സിറ്റിംഗ് സീറ്റ് സോനു സൂദിന്റെ സഹോദരിയ്ക്ക്; കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍
അമൃത്സര്‍: പഞ്ചാബില്‍ കോണ്‍ഗ്രസ് എം എല്‍ എ ബി ജെ പിയില്‍. മോഗയില്‍ നിന്നുള്ള എം എല്‍ എയായ ഹര്‍ജോത് കമലാണ് ശനിയാഴ്ച ബി ജെ പിയില്‍ ചേര്‍ന്നത്. ചണ്ഡീഗഢിലെ ബി ജെ പി ഓഫിസിലെത്തിയ ഹര്‍ജോത് കമാല്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ നടന്‍ സോനു സൂദിന്റെ സഹോദരി മാളവികയ്ക്കായി മോഗ സീറ്റ് കോണ്‍ഗ്രസ് നല്‍കിയിരുന്നു.
ഇതില്‍ ഹര്‍ജോത് കമാല്‍ അസ്വസ്ഥനായിരുന്നു. സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കാന്‍ കമാല്‍ തയ്യാറായിരുന്നില്ല. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 86 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് ശനിയാഴ്ച പുറത്തിറക്കിയത്. കോണ്‍ഗ്രസിന്റെ പഞ്ചാബ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു അമൃത്സര്‍ ഈസ്റ്റില്‍ നിന്നും മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ചാംകൗര്‍ സാഹിബിലുമാണ് മത്സരിക്കുന്നത്.

ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ ദേരാ ബാബ നാനാക്കില്‍ നിന്നും ഗതാഗത മന്ത്രി രാജ അമ്രീന്ദര്‍ വാറിംഗ് ഗിദ്ദര്‍ബാഹയില്‍ നിന്നും ജനവിധി തേടും. രാജ്യസഭാ എംപി പ്രതാപ് സിംഗ് ബജ്വയും ഗായകന്‍ സിദ്ധു മൂസ്വാലയും ഖാദിയാന്‍, മന്‍സ മണ്ഡലങ്ങളില്‍ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മാളവിക സൂദ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് ചന്നിയുടെ സാന്നിധ്യത്തിലായിരുന്നു മാളവികയുടെ കോണ്‍ഗ്രസ് പ്രവേശനം. ഇതിന് ശേഷം പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജോത് സിംഗ് സിദ്ദു മാളവികയെ വീട്ടിലെത്തി കണ്ടിരുന്നു. തന്റെ സഹോദരി രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെന്ന് കഴിഞ്ഞ നവംബറില്‍ തന്നെ സോനു സൂദ് വ്യക്തമാക്കിയിരുന്നു.
മാളവിക സൂദ് മോഗയില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും തന്നെ സോനു സൂദ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് സോനു സൂദിനെ പഞ്ചാബിന്റെ സംസ്ഥാന ഐക്കണ്‍ സ്ഥാനത്ത് നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിയത്. സോനു സൂദുമായി സംസാരിച്ച ശേഷമായിരുന്നു തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാന ഐക്കണ്‍ ആകുന്നതിന് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായോ അതിന്റെ പ്രവര്‍ത്തനങ്ങളുമായോ രാഷ്ട്രീയക്കാരുമായോ യാതൊരു ബന്ധമോ ഇല്ലാത്തവരായിരിക്കണം എന്നതാണ് ചട്ടം.
ഫ്രെബുവരി 14 നാണ് പഞ്ചാബില്‍ തെരഞ്ഞെടുക്കുന്നത്. മാര്‍ച്ച് 10 ന് ഫലമറിയാം. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് കേവല ഭൂരിപക്ഷം നേടിയത്. എന്നാല്‍ ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം അമരീന്ദര്‍ സിംഗ് രാജിവെക്കുകയായിരുന്നു. ഇപ്പോള്‍ പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ച അദ്ദേഹം ബിജെപിയുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ്.












Click it and Unblock the Notifications