കേസുകളില്‍ നിന്നു തന്നെ ഒഴിവാക്കണമെന്ന് ശശികല മദ്രാസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ഹര്‍ജി തള്ളുകയായിരുന്നു. ജെ ജയ് ടെലിവിഷന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് അമേരിക്കയിലെയും സിംഗപ്പൂരിലെയും കമ്പനികളുമായി നടത്തിയ ഇടപാടുകളാണ് കേസിനാധാരം. ശശികല ചാനലിന്റെ ചെയര്‍പേഴ്‌സണും ഡയറക്ടറുമായിരുന്ന കാലത്താണ് ഇടപാടുകള്‍ നടന്നത്.

നാലാമത്തെ കേസ് ഇങ്ങനെ

കൂടാതെ ശശികലക്കെതിരേ 2001ല്‍ എടുത്ത മറ്റൊരു കേസില്‍ ചെന്നൈ മജിസ്്‌ട്രേറ്റ് കോടതി 2015 മെയ് 18ന് വിധിപുറപ്പെടുവിച്ചിരുന്നു. ശശികലക്ക് അനുകൂലമായ ഈ വിധി മദ്രാസ് ഹൈക്കോടതി തല്‍ക്കാലം ഇപ്പോള്‍ മരവിപ്പിച്ചിട്ടുണ്ട്. മൂന്ന് കോടി രൂപയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട കേസാണിത്. നിലവില്‍ ഈ കേസിലും അവര്‍ വിചാരണ നേരിടണം.

നിയമവിരുദ്ധ ഇടപാടുകള്‍

ഭരണി ബീച്ച് റിസോര്‍ട്ടുമായി ബന്ധപ്പെട്ട മൂന്ന് കോടി രൂപ ശശികല അവരുടെ സുഹൃത്ത് സുശീലയുടെ അക്കൗണ്ടിലേക്ക് മാറ്റി. ഈ തുക മറ്റൊരു വഴിക്ക് ശശികലക്ക് തന്നെ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയതോടെയാണ് ശശികലക്ക് തിരിച്ചടിയായത്. ജെ ജയ് ടിവിയുടെ ചെന്നൈയിലെ ഓഫിസിലും ഇഡി റെയ്ഡ് നടത്തി നിയമവിരുദ്ധ ഇടപാടുകളുടെ രേഖകള്‍ പിടിച്ചെടുത്തിരുന്നു.

പനീര്‍ശെല്‍വം ഒരുഭാഗത്ത്

തമിഴ്‌നാടിന്റെ കാവല്‍ മുഖ്യമന്ത്രി പന്നീര്‍ശെല്‍വം ശശികലക്ക് സൃഷ്ടടിക്കുന്ന തലവേദന ചെറുതൊന്നുമല്ല. പുതിയ മുഖ്യമന്ത്രിയായി ശശികല സത്യപ്രതിജ്ഞ ചെയ്യാന്‍ വൈകുന്ന ഓരോ ദിവസവും അവരുടെ പക്ഷത്ത് നിന്നു ആളുകള്‍ മറുകണ്ടം ചാടുകയാണ്. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ മനപ്പൂര്‍വം സത്യപ്രതിജ്ഞ വൈകിപ്പിക്കുകയാണെന്നാണ് ശശികലയുടെ ആരോപണം. ഇതിനെതിരേ ഉപവാസമടക്കമുള്ള സമരപരിപാടികള്‍ അവര്‍ ആലോചിക്കുന്നതിനിടെയാണ് പഴയ കേസുകളുടെ വിചാരണ വരുന്നത്.

ഗവര്‍ണറുടെ പിന്നില്‍ കേന്ദ്രസര്‍ക്കാര്‍?

സത്യപ്രതിജ്ഞ വൈകിപ്പിച്ച് ഗവര്‍ണര്‍ പനീര്‍ശെല്‍വത്തെ സഹായിക്കുകയാണെന്നാണ് ശശികല പറയുന്നത്. വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നത് എന്തിനാണെന്ന് അവര്‍ ചോദിക്കുന്നു. സത്യപ്രതിജ്ഞ വൈകുന്ന സാഹചര്യത്തില്‍ നിരവധി എംപിമാരും എംഎല്‍എമാരും പനീര്‍ശെല്‍വത്തിനൊപ്പം ചേരുന്നതാണ് അവരെ പ്രകോപിപ്പിച്ചത്.

ഭര്‍ത്താവ് നടരാജനെതിരായ കേസ്

ഫെറ നിയമം ലംഘിച്ച് ആഡംബര കാര്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത കേസില്‍ നടരാജനെ 2010ല്‍ വിചാരണ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തയിരുന്നു. ബ്രിട്ടനില്‍ നിന്ന് നിയമം ലംഘിച്ച് ആഡംബര കാര്‍ ഇറക്കുമതി ചെയ്തതിനെ തുടര്‍ന്ന് 1994ല്‍ എടുത്ത കേസിലായിരുന്നു വിധി. രണ്ടു വര്‍ഷം തടവായിരുന്നു ശിക്ഷ. ഇതിനെതിരേ മദ്രാസ് ഹൈക്കോടതിയില്‍ നടരാജന്‍ നല്‍കിയ അപ്പീലില്‍ വിചാരണ കോടതിയുടെ വിധി തടഞ്ഞിരിക്കുകയാണ്.

ഒരു കോടി രൂപ വെട്ടിച്ചു

പുതിയ കാര്‍ വ്യാജരേഖയുണ്ടാക്കി ഉപയോഗിച്ചതില്‍ മൂന്ന് പേര്‍ക്കുകൂടി പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. പൊതുഖജനാവിന് ലഭിക്കേണ്ട ഒരു കോടി രൂപ ഇതുമൂലം നഷ്ടമായെന്ന് കോടതി കണ്ടെത്തി. മദ്രാസ് ഹൈക്കോടതി ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞിരിക്കുകയാണ്. കേസിന്റെ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് സിബിഐ കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചത്.

കേസ് 20ന് പരിഗണിക്കും

സിബിഐയുടെ ഹര്‍ജി ഈ മാസം 20ന് കോടതി പരിഗണിക്കും. ശശികലയും കുടുംബാംഗങ്ങളും പ്രതികളായ കേസുകളുടെ വാദം ഉടന്‍ തുടങ്ങണമെന്നാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റിന്റെ ആവശ്യം. എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എം ദണ്ഡപാണി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന ഒന്ന്, രണ്ട് കോടതികളില്‍ വിചാരണ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടു കേസുകളില്‍ വ്യാഴാഴ്ച വാദം

കോടതികളുടെ പരിഗണനയിലുള്ള എട്ട് കേസുകളില്‍ നാലെണ്ണത്തിലാണ് ശശികല പ്രതിയായിട്ടുള്ളത്. ബാക്കി കേസുകളിലെ പ്രതികള്‍ അവരുടെ ഭര്‍ത്താവും കുടുംബാംഗങ്ങളുമാണ്. സാമ്പത്തിക കുറ്റകൃത്യം സംബന്ധിച്ച രണ്ട് കേസുകളില്‍ അടുത്ത വ്യാഴാഴ്ച രണ്ടാം സാമ്പത്തിക കുറ്റകൃത്യ കോടതിയില്‍ വാദം തുടങ്ങും.

വിചാരണ തലവേദന ഇരട്ടിയാക്കും

ഫെറ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അടുത്തിടെ തള്ളിയിരുന്നു. ശേഷമാണ് ഈ കേസുകള്‍ വീണ്ടും പരിഗണിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വീണ്ടും ആവശ്യപ്പെട്ടത്. നിലവില്‍ രാഷ്ട്രീയ പ്രതിസന്ധിയില്‍ കഴിയുന്ന ശശികലക്ക് ഈ കേസുകളുടെ വിചാരണ തലവേദന ഇരട്ടിയാക്കും.

English summary
AIADMK general secretary VK Sasikala suffered a legal setback after the Madras high court on Wednesday refused to discharge her from three cases filed by the Enforcement Directorate (ED) in 1995 and 1996 on charges of violating the Foreign Exchange Regulation Act (FERA). The cases were related to payments made to foreign firms in US and Singapore dollars for hiring uplink facilities for J Jay TV, the predecessor to Jaya TV. The ED had probed charges against the now defunct JJ TV in the 1990s when Sasikala was its chairperson and director.
Please Wait while comments are loading...