തീ അണയാതെ മണിപ്പൂര്‍; മൂന്നു പേരെ ജീവനോടെ കത്തിച്ചു... ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ഇംഫാല്‍: ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. മൂന്ന് പേരെ ജീവനോടെ കത്തിച്ചു. ആംബുലന്‍സിലും മാരുതി ജിപ്‌സിയിലുമെത്തിയ മൂന്ന് പേരെയാണ് കത്തിച്ചത്. ഇതില്‍ എട്ട് വയസുകാരനും ഉള്‍പ്പെടുമെന്ന് ഇന്ത്യടുഡെ നോര്‍ത്ത് ഈസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ സഞ്ചരിച്ച വാഹനം അക്രമിക്കൂട്ടം വളഞ്ഞ് തീവയ്ക്കുകയായിരുന്നു.
ഫയേങില്‍ നിന്ന് ഇംഫാല്‍ വെസ്റ്റിലേക്ക് വരികയായിരുന്നു ആംബുലന്‍സും ജിപ്‌സിയും. രണ്ട് വാഹനങ്ങളിലുമായി മൂന്ന് പേരാണുണ്ടായിരുന്നത്. ഇറോയ്‌സെമ്പയില്‍ വച്ച് വാഹനം ജനക്കൂട്ടം തടഞ്ഞു. പിന്നീടാണ് ക്രൂരത അരങ്ങേറിയത്. ജൂണ്‍ നാലിന് വൈകീട്ട് 6.30നാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ കാക്ചിങ് ജില്ലയില്‍ രണ്ട് ഗ്രാമങ്ങള്‍ക്ക് അക്രമികള്‍ തീവച്ചു. കോണ്‍ഗ്രസ് എംഎല്‍എ രഞ്ജിതിന്റെ വീടും ഇതില്‍പ്പെടും.

ജൂണ്‍ മൂന്നിന് രഞ്ജിതിനെയും മൂന്ന് ബിജെപി എംഎല്‍എമാരെയും ജനക്കൂട്ടം തടഞ്ഞുവച്ചിരുന്നു. സുഗ്നു ബസാര്‍ മഹിളാ കോണ്‍ഗ്രസ് മന്ദിരത്തിലാണ് ഇവരെ തടഞ്ഞുവച്ചത്. സുഗ്നുവിലെ അസം റൈഫിള്‍സ് ക്യാമ്പ് മാറ്റണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ബിരേന്‍ സിങിനെ കാണുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് എംഎല്‍എമാര്‍ വന്നത്. അതിനിടെയായിരുന്നു ജനങ്ങളുടെ പ്രതിഷേധം.
അതേസമയം, സുരക്ഷാ സൈനികര്‍ക്കെതിരെയും മണിപ്പൂരില്‍ അക്രമമുണ്ടാകുന്നത് ആശങ്ക വര്‍ധിപ്പിച്ചു. ഒരു ബിഎസ്എഫ് ജവാന്‍ ഇന്ന് കൊല്ലപ്പെട്ടു. രണ്ട് അസം റൈഫിള്‍സ് ഭടന്മാര്‍ക്ക് പരിക്കേറ്റു. സെരോയുവിലാണ് ആക്രമണം നടന്നത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായിട്ടായിരുന്നു ആക്രമണം. പരിക്കേറ്റവരെ മന്ത്രിപുഖ്രിയിലേക്ക് മാറ്റി.
കലാപം അടിച്ചമര്‍ത്താനും സമാധാനം പുനസ്ഥാപിക്കാനുമായി ആയിരക്കണക്കിന് സൈനികരെയാണ് കേന്ദ്ര സര്‍ക്കാര്‍ വിന്യസിച്ചിട്ടുള്ളത്. എന്നാല്‍ ഇത് സംശയത്തോടെയാണ് ഒരു വിഭാഗം കാണുന്നത്. തുടര്‍ന്നാണ് അസം റൈഫിള്‍സിന്റെ ക്യാമ്പ് മാറ്റണമെന്ന ആവശ്യം ശക്തമായത്. സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയ സംഘത്തിനായി വ്യാപക തിരച്ചില്‍ നടക്കുകയാണ്.
അതേസമയം, മണിപ്പൂര്‍ കലാപം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഗുവാഹത്തി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അജയ് ലാംബ, മുന്‍ ഉദ്യോഗസ്ഥന്‍ ഹിമാന്‍ശു ശേഖര്‍ ദാസ്, ഐബി മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ അലോക് പ്രഭാകര്‍ എന്നിവരാണ് അന്വേഷണ സമിതിയിലുള്ളത്. ആറ് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
മെയ് ആദ്യത്തില്‍ തുടങ്ങിയ കലാപത്തില്‍ വ്യാപക അക്രമങ്ങളാണ് അരങ്ങേറിയത്. ആരാധനാലയങ്ങള്‍ കത്തിക്കുകയും നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. കലാപത്തിലേക്ക് നയിച്ച കാരണങ്ങള്‍, വ്യാപനം, ഉദ്യോഗസ്ഥരുടെ വീഴ്ച എന്നിവയാണ് കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍.












Click it and Unblock the Notifications