70% എംഎല്‍എമാരും പിന്തുണക്കുന്നത് സിദ്ധരാമയ്യയെ? സോണിയയും രാഹുലും ഇടപെടുന്നു
ബെംഗളൂരു: കര്‍ണാടകയില്‍ ആരെ മുഖ്യമന്ത്രിയാക്കണം എന്നത് തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അധികാരപ്പെടുത്തി സംസ്ഥാന കോണ്‍ഗ്രസ് ഐകകണ്ഠ്യേന പ്രമേയം പാസാക്കിയതിന് തൊട്ടുപിന്നാലെ സിദ്ധരാമയ്യയും ഡികെ ശിവകുമാറും തിങ്കളാഴ്ച ദല്‍ഹിയിലേക്ക്. ഇരുവരും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തും എന്നാണ് റിപ്പോര്‍ട്ട്.
മേയ് 18 ന് ആണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സത്യപ്രതിജ്ഞ നടക്കുക. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സമാന ചിന്താഗതിക്കാരായ എല്ലാ കക്ഷികളെയും ക്ഷണിച്ചേക്കും. അതേസമയം ദല്‍ഹിയിലെത്തുന്ന സിദ്ധരാമയ്യയും ഡി കെ ശിവകുമാറും സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കാണും എന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച വൈകുന്നേരം, ബെംഗളൂരുവിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേര്‍ന്നിരുന്നു.

ഇതില്‍ കര്‍ണാടകയിലെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്‌ക്കെ് നല്‍കുന്ന ഒറ്റവരി പ്രമേയം പാസാക്കിയിരുന്നു. നിയമസഭാ കക്ഷി യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും മൂന്ന് കേന്ദ്ര നിരീക്ഷകരും പങ്കെടുത്തിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 135 എം എല്‍ എമാരും യോഗത്തില്‍ പങ്കെടുത്തു.
സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍, കെ സി വേണുഗോപാല്‍, ജയറാം രമേശ് തുടങ്ങിയവരെ കൂടാതെ മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും പാര്‍ട്ടി നേതാക്കളായ ജിതേന്ദ്ര സിംഗ്, ദീപക് ബാബരിയ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയെ ആണ് 70 ശതമാനം എം എല്‍ എമാരും പിന്തുണച്ചത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഡികെ അനുയായികള്‍ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് മുദ്രാവാക്യം വിളികളുമായി എത്തിയിരുന്നു.
നേരത്തെ രണ്ടര വര്‍ഷത്തേക്ക് മുഖ്യമന്ത്രി സ്ഥാനം പങ്കിട്ടേക്കും എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇന്നലെ നടന്ന നിയമസഭാ കക്ഷിയോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായിട്ടില്ല എന്നാണ് ഒരു നിയുക്ത എം എല്‍ എ തങ്ങളോട് പറഞ്ഞത് എന്ന് ഹിന്ദിസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മേയ് 13 ന് ഫലം പുറത്ത് വന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 135 സീറ്റില്‍ ആണ് വിജയിച്ചത്. ബി ജെ പിക്ക് 66 സീറ്റും ജെ ഡി എസിന് 19 സീറ്റും ആണ് ലഭിച്ചത്.












Click it and Unblock the Notifications