25 വര്‍ഷം... ഞങ്ങളുടെ 25 വര്‍ഷമാണ് പാഴായത്; ബിജെപിയ്‌ക്കെതിരെ ശിവസേന
മുംബൈ: ബി ജെ പിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. ബി ജെ പിയുമായി സഖ്യത്തിലിരുന്ന 25 വര്‍ഷം ശിവസേനയ്ക്ക് പാഴായെന്ന് പാര്‍ട്ടി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി ഉദ്ദവ് താക്കറെ പറഞ്ഞു. ശിവസേനയെ സ്വന്തം വീട്ടില്‍വച്ച് തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു ബി ജെ പിയെന്നും അദ്ദേഹം ആരോപിച്ചു. ശിവസേനയെ ഒറ്റുകൊടുക്കുകയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയുമാണ് ബി ജെ പി ചെയ്തത്. ബി.ജെ.പിയുടെ ഹിന്ദുത്വ അധികാരത്തിന് വേണ്ടിയുള്ള അവസരവാദം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ 96ാം ജന്‍മവാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിര്‍ച്വലി ആണ് അദ്ദേഹം ശിവസേനാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ദേശീയ തലത്തില്‍ ബി ജെ പി നയിക്കുകയും മഹാരാഷ്ട്രയില്‍ ശിവസേന നോക്കുകയും ചെയ്യട്ടെ എന്നായിരുന്നു ഇരു പാര്‍ട്ടികളും തമ്മിലുണ്ടാക്കിയ ധാരണയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അവര്‍ തങ്ങളെ വഞ്ചിച്ച് സ്വന്തം വീട്ടില്‍ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും അതുകൊണ്ടാണ് തിരിച്ചടിക്കേണ്ടി വന്നതെന്നും ഉദ്ദവ് താക്കെറെ പറഞ്ഞു.മഹാരാഷ്ട്രയ്ക്ക് പുറത്ത് ദേശീയ തലത്തില്‍ ശിവസേനയുടെ സ്വാധീനം വിപുലീകരിക്കാന്‍ ശ്രമിക്കും.

ശിവസേന, അകാലിദള്‍ തുടങ്ങിയ ഘടകകക്ഷികള്‍ ഇറങ്ങിപ്പോയതോടെ ബി ജെ പി നയിക്കുന്ന എന്‍ ഡി എ ശോഷിച്ചെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു. അധികാരത്തിലൂടെ ഹിന്ദുത്വ അജണ്ടയെ മുന്നോട്ടു നയിക്കുകയായിരുന്നു ശിവസേനയെന്നും അധികാരത്തിന് വേണ്ടി ശിവസേന ഒരിക്കലും ഹിന്ദുത്വത്തെ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുത്വയുടെ ശക്തിക്കു വേണ്ടിയാണ് ശിവസേന ബി ജെ പിക്കൊപ്പം ചേര്‍ന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ ദേശീയ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ ശിവസേന പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ബി ജെ പി തങ്ങളെ ചതിച്ചതുകൊണ്ടും തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടത്തിയത് കൊണ്ടുമാണ് 2019 ല്‍ സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസുമായും എന്‍ സി പിയുമായും ചേര്‍ന്ന് മഹാ വികാസ് അഘാഡി സഖ്യമുണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധികാരത്തിലെത്താന്‍ വേണ്ടി മാത്രമാണ് ബി ജെ പി പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതെന്ന് ഉദ്ധവ് താക്കറെ ആരോപിച്ചു. 'ഉപയോഗിക്കുക വലിച്ചെറിയുക എന്ന നയമാണ് ബി ജെ പിയുടെ തത്വം. തെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ കെട്ടിവെച്ച കാശ് നഷ്ടപ്പെട്ട നാളുകള്‍ ഓര്‍ക്കുന്നുണ്ടോ? ആ സമയം അവര്‍ക്ക് ഞങ്ങളെ ആവശ്യമായിരുന്നു, അതുകൊണ്ടാണ് അവര്‍ പ്രാദേശിക പാര്‍ട്ടികളുമായും ഞങ്ങളുമായും അകാലിദളുമായും തൃണമൂലുമായും സഖ്യത്തിലേര്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. അവര്‍ എല്ലാവരെയും ഒരുമിപ്പിച്ച് വാജ്പേയി സര്‍ക്കാര്‍ രൂപീകരിച്ചു. ഞങ്ങള്‍ അവരെ പൂര്‍ണ്ണഹൃദയത്തോടെ പിന്തുണച്ചു.

എന്നാല്‍ ഇപ്പോള്‍ ഈ നവ ഹിന്ദുത്വവാദികള്‍ ഹിന്ദുത്വത്തെ സ്വന്തം നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും താക്കറെ ആരോപിച്ചു. ഒറ്റയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഒറ്റയ്ക്ക് പോരാടാന്‍ തയ്യാറാണ്, പക്ഷേ സര്‍ക്കാരെന്ന നിലയില്‍ നിങ്ങളുടെ അധികാരം ഉപയോഗിക്കരുത് എന്നതാണ് എന്റെ നിബന്ധന. ഞങ്ങളും ഞങ്ങളുടെ സര്‍ക്കാരിന്റെ ശക്തി ഉപയോഗിക്കില്ല. നമുക്ക് രണ്ട് രാഷ്ട്രീയ പാര്‍ട്ടികളായി പോരാടാമെന്നും താക്കറെ പറഞ്ഞു.
Recommended Video

ബി ജെ പിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നായ ശിവസേന, മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി 2019 ലെ സംസ്ഥാന തെരഞ്ഞെടുപ്പിനുശേഷം എന്‍ സി പിയുമായും കോണ്‍ഗ്രസുമായും സഖ്യം ഉണ്ടാക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന വിഷയത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ബി ജെ പിയുമായുള്ള സഖ്യത്തില്‍ നിന്ന് ശിവസേന വേര്‍പിരിഞ്ഞത്. ശിവസേനയ്ക്ക് 54 ഉം കോണ്‍ഗ്രസിന് 44 ഉം, എന്‍ സി പിയ്ക്ക് 51 ഉം സീറ്റുകളായിരുന്നു തെരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നത്. 105 സീറ്റ് നേടി ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും മഹാ വികാസ് അഘാഡി വന്നതോടെ സര്‍ക്കാര്‍ രൂപീകരിക്കാനായില്ല.












Click it and Unblock the Notifications