നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നില്ലേ; തന്നെ പരിഗണിക്കുന്നില്ല, പിസിസികള്‍ക്കെതിരെ തരൂര്‍
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള പോര് മുറുകിയിരിക്കുകയാണ്. കടുത്ത ആരോപണങ്ങളുമായി പിസിസികള്‍ക്കെതിരെ ശശി തരൂര്‍ രംഗത്ത് വന്നിരിക്കുകയാണ്. തനിക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും രണ്ട് തരം പരിഗണനയാണ് ലഭിക്കുന്നതെന്ന് പരസ്യമായി ശശി തരൂര്‍ പറഞ്ഞു. ഖാര്‍ഗെയെ നേതാക്കളെല്ലാം ചേര്‍ന്ന് സ്വീകരിക്കുന്നു, തനിക്ക് ഇവരുടെ പിന്തുണയൊന്നും ലഭിക്കുന്നില്ല.

ഇത് ഒരു തരം വിവേചനമാണെന്നും തരൂര്‍ ആരോപിച്ചു. എന്നാല്‍ അങ്ങനെ ഒന്നുമില്ലെന്ന വാദമാണ് ഖാര്‍ഗെ മുന്നോട്ട് വെച്ചത്. ഇതോടെ ഇരുവരും തമ്മിലുള്ള അധ്യക്ഷ സ്ഥാനത്തേക്കുള്ള പോരിനും മൂര്‍ച്ചയേറിയിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

മല്ലികാര്‍ജുന്‍ ഗാര്‍ഗെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാണെന്നത് രഹസ്യമായ കാര്യമല്ല. നെഹ്‌റു കുടുംബം തിരഞ്ഞെടുത്തതാണ് ഗാര്‍ഗെയെ. എന്നാല്‍ എല്ലാ സംസ്ഥാന സമിതികള്‍ക്കും രണ്ട് നേതാക്കളെയും ഒരുപോലെ പരിഗണിക്കണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡില്‍ നിന്ന് ലഭിച്ചിരുന്നു. എന്നാല്‍ മാനദണ്ഡങ്ങള്‍ വെറും കടലാസില്‍ മാത്രമാണ് ഉള്ളത്. ശശി തരൂര്‍ ഇതിനോടകം തന്റെ നിരാശ പരസ്യമാക്കി കഴിഞ്ഞു. അദ്ദേഹത്തെ തഴയുന്ന സമീപനമാണ് നേതാക്കളെല്ലാം സ്വീകരിച്ചത്. പല നേതാക്കളും അദ്ദേഹത്തിന്റെ പ്രചാരണത്തിന് വേണ്ട സൗകര്യം പോലും ചെയ്ത് കൊടുത്തില്ല.

ഇന്ന് ദില്ലിയില്‍ കണ്ട കാഴ്ച്ചയാണ് തരൂരിനെ ഏറ്റവും ചൊടിപ്പിച്ചത്. 20 പാര്‍ട്ടി പ്രവര്‍ത്തകരാണ് ദില്ലിയിലെ കോണ്‍ഗ്രസ് ഓഫീസില്‍ ഉണ്ടായിരുന്നത്. ശശി തരൂരിനെ സ്വീകരിക്കാനായി യാതൊരു ഒരുക്കങ്ങളും ഇവിടെയില്ലായിരുന്നു. തരൂര്‍ ആകെ നിരാശനായിരുന്നു. അത് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പരസ്യമാക്കുകയും ചെയ്തു. 22 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നടത്തുന്നത്. പല സ്ഥലത്തേക്കും ഞാന്‍ പ്രചാരണത്തിനായി യാത്ര ചെയ്തു. എന്നാല്‍ പിസിസി അധ്യക്ഷന്‍മാര്‍ എന്നെ കാണാന്‍ കൂടി തയ്യാറാവുന്നില്ലെന്നും തരൂര്‍ തുറന്ന് പറഞ്ഞു.

ഖാര്‍ഗെയോട് കാണിക്കുന്ന അതേ സ്‌നേഹവും ആദരവും തന്നോട് കാണിക്കാന്‍ പിസിസി അധ്യക്ഷന്‍മാര്‍ തയ്യാറാവുന്നില്ലെന്നും തരൂര്‍ പറഞ്ഞു. ഞാന്‍ പരാതി പറയുകയല്ല, പക്ഷേ നിങ്ങള്‍ കാണുന്നില്ലേ, രണ്ട് തരം പരിഗണനയാണ് കാണാന്‍ കഴിയുന്നതെന്നും തരൂര്‍ ആരോപിച്ചു. കോണ്‍ഗ്രസിലെ വലിയൊരു ടീമാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. നാസര്‍ ഹുസൈന്‍, ദീപേന്ദര്‍ ഹൂഡ, ഗൗരവ് ഗൊഗോയ് പോലുള്ള വമ്പന്‍ നേതാക്കളാണ് അദ്ദേഹത്തിന് പിന്നിലുള്ളത്. 9000ത്തോളം വരുന്ന പിസിസി അംഗങ്ങളാണ് പുതിയ അധ്യക്ഷന്‍ ആരാണെന്ന് തീരുമാനിക്കുക.

ഇതില്‍ ബഹുഭൂരിപക്ഷം പേരുടെയും നീക്കങ്ങള്‍ കണ്ടാല്‍ തന്നെ അറിയാം ഗാര്‍ഗെയുടെ കൂടെയാണെന്ന്. സ്ഥാനാര്‍ത്ഥിയുടെ സന്ദര്‍ശന വേളയില്‍ തന്നെ ഇക്കാര്യം മനസ്സിലാവുന്നുണ്ട്. തരൂരിനെ താന്‍ എതിരാളിയായി കാണുന്നില്ല, സഹപ്രവര്‍ത്തകനായിട്ടാണ് കാണുന്നതെന്നാണ് ഗാര്‍ഗെയുടെ നിലപാട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കൃത്യമായ മുന്‍തൂക്കം ഗാര്‍ഗെയ്ക്കുണ്ട്. അത് പല കാരണങ്ങള്‍ കൊണ്ടാണ്. മാറ്റം തരൂരിനൊപ്പം എന്ന ടാഗ് ലൈന്‍ പല നേതാക്കളെയും ഭയപ്പെടുത്തിയിട്ടുണ്ട്. അധ്യക്ഷനായാല്‍ തരൂര്‍ കൊണ്ടുവരുന്ന പല കാര്യങ്ങളും അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഭയം.

അതേസമയം തരൂരിന്റെ പ്രതികരണം അധികം ഗൗരവത്തോടെ കാണേണ്ടെന്ന് ഗാര്‍ഗെ പറഞ്ഞു. ഞാനും തരൂരും സഹോദരന്മാരാണ്. ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. ചിലര്‍ക്ക് വ്യത്യസ്തമായി കാര്യങ്ങള്‍ പറയാനുണ്ടാവാം. ഞാനും പറയുന്നത് വേറൊരു രീതിയിലാവും. എന്നാല്‍ ഞങ്ങള്‍ തമ്മില്‍ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. തന്റെ സ്ഥാനാര്‍ത്ഥിത്വം നെഹ്‌റു കുടുംബവുമായി ബന്ധപ്പെടുന്നത് ശരിയല്ല. പ്രവര്‍ത്തകരുടെ നേതാവാണ് ഞാന്‍. അവരാണ് എന്നെ സ്ഥാനാര്‍ത്ഥിയാക്കിയത്. നെഹ്‌റു കുടുംബത്തെ ഇതിലേക്ക് വലിച്ചിടുന്നത് ബിജെപിയുടെ ഗൂഢാലോചനയാണ്. ആര്‍ക്കും മത്സരിക്കാമെന്ന് അവര്‍ തന്നെ വ്യക്തമാക്കിയതാണെന്നും തരൂര്‍ പറഞ്ഞു.












Click it and Unblock the Notifications