ഐഡിയ കൊള്ളാം...പക്ഷെ; മോദിയുമായി ടിവി സംവാദം നടത്തണമെന്ന ഇമ്രാന്‍ഖാന്റെ പരാമര്‍ശത്തില്‍ ശശി തരൂര്‍
ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിവിഷന്‍ സംവാദം നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. യുദ്ധത്തേക്കാള്‍ മികച്ചതാണ് സംവാദമെന്നും എന്നാല്‍ ഇന്ത്യന്‍ ടെലിവിഷന്‍ ചര്‍ച്ചകളില്‍ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
'യുദ്ധത്തേക്കാള്‍ മികച്ചതാണ് സംവാദങ്ങള്‍ എന്ന് സമ്മതിക്കുന്നു, എന്നാല്‍ ഇന്ത്യന്‍ ടെലിവിഷന്‍ ചര്‍ച്ചകളില്‍ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെടുന്നില്ല, അത് കൂടുതല്‍ വഷളാക്കുകയേയുള്ളൂ! ടി ആര്‍ പി വര്‍ദ്ധിപ്പിക്കുമെങ്കില്‍ ലോകയുദ്ധം ആളിക്കത്തിക്കുന്നതില്‍ ഞങ്ങളുടെ ചില അവതാരകര്‍ സന്തോഷിക്കും,' ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമായിരുന്നു ഇമ്രാന്‍ ഖാന്‍, നരേന്ദ്രമോദിയുമായി ടെലിവിഷന്‍ സംവാദം ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായിട്ടായിരുന്നു ഇത്. റഷ്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇമ്രാന്‍ ഖാന്റെ പരാമര്‍ശം. അഭിപ്രായവ്യത്യാസങ്ങള്‍ സംവാദത്തിലൂടെ പരിഹരിക്കാന്‍ കഴിയുമെങ്കില്‍ അത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ കോടിക്കണക്കിന് ആളുകള്‍ക്ക് പ്രയോജനകരമാകുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
75 വര്‍ഷം മുമ്പ് സ്വാതന്ത്ര്യം നേടിയതിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ടെന്നും അതിനുശേഷം മൂന്ന് യുദ്ധങ്ങള്‍ നടത്തിയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇന്ത്യ ഒരു ശത്രുരാജ്യമായിത്തീര്‍ന്നു. അതിനാല്‍ ഇന്ത്യയുമായുള്ള വ്യാപാരം വളരെ കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യങ്ങളുമായും വ്യാപാര ബന്ധമാണ് തന്റെ സര്‍ക്കാരിന്റെ നയമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ പാകിസ്ഥാന്‍ ഉന്നത വാണിജ്യ ഉദ്യോഗസ്ഥനായ റസാഖ് ദാവൂദും ഇന്ത്യയുമായി ചര്‍ച്ച നടത്തണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മോസ്‌കോ സന്ദര്‍ശനത്തിന്റെ തലേദിവസമായിരുന്നു ഇമ്രാന്‍ ഖാന്റെ അഭിമുഖം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച നടത്തും. രണ്ട് പതിറ്റാണ്ടിനിടെ ഒരു പാക് നേതാവിന്റെ റഷ്യയിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്.
അതേസമയം ഇമ്രാന്‍ ഖാന്റെ പ്രസ്താവനയില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭീകരതയും ചര്‍ച്ചകളും ഒരുമിച്ചു പോകാനാവില്ലെന്ന് ഇന്ത്യ അടുത്ത കാലത്തായി പാക്കിസ്ഥാനോട് പറഞ്ഞിരുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരത അവസാനിപ്പിക്കണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിന് പുറമെ 7 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട 2016ലെ പത്താന്‍കോട്ട് ഭീകരാക്രമണത്തിനും 2019ല്‍ 40 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിനും ഉത്തരവാദികളായ തീവ്രവാദികളെയും ഭീകരസംഘടനകളെയും അടിച്ചമര്‍ത്താന്‍ ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Dear @ImranKhanPTI, agree that "jaw-jaw is better than war-war", but no issues are ever resolved in Indian television debates, only exacerbated! https://t.co/G8hlQ5hGjR And some of our anchors would be happy to ignite tWorld War III if it would increase their TRPs....
— Shashi Tharoor (@ShashiTharoor) February 22, 2022












Click it and Unblock the Notifications