സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 56 ആയി, 100ലധികം പേർക്കായി തിരച്ചിൽ തുടരുന്നു
ഡല്‍ഹി: സിക്കിമിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ആകെ മരണസംഖ്യ 56 ആയി ഉയര്‍ന്നു. ഇതുവരെ 26 മൃതദേഹങ്ങള്‍ ആണ് സിക്കിമില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. 30 പേരുടെ മൃതദേഹം കണ്ടെത്തിയത് പശ്ചിമബംഗാളിലെ ടീസ്റ്റ നദിയില്‍ നിന്നുമാണ്. സൈനികര്‍ അടക്കം 142ഓളം പേര്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്. സിക്കിമിലെ പ്രളയബാധിത പ്രദേശത്തും ടീസ്റ്റ നദിയൊഴുകുന്ന ബംഗാളിന്റെ വടക്കന്‍ ഭാഗങ്ങളിലുമാണ് തിരച്ചില്‍ നടക്കുന്നത്.
സിക്കിമില്‍ നിന്നും കണ്ടെത്തിയ 26 മൃതദേഹങ്ങളില്‍ 4 എണ്ണം മന്‍ഗന്‍ ജില്ലയില്‍ നിന്നും 6 എണ്ണം ഗാങ്‌ടോക്കില്‍ നിന്നും 16 എണ്ണം പാക്യോംഗ് ജില്ലയില്‍ നിന്നുമാണ്. ഇതില്‍ 7 എണ്ണം സൈനികരുടേതാണ് എന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നു. സിലിഗുരി, ജല്‍പൈഗുരി, കൂച്ച് ബിഹാര്‍ എന്നിവിടങ്ങളിലെ ടീസ്റ്റ നദിക്കരയില്‍ നിന്നാണ് 30 പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചത് എന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അറിയിക്കുന്നു.

ബുധനാഴ്ച രാവിലെയുണ്ടായ മേഘവിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയം സിക്കില്‍ വന്‍ നാശനഷ്ടമാണ് വിതച്ചിരിക്കുന്നത്. 25,000ത്തോളം പേരാണ് ബാധിക്കപ്പെട്ടിരിക്കുന്നത്. 1200ലധികം വീടുകള്‍ തകര്‍ന്നു. 13 പാലങ്ങള്‍ ഒഴുകിപ്പോയി. നിരവധി റോഡുകളും മറ്റ് കെട്ടിടങ്ങളും അടക്കം തകര്‍ന്നു.
2413 പേരെ പലയിടങ്ങളില്‍ നിന്നായി രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 22 പുനരധിവാസ ക്യാമ്പുകളിലായി 6875 പേരാണുളളത്. പ്രളയത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നാണ് മുഖ്യമന്ത്രി പ്രേം സിംഗ് തമംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അടിയന്തര ധനസഹായം എന്ന നിലയ്ക്ക് 2000 രൂപ വീതവും നല്‍കും.


Click it and Unblock the Notifications