സിക്കിമിൽ എസ്‌കെഎമ്മിന്റെ വൻ മുന്നേറ്റം; 31 സീറ്റുകളിൽ ലീഡ്, നിഷ്പ്രഭരായി എതിരാളികൾ
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ആദ്യസൂചനകൾ വന്നതിന് പിന്നാലെ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ചയ്ക്ക് (എസ്‌കെഎം) സംസ്ഥാനത്ത് അധികാര തുടർച്ച ഉണ്ടാവുമെന്ന നിലയിലുള്ള കണക്കുകൾ പുറത്ത്. നിലവിൽ 32 സീറ്റുകളിൽ 31 സീറ്റുകളിൽ എസ്‌കെഎം മുന്നിട്ടുനിൽക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
പ്രധാന എതിരാളികളായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്‌ഡിഎഫ്) വെറും ഒരു സീറ്റിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്‌കെഎമ്മുമായി സഖ്യമുണ്ടാക്കി മത്സരിച്ച ഭാരതീയ ജനതാ പാർട്ടി പക്ഷേ ഇക്കുറി സംസ്ഥാനത്ത് ഒരു സീറ്റിലും ലീഡ് ചെയ്യുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ്, അദ്ദേഹത്തിന്റെ ഭാര്യ കൃഷ്‌ണ കുമാരി റായ്, മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗ്, ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബൈച്ചുങ് ബൂട്ടിയ എന്നിവരാണ് ആകെയുള്ള 146 മത്സരാർത്ഥികളിലെ പ്രമുഖർ. അതിൽ മുഖ്യമന്ത്രി പ്രേം സിംഗ് ഒടുവിൽ ലഭ്യമായ വിവരം അനുസരിച്ച് മുന്നിലാണ്.
പ്രേം സിംഗ് തമാംഗ് റെനോക്ക് അസംബ്ലി മണ്ഡലത്തിൽ 1,423 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.ഇവിടെ എസ്‌ഡിഎഫ് സ്ഥാനാർത്ഥി സോം നാഥ് പൗഡ്യാലാണ് അദ്ദേഹത്തിന്റെ പ്രധാന എതിരാളി. കൂടാതെ മന്ത്രിമാർ ഉൾപ്പെടെ മറ്റ് സ്ഥാനാർത്ഥികളും ഇവിടെ ലീഡ് ചെയ്യുന്നുണ്ട്. ഇക്കുറി അപ്രതീക്ഷിതമായ മുന്നേറ്റമാണ് എസ്കെഎം സംസ്ഥാനത്ത് ഉണ്ടാക്കിയിരിക്കുന്നത്.
അതിനിടെ പൊക്ലക് കമ്രാൻ സീറ്റിൽ മുൻ സിക്കിം മുഖ്യമന്ത്രിയും എസ്‌ഡിഎഫ് അധ്യക്ഷനുമായ പവൻ ചാംലിംഗ് പിന്നിലാണ്. ഇവിടെ എസ്‌കെഎം സ്ഥാനാർത്ഥി ഭോജ് രാജ് റായ് ലീഡ് ചെയ്യുകയാണ്. ഇവിടെ കോൺഗ്രസ് ഉൾപ്പെടെ മറ്റ് പ്രധാന കക്ഷികൾ ഒക്കെയും കണക്കുകൾ നിന്ന് പുറത്താണ്.
2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിക്കിം ക്രാന്തികാരി മോർച്ച (എസ്‌കെഎം) 17 സീറ്റുകൾ നേടിയാണ് ഇവിടെ അധികാരത്തിൽ എത്തിയത്. ഈ തിരഞ്ഞെടുപ്പിൽ പ്രധാന കക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്‌ഡിഎഫ്) 15 സീറ്റുകൾ നേടിയിരുന്നു. എന്നാൽ എസ്കെഎം തന്നെ ഇവിടെ അധികാരത്തിൽ എത്തുകയായിരുന്നു.
സിക്കിമിലെ 32 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 19നാണ് നടന്നത്, അടുത്തിടെ അവസാനിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തോടൊപ്പം ആയിരുന്നു ഈ തിരഞ്ഞെടുപ്പ് നടന്നത്. അടുത്തിടെ പുറത്തുവന്ന എക്‌സിറ്റ് പോൾ സർവേ ഫലങ്ങളിൽ ഭൂരിഭാഗവും തന്നെ എസ്കെഎം അധികാരം നിലനിർത്തുമെന്ന നിലയിലാണ് പ്രവചിച്ചിരുന്നത്.












Click it and Unblock the Notifications