കനിക കപൂര്‍ ആശുപത്രി വിട്ടു... പൂര്‍ണമായും ഭേദമായി, ഇനി രണ്ടാഴ്ച്ചക്കാലം ഹോം ക്വാറന്റൈനില്‍!!
ദില്ലി: ഒടുവില്‍ വിവാദങ്ങളും ആശങ്കകളും അവസാനിപ്പിച്ച് ഗായിക കനിക കപൂര്‍ ആശുപത്രി വിട്ടു. തുടര്‍ച്ചയായ നാല് തവണ കൊറോണ പരിശോധന പോസിറ്റീവ് വന്നതോടെ ഇവരുടെ കുടുംബാംഗങ്ങളെല്ലാം വലിയ ആശങ്കയിലായിരുന്നു. എന്നാല്‍ കനികയുടെ ആറാമത്തെ കൊറോണ ടെസ്റ്റ് നെഗറ്റീവായിരുന്നു. ഇത് വലിയ മാറ്റമുണ്ടാക്കുകയായിരുന്നു. നേരത്തെ രോഗലക്ഷണങ്ങളില്‍ കുറവുണ്ടായിട്ടും ഇവരുടെ പരിശോധന ഫലത്തില്‍ മാറ്റമുണ്ടായിരുന്നില്ല. ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ സയന്‍സിലായിരുന്നു ഇവരെ പ്രവേശിപ്പിച്ചിരുന്നത്. കനികയുടെ രോഗം പൂര്‍ണമായും ഭേദമായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെയാണ് ഇവര്‍ ആശുപത്രി വിട്ടത്.

ഇവര്‍ ഇനി രണ്ടാഴ്ച്ചക്കാലം സ്വന്തം വീട്ടില്‍ ഹോം ക്വാറന്റൈനിലായിരിക്കും. കൊറോണ ഭേദമായെങ്കിലും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയോ, പനിയോ ചുമയോ വീണ്ടും വരാനോ സാധ്യതയുണ്ട്. ഇതിന് വേണ്ടിയാണ് രണ്ടാഴ്ച്ച ഹോം ക്വാറന്റൈന്‍ നിര്‍ദേശിച്ചത്. മാര്‍ച്ച് ഒമ്പതിന് ലണ്ടനില്‍ നിന്ന് മുംബൈയിലെത്തിയതിന് പിന്നാലെയാണ് ഇവര്‍ രോഗം സ്ഥിരീകരിച്ചത്. ഇതിനിടയില്‍ ഇവര്‍ നിരവധി പേരുമായി ബന്ധപ്പെടുകയും ചെയ്തു. നാല് പാര്‍ട്ടികളില്‍ ഇവര്‍ പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലഖ്‌നൗവില്‍ ഇവര്‍ പങ്കെടുത്ത പാര്‍ട്ടിയില്‍ മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുസുന്ധര രാജയും മകന്‍ ദുഷ്യന്തുമുണ്ടായിരുന്നു.
അതേസമയം വളരെ വിവാദമായ കാര്യങ്ങളാണ് കനികയ്ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ഉണ്ടായത്. ഇവര്‍ വിമാനത്താവളത്തില്‍ നിന്ന് പരിശോധനകളില്‍ നിന്ന് മുങ്ങിയാണ് ലഖ്‌നൗവില്‍ എത്തിയതെന്ന് ആരോപണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ അത് തള്ളിയിരുന്നു. ഇന്ത്യയിലെത്തി പത്ത് ദിവസം കഴിഞ്ഞാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ക്വാറന്റൈനില്‍ പോകാതെ രോഗം പകരുന്നതിന് സമാനമായ കാര്യങ്ങളാണ് ചെയ്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇവരുടെ നടപടിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തു. ഗുരുതരമായ വീഴ്ച്ചയാണ് കനികയില്‍ നിന്നുണ്ടായതെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞിരുന്നു.
കനിക ഇന്ത്യയിലെത്തുമ്പോള്‍ ക്വാറന്റൈന്‍ നിയമം നിലവിലുണ്ടായിരുന്നില്ലെന്നാണ് കനികയും കുടുംബവും പറഞ്ഞിരുന്നത്. മാര്‍ച്ച് 20നാണ് കനികയ്ക്ക് കൊറോണ പരിശോധന പോസിറ്റീവാണെന്ന് കണ്ടെത്തിയത്. മാര്‍ച്ച് 29നുള്ളില്‍ നാല് പരിശോധന നടത്തിയെങ്കിലും ഫലം ഒന്നായിരുന്നു. വിമാനത്താവളത്തില്‍ വെച്ച് താന്‍ പരിശോധനയ്ക്ക് വിധേയയായിരുന്നുവെന്നും, എന്നാല്‍ രോഗലക്ഷണങ്ങള്‍ കണ്ടിരുന്നില്ലെന്നും കൊറോണ പറഞ്ഞിരുന്നു. അതേസമയം കനികയുമായി ബന്ധപ്പെട്ടവര്‍ക്കൊന്നും രോഗം സ്ഥിരീകരിച്ചിട്ടില്ല. വസുന്ധര രാജയും മകനും പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. കനികയുടെ സുഹൃത്തുക്കള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications