പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു, അന്ത്യം ചെന്നൈയിലെ വസതിയില്‍

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മൂന്നു തവണ നേടി. അടുത്തിടെയാണ് രാജ്യം പത്മഭൂഷണ്‍ നല്‍കി വാണി ജയറാമിനെ ആദരിച്ചത്. പ്രിയപ്പെട്ട ഗായികയുടെ പെട്ടെന്നുള്ള വിയോഗ വാര്‍ത്ത രാജ്യമെമ്പാടും ഞെട്ടലുണ്ടാക്കി.
തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് ജനിച്ചത്. സംഗീതജ്ഞയായ അമ്മയില്‍ നിന്നാണ് വാണി ജയറാം സംഗീതം പഠിച്ചത്. എട്ടാം വയസ്സില്‍ ആകാശവാണി മദ്രാസ് സ്റ്റേഷനില്‍ പാടിത്തുടങ്ങി. കടലൂര്‍ ശ്രീനിവാസ അയ്യങ്കാര്‍, ടി.ആര്‍. ബാലസുബ്രഹ്മണ്യന്‍, ആര്‍.എസ്. മണി എന്നിവരാണ് കര്‍ണാടക സംഗീതത്തിലെ ഗുരുക്കന്മാര്‍. സ്വപ്നം എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്.
ക്ലാസിക്കല്‍ സംഗീതത്തില്‍ പരിശീലനം നേടിയ സംഗീതജ്ഞരുടെ കുടുംബത്തിലാണ് വാണി ജയറാം ജനിച്ചത്. 1971ലാണ് പിന്നണി ഗായിക രംഗേെത്തക്ക് ചുവടുവയ്ക്കുന്നത്. 19ലധികം ഭാഷകളില്‍ പാടിയ അവര്‍ ദേശീയ ചലച്ചിത്ര അവാര്‍ഡുകളും സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകളും നേടി.
അതേസമയം, വാണി ജയറാമിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രമുഖര്‍ രംഗത്തെത്തിഭാവാത്മകമായ ആലാപനത്തിലൂടെ സംഗീതാസ്വാദകരുടെ മനസ്സില്‍ മായാത്ത ഇടം നേടിയ പ്രതിഭയാണ് വാണി ജയറാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ശാസ്ത്രീയ - ചലച്ചിത്ര സംഗീത രംഗങ്ങളില്‍ ശബ്ദമാധുര്യം കൊണ്ട് അനശ്വരതയാര്‍ജ്ജിച്ച വാണി ജയറാം തമിഴ്, കന്നട, മലയാളം, ഹിന്ദി സിനിമകളിലായി പതിനായിരത്തോളം ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
മലയാളഭാഷ അതിന്റെ തനിമയോടെ ഉച്ചരിക്കുന്നതില്‍ വാണി ജയറാം കാട്ടിയ ശ്രദ്ധ പില്‍ക്കാല ഗായകര്‍ക്കൊക്കെയും മാതൃകയാണ്. ഗാനാലാപനത്തിനുള്ള ദേശീയ അവാര്‍ഡും വിവിധ സംസ്ഥാനങ്ങളുടെ അവാര്‍ഡുകളും നേടിയിട്ടുള്ള വാണി ജയറാമിനോട് മലയാള ചലച്ചിത്ര സംഗീതാസ്വാദകര്‍ക്ക് സവിശേഷമായ താല്പര്യം തന്നെ എന്നുമുണ്ടായിരുന്നു. അത് മരണാനന്തരവും തുടരുക തന്നെ ചെയ്യും. ദുഃഖകരമായ ആ വേര്‍പാടിനുശേഷവും വാണി ജയറാം മധുരതരമായ അവരുടെ ഗാനങ്ങളിലൂടെ ആസ്വാദക മനസ്സുകളില്‍ ജീവിക്കും. മുഹമ്മദ് റാഫി മുതല്‍ക്കിങ്ങോട്ട് ഏറ്റവും പുതിയ തലമുറയിലെ ഗായകരോടൊപ്പം വരെ പല പതിറ്റാണ്ടുകളിലായി അവര്‍ പാടി. വാണി ജയറാം മലയാളിയല്ല എന്ന് ചിന്തിക്കാനുള്ള പഴുതുപോലും കൊടുക്കാത്ത മലയാളിത്തമുള്ള സ്വരത്തിലാണ് ശ്രുതിശുദ്ധിയോടെ അവര്‍ പാടിയത്. വാണി ജയറാമിന്റെ വിയോഗം ഇന്ത്യന്‍ സംഗീതലോകത്തിന്റെ നഷ്ടമാണ്. വാണി ജയറാമിന്റെ സ്മരണയ്ക്കുമുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കുടുംബത്തെ എന്റെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
ഏഴു സ്വരങ്ങളില്‍ ഈ ലോകത്തെയാകെ ആവാഹിച്ച മാസ്മരിക ശബ്ദം വിട പറഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. എന്നും യുവത്വത്തിന്റെ ഊര്‍ജം കാത്ത് സൂക്ഷിച്ച ആലാപന ശൈലി.
19 ഭാഷകളില്‍ പെയ്തിറങ്ങിയ പതിനായിരത്തിലധികം ഗാനങ്ങള്‍. തലമുറകളെ കീഴടക്കി പൂര്‍ണതയില്‍ എത്തിയ കലാസപര്യ. വാണി ജയറാമിന്റെ മധുര സ്വരം സംഗീതാസ്വാദകര്‍ക്ക് മറക്കാനാകില്ല. വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി.. നാടന്‍ പാട്ടിലെ മൈന... ഏതോ ജന്മ കല്‍പനയില്‍... കിളിയേ കിളി കിളിയേ... ഓലഞ്ഞാലി കുരുവീ... ഉള്‍പ്പെടെ എത്രയെത്ര ഗാനങ്ങള്‍. ജന്‍മ വീഥികളില്‍ എന്നും നിങ്ങളുണ്ടാകും- വി ഡി സതീശന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.
ഗായിക പത്മഭൂഷൻ വാണി ജയറാമിൻ്റെ നിര്യാണം ഇന്ത്യൻ സംഗീത ലോകത്തിന് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്നു അവർ.19 ഭാഷകളിൽ അവരുടെ സംഗീതം രാജ്യം കേട്ടു. 1000 ത്തോളം ഗാനങ്ങളിലൂടെ ഇന്ത്യക്കാരുടെ ഹൃദയം കവരാൻ വാണി ജയറാമിന് സാധിച്ചു. മലയാളികൾക്കും അവർ ഏറെ പ്രിയങ്കരിയാണ്. വാണി ജയറാമിൻ്റെ വിയോഗത്തിൽ അവരുടെ കുടുംബത്തിൻ്റെയും ആരാധകരുടേയും ദുഖത്തിൽ പങ്കുചേരുന്നതായും കെ.സുരേന്ദ്രൻ അനുശോചിച്ചു.












Click it and Unblock the Notifications