'കുറേ പേര്‍ മിസ്സിംഗ് ഉണ്ട്, അഹമ്മദാബാദില്‍ നിന്ന് എലിസബത്ത്, 'സേഫ് ആയിട്ടിരിക്കൂ' എന്ന് ബാല
അഹമ്മദാബാദ്: വിമാനദുരന്തത്തിൽ പരിക്കേറ്റ ഹോസ്റ്റൽ വിദ്യാർത്ഥികളിൽ ചിലരുടെ നില ഗുരുതരമാണെന്ന് നടൻ ബാലയുടെ മുൻ പങ്കാളിയും മെഡിക്കൽ പിജി വിദ്യാർത്ഥിയുമായ ഡോ. എലിസബത്ത് ഉദയൻ. അഹമ്മദാബാദ് വിമാനാപകടത്തിൽ പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന സിവില്‍ ആശുപത്രിയില്‍ ട്രാന്‍സ്മിഷന്‍ മെഡിസിനില്‍ പിജി വിദ്യാര്‍ത്ഥിയാണ് എലിസബത്ത്. തനിക്ക് പരിചയമുളള ആളുകളും മരിച്ചവരിൽ ഉണ്ടെന്നും ചില വിദ്യാർത്ഥികൾ മിസ്സിംഗ് ആണെന്നും എലിസബത്ത് പറയുന്നു.
'' നമ്മള്‍ കണ്ട് കൊണ്ടിരുന്ന ആളുകള്‍ക്കും പരിചയമുളള ആളുകള്‍ക്കും അപകടം പറ്റിയെന്ന് അറിഞ്ഞത് വലിയ വേദനയാണ്. ഒന്നേമുക്കാലൊക്കെ കഴിഞ്ഞ സമയത്താണ് മാസ്സ് കാഷ്വാലിറ്റി ഉണ്ട് എന്നുളള അറിയിപ്പ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നത്. വിമാന അപകടം ആണെന്ന് അപ്പോള്‍ അറിഞ്ഞിരുന്നില്ല. അപകടം നടക്കുമ്പോള്‍ താന്‍ ആശുപത്രിയില്‍ ആയിരുന്നു. ക്യാമ്പസ്സിനുളളില്‍ പല ആശുപത്രി കെട്ടിടങ്ങളുണ്ട്. അപകടത്തിന്റെ ശബ്ദമൊന്നും കേട്ടിരുന്നില്ല. അപകടം നടന്ന സ്ഥലത്തേക്ക് താന്‍ പോയിട്ടില്ല. തങ്ങളുടെ ക്യാമ്പസ്സും മെസ്സും തമ്മില്‍ ഒരു കിലോമീറ്റര്‍ ദൂരമുണ്ട്.

അന്‍പതോളം വിദ്യാര്‍ത്ഥികള്‍ മരിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. കുറേ പേരെ കാണാതായിട്ടുണ്ട്. ബോഡികള്‍ കത്തിക്കരിഞ്ഞ നിലയിലാണ് ഉളളത്. ആരാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. വിദ്യാര്‍ത്ഥികളില്‍ ആരും മലയാളികള്‍ ഇല്ല. മരണപ്പെട്ടവരുടെ കൂട്ടത്തിലോ പരിക്കേറ്റവരുടെ കൂട്ടത്തിലോ മലയാളി വിദ്യാര്‍ത്ഥികളില്ല.
എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മെസ്സിലും സൂപ്പര്‍സ്‌പെഷ്യാലിറ്റി പിജി വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലും ആണ് അപകടം നടന്നത്. ലഞ്ച് ബ്രേക്ക് സമയത്ത് ആയിരുന്നു അപകടം. മിസ്സിംഗ് ആയ 25ഓളം കുട്ടികളുണ്ട്. ഇവരുടെ വീട്ടുകാരെ വിളിപ്പിച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധന നടത്തി വേണം ഇനി തിരിച്ചറിയാന്‍, ഫോറന്‍സിക് മെഡിസിന്‍ വകുപ്പിലെ വിദ്യാര്‍ത്ഥികള്‍ രാത്രി വരെ ഭക്ഷണം പോലും കഴിച്ചിട്ടില്ല. പരിക്കേറ്റവരെക്കാളും കൂടുതലാണ് മരിച്ചവര്‍. അപ്പപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടി വന്നു, എലിസബത്ത് പറയുന്നു.
തന്റെ ഒരു സുഹൃത്ത് അപകടം നടക്കുന്നതിന് ഒരു 5 മിനുറ്റ് മുന്‍പ് മെസ്സില്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. തലനാരിഴയ്ക്കാണ് അവന്‍ രക്ഷപ്പെട്ടത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളില്‍ ചിലരുടെ അവസ്ഥ ഗുരുതരമാണ്. പരിക്കേറ്റ പല വിദ്യാര്‍ത്ഥികളേയും രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. ചിലര്‍ പേടിച്ചിട്ട് ഹോസ്റ്റലില്‍ നിന്ന് എടുത്ത് ചാടിയവരുണ്ട്. അവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വലിയ പൊളളല്‍ ഇല്ലെങ്കില്‍ കൂടുതല്‍ പേരെയും രക്ഷിക്കാന്‍ സാധിക്കും. നിരവധി പേര്‍ രക്തം ദാനം ചെയ്യാനും സൗജന്യമായി ഭക്ഷണവും വെള്ളവും എത്തിക്കാനുമൊക്കെ മുന്നോട്ട് വന്നിരുന്നു. സമീപത്തുളള ആശുപത്രികളില്‍ നിന്ന് ഒരു മണിക്കൂറിനുളളില്‍ തന്നെ ആവശ്യമുളള ബ്ലഡ് ബാഗുകള്‍ എത്തിക്കാനും സാധിച്ചു'', എലിസബത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം എലിസബത്തിനെ ടിവിയിൽ കണ്ടുവെന്നും സുരക്ഷിതയായിരിക്കൂ എന്നും നടൻ ബാല സോഷ്യൽ മീഡിയയിൽ കുറിച്ചു.












Click it and Unblock the Notifications