ഷീന ബോറ ജീവിച്ചിരിപ്പില്ല; ഇന്ദ്രാണി മുഖര്‍ജിയുടെ വാദം തള്ളി സിബിഐ
ന്യൂദല്‍ഹി: ഷീന ബോറ മരിച്ചെന്നും അതിനെ സാധൂകരിക്കാന്‍ മതിയായ തെളിവുണ്ടെന്നും സി ബി ഐ. മുംബൈയിലെ പ്രത്യേക കോടതിയില്‍ ഷീന ബോറയുടെ അമ്മയും കൊലക്കേസ് പ്രതിയുമായ ഇന്ദ്രാണി മുഖര്‍ജി നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര അന്വേഷണ ഏജന്‍സി മറുപടി നല്‍കിയത്. ഷീന ബോറ ജീവിച്ചിരിപ്പുണ്ടെന്നാണ് ഇന്ദ്രാണി മുഖര്‍ജി അറിയിച്ചിരുന്നത്. കൊള്ളയടിക്ക് അറസ്റ്റിലായ മുംബൈ പോലീസ് ഇന്‍സ്‌പെക്ടര്‍ ആശാ കോര്‍കെയും മുംബൈയിലെ ബൈക്കുള ജയിലില്‍ കഴിയുന്ന സഹതടവുകാരിയും കഴിഞ്ഞ ജൂണില്‍ ദാല്‍ തടാകത്തിന് സമീപം ഷീന ബോറയെ കണ്ടതായി അവകാശപ്പെട്ടിരുന്നു എന്നാണ് 2021 നവംബര്‍ 27 ന് സി ബി ഐ ജോയിന്റ് ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ ഇന്ദ്രാണി മുഖര്‍ജി പറഞ്ഞിരുന്നത്.
എന്നാല്‍ ജോയിന്റ് ഡയറക്ടറില്‍ നിന്ന് മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്ദ്രാണി മുഖര്‍ജി തന്റെ അഭിഭാഷകന്‍ സന റയീസ് ഖാന്‍ മുഖേന കോടതിയെ സമീപിക്കുകയായിരുന്നു. അടുത്തിടെ ജയിലില്‍ വച്ച് പരിചയപ്പെട്ട സ്ത്രീയാണ് ഷീന ബോറയെ കശ്മീരില്‍ കണ്ടതായി തന്നോട് പറഞ്ഞതെന്നാണ് കത്ത് അവകാശപ്പെടുന്നത്. ഷീന ബോറയ്ക്കായി കശ്മീരില്‍ തിരച്ചില്‍ നടത്തണമെന്നാണ് സി ബി ഐ ഡയറക്ടര്‍ക്കുള്ള കത്തില്‍ ഇന്ദ്രാണി മുഖര്‍ജി ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്ദ്രാണി മുഖര്‍ജിയുടെ വാദങ്ങള്‍ അന്വേഷണ ഏജന്‍സി തള്ളിക്കളഞ്ഞു.

പ്രതിയുടെ ഹര്‍ജി അനുവദിക്കാനാകില്ലെന്നും തള്ളിക്കളയണമെന്നും സി ബി ഐ കോടതിയോട് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ച തെളിവുകള്‍ ഷീന ബോറ ജീവിച്ചിരിപ്പില്ലെന്നത് സ്ഥിരീകരിക്കാനുതകുന്നതാണെന്ന് സി ബി ഐ പറഞ്ഞു. മഹാരാഷ്ട്രയിലെ റായ്ഗഡ് പ്രദേശത്ത് കണ്ടെത്തിയ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നുള്ള ഡി എന്‍ എ സാമ്പിളുകള്‍ ഇന്ദ്രാണി മുഖര്‍ജിയയുടെയും ഷീന ബോറയുടെയും സാമ്പിളുകളുമായി പൊരുത്തപ്പെടുന്നതാണ്. ഷീന ബോറ 2012 ല്‍ മരിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ഇതെന്നും സി ബി ഐ അറിയിച്ചു.

അതേസമയം വിഷയത്തില്‍ തീരുമാനമെടുക്കാന്‍ പ്രത്യേക സി ബി ഐ കോടതി അടുത്ത മാസം ഇരു വിഭാഗത്തിന്റെയും വാദം കേള്‍ക്കും. വിവാഹപൂര്‍വ പ്രേമബന്ധത്തില്‍ ജനിച്ച ഇരുപത്തിനാലുകാരിയായ മകള്‍ ഷീന ബോറയെ 2012 ഏപ്രില്‍ മാസത്തില്‍ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയുടേയും ഡ്രൈവര്‍ ശ്യാംവര്‍ റായിയുടെയും സഹായത്തോടെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം പെട്രോളൊഴിച്ച് കത്തിച്ചു എന്നതാണ് ഇന്ദ്രാണിയ്‌ക്കെതിരായ കേസ്. ഷീനയുടെ മൃതദേഹം മുംബൈയില്‍ നിന്ന് അധികം ദൂരെയല്ലാത്ത റായ്ഗഡ് ജില്ലയിലെ വനാന്തര ഭാഗത്ത് കൊണ്ടുപോയാണ് കത്തിച്ചു കളഞ്ഞത്.

മകളെ കൊന്ന് തെളിവുകള്‍ വളരെ സമര്‍ത്ഥമായി നശിപ്പിച്ച ശേഷം ഷീന വിദേശത്ത് പോയതാണെന്ന് വരുത്തിയിരുന്നു ഇന്ദ്രാണി. പെറ്റിക്കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റുചെയ്ത ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായി പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ നടത്തിയ അപ്രതീക്ഷിത വെളിപ്പെടുത്തലാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്താക്കിയത്. ഇന്ദ്രാണി മുഖര്‍ജിയും സഞ്ജീവ് ഖന്നയും ചേര്‍ന്ന് ഷീനാ ബോറയെ ശ്വാസം മുട്ടിച്ചു കൊന്നെന്നും ശവം റായ്ഗഡിനടുത്തുള്ള ഏതോ കാട്ടിനുള്ളില്‍ കൊണ്ടിട്ടു കത്തിച്ചുകളയാന്‍ താന്‍ സഹായം ചെയ്തു എന്നായിരുന്നു ശ്യാമിന്റെ തുറന്നു പറച്ചില്‍.

ഷീന ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2015 ലാണ് ഇന്ദ്രാണി മുഖര്‍ജിയെയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയെയും മുന്‍ ഭര്‍ത്താവായ സഞ്ജീവ് ഖന്നയെയും പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ മുംബൈയിലെ ബൈക്കുള ജയിലിലാണ് ഇന്ദ്രാണി മുഖര്‍ജി ഉള്ളത്. ഇന്ദ്രാണിയുടെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു. ഇതിന് പിന്നാലെ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ഇന്ദ്രാണിയുടെ അഭിഭാഷകന്‍.












Click it and Unblock the Notifications