കശ്മീര്‍ ഫയല്‍സ് സിംഗപ്പൂരില്‍ നിരോധിച്ചു; വാര്‍ത്ത പങ്കിട്ട് ശശി തരൂര്‍, വിമര്‍ശിച്ച് സംവിധായകന്‍
ഡൽഹി; ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തെ ചൊല്ലി കോൺ ഗ്രസ് എംപി ശശി തരൂരും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും തമ്മിൽ ട്വിറ്ററിൽ വാക്ക് തർക്കം. ചിത്രം സിംഗപ്പൂരിൽ നിരോധിച്ചതായി തരൂർ ഇട്ട ട്വീറ്റിനെ തുടർന്നാണ് ചിത്രത്തിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയും നടൻ അനുപം ഖേറും തരൂരിനെതിരെ രം ഗത്ത് വന്നത്. തരൂരിന്റെ പരേതയായ ഭാര്യ സുനന്ദ പുഷ്‌കറിന്റെ കശ്മീരി വംശജരെയാണ് അദ്ദേഹം ആക്രമിക്കുന്നത് എന്ന് ഇവർ പറയുന്നു.
ഇതിന് മറുപടിയായി പരേതയായ ഭാര്യ സുനന്ദയെ വിഷയത്തിലേക്ക് വലിച്ചിഴച്ചത് "അനാവശ്യവും നിന്ദ്യവുമാണെന്ന്" തരൂർ പറഞ്ഞു. "ഇന്ത്യ ഭരിക്കുന്ന പാർട്ടി പ്രമോട്ട് ചെയ്ത ചിത്രം കശ്മീർ ഫയൽസ് സിംഗപ്പൂരിൽ നിരോധിച്ചു," ഇതാണ് തർക്കത്തിന് തുടക്കമിട്ട തരൂരിന്റെ ട്വീറ്റ്. ലോകത്തിലെ ഏറ്റവും പിന്തിരിപ്പൻ സെൻസറിങ്ങ് ആണ് സിം ഗപ്പൂരിലേത് എന്ന് അഗ്നിഹോത്രി ഇതിന് മറുപടി നൽകി. "ദി ലീല ഹോട്ടൽ ഫയൽസ് എന്ന റൊമാന്റിക് സിനിമ പോലും ഇവർ നിരോധിക്കും. ദയവായി കശ്മീരി ഹിന്ദു വംശഹത്യയെ കളിയാക്കുന്നത് നിർത്തൂ", സുനന്ദ പുഷ്‌കറിനെ 2014ൽ ഡൽഹിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെ പരാമർശിച്ച് അഗ്നിഹോത്രി ട്വീറ്റ് ചെയ്തു.

സുനന്ദ പുഷ്കർ ഹിന്ദുവല്ലെ? കശ്മീരി ഹിന്ദു വംശഹത്യയെ കളിയാക്കുന്നത് നിർത്തൂ. ദയവ് ചെയ്ത് താങ്ങളുടെ ട്വീറ്റ് ഡിലീറ്റ് ചെയ്ത് സുനന്ദയുടെ ആത്മാവിനോട് മാപ്പ് പറയണമെന്നും ഇദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു. തുടർന്ന് നടൻ അനുപം ഖേറും സംവാദത്തിൽ പങ്കെടുക്കുകയും തരൂരിന്റെ ട്വീറ്റിനെ പരിഹസിക്കുകയും ചെയ്തു. "പ്രിയപ്പെട്ട ശശിതരൂർ കശ്മീരിഹിന്ദു വംശഹത്യയോടുള്ള താങ്കളുടെ നിഷ്കളങ്കത ദയനീയമാണ്. കശ്മീരിയായിരുന്ന സുനന്ദയുടെ കാര്യത്തിലെങ്കിലും നിങ്ങൾ കശ്മീരി പണ്ഡിറ്റുകളോട് അൽപ്പം സംവേദനക്ഷമത കാണിക്കണം ഈ ചിത്രം നിരോധിച്ചതിൽ ആനന്ദിക്കരുത്" അനുപം ഖേർ ട്വീറ്റ് ചെയ്തു.
അതേ സമയം താൻ ഇന്ന് രാവിലെ ഒരു വസ്തുത വാർത്ത ട്വീറ്റ് ചെയ്തു എന്നും അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസം ഇല്ല എന്നും പറഞ്ഞ് മറ്റൊരു ട്വീറ്റ് കൂടി തരൂർ പുറത്ത് വിട്ടു. "ഒരു ഘട്ടത്തിലും ഞാൻ കശ്മീരി പണ്ഡിറ്റുകളുടെ കഷ്ടപ്പാടുകളെ പരിഹസിക്കുകയോ ഇകഴ്ത്തുകയോ ചെയ്തിട്ടില്ല, അവരുടെ ദുരവസ്ഥയെക്കുറിച്ച് എനിക്ക് അടുത്തറിയാം, വർഷങ്ങളായി ഇവർ എന്റെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്," തരൂർ പറഞ്ഞു. എന്റെ അന്തരിച്ച ഭാര്യ സുനന്ദയെ ഈ വിഷയത്തിലേക്ക് വലിച്ചിഴച്ചത് അനാവശ്യവും നിന്ദ്യവുമാണ്. അവൾ അനുരഞ്ജനത്തിലാണ് വിശ്വസിച്ചത്, വിദ്വേഷത്തിലല്ല എന്നും തരൂർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications