പത്താന്‍കോട്ടില്‍ ആറ് ഭീകരരെ കൊന്നു... ഇനിയും രണ്ട് പേര്‍? ഇന്ത്യയ്ക്ക് അപമാനം?
ദില്ലി: പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ അതിക്രമിച്ച് കയറി ഭീകരാക്രമണം നടത്തിയ ആറ് പേരെ സുരക്ഷാ സേനകള്‍ വധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒരു തീവ്രവാദിയുടെ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല.
ഇതിനിടെ വ്യോമ സേനാ കേന്ദ്രത്തില്‍ രണ്ട് തീവ്രവാദികളെ കൂടി കണ്ടതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അതുകൊണ്ട് മൂന്ന് ദിവസം മുമ്പ് തുടങ്ങിയ 'ഓപ്പറേഷന്‍' ഇനിയും അവസാനിപ്പിച്ചിട്ടില്ല. ആറാമത്തെ തീവ്രവാദിയുടെ മരണവും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മൂന്ന് ദിവസം പൂര്‍ത്തിയായിട്ടും വ്യോമസേനാ കേന്ദ്രം പൂര്‍ണമായും ഭീഷണിമുക്തമായെന്ന് പ്രഖ്യാപിയ്ക്കാന്‍ കഴിയാത്തതാണ് ഇപ്പോള്‍ ഏറെ വിമര്‍ശന വിധേയമായിക്കൊണ്ടിരിയ്ക്കുന്നത്. ഭീകരാക്രമണത്തിന് കാരണം സുരക്ഷാ വീഴ്ചയാണെന്നും ആരോപണം ഉണ്ട്.

എത്ര തീവ്രവാദികള്‍
പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ എത്ര തീവ്രവാദികള്‍ അതിക്രമിച്ച് കയറിയിട്ടുണ്ടെന്ന് സ്ഥിരീകരിയ്ക്കാന്‍ കഴിയാത്തതാണ് ഇപ്പോഴും സുരക്ഷാ സേനയെ ആശങ്കപ്പെടുത്തുന്നത്.

ആറ് പേരെ വധിച്ചു
ആറ് പേരെ സുരക്ഷാ സേനകള്‍ ചേര്‍ന്നുള്ള സംയുക്ത ആക്രമണത്തില്‍ വധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറാമന്റെ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല.

ഇനിയും രണ്ട് പേര്‍
വ്യോമ സേനാ കേന്ദ്രത്തില്‍ രണ്ട് ഭീകരരെ കൂടി കണ്ടു എന്നാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ പുറത്ത് വന്ന വാര്‍ത്ത. ഇക്കാര്യവും സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

നാലാം ദിവസം
ജനുവരി രണ്ടിന് പുലര്‍ച്ചെ തുടങ്ങിയ പ്രത്യാക്രമണം നാലാം ദിവസവും അവസാനിച്ചിട്ടില്ല. വ്യോമ താവളം അരിച്ചുപെറുക്കിയതിന് ശേഷം മാത്രമേ കൃത്യമായ വിവരങ്ങള്‍ പുറത്ത് വിടേണ്ടതുള്ളൂ എന്നാണ് അധികൃതരുടെ തീരുമാനം.

ബാരക്കിലെ തീവ്രവാദികള്‍
താവളത്തില്‍ ഒഴിഞ്ഞുകിടക്കുകയായിരുന്ന, ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സിന്റെ ബാരക്കുകളില്‍ ആയിരുന്നു രണ്ട് ഭീകരര്‍ ഒളിച്ചിരുന്നത്. ബാരക്ക് പൂര്‍ണമായും തകര്‍ത്താണ് ഇവരെ വധിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

വെടിയൊച്ച നിലച്ചു
ബാരക്ക് പൂര്‍ണമായും ബോംബിട്ട് തകര്‍ക്കുന്നതുവരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തുകൊണ്ടേയിരുന്നു. എന്നാല്‍ അതിന് ശേഷം അവിടെ നിന്ന് ആക്രമണം ഒന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇത്രയും കാലതാമസം
വിരലിലെണ്ണാവുന്ന ഭീകരരെ തുരത്താന്‍ ഇത്രയും സുസജ്ജമായ ഇന്ത്യന്‍ സൈന്യം എന്തുകൊണ്ട് ഇത്രയധികം സമയം എടുക്കുന്നു എന്നാണ് പലരുടേയും ചോദ്യം. ഇത്രയും നീണ്ടുനില്‍ക്കുന്ന 'ഓപ്പറേഷന്‍' ഇന്ത്യക്ക് അപമാനമല്ലേ എന്നാണ് ചോദ്യം.

സുരക്ഷാ വീഴ്ച
കൃത്യമായ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍, ഭീകരാക്രമണത്തിന് മുമ്പ് എസ്പിയെ തട്ടിക്കൊണ്ടുപോകല്‍, ശക്തമായ സുരക്ഷ... ഇത്രയൊക്കെ ഉണ്ടായിട്ടും എന്തുകൊണ്ട് ഭീകരാക്രമണം ചെറുക്കാനായില്ലെന്ന ചോദ്യവും ശക്തമാണ്.

രണ്ട് പേര്‍ നേരത്തേയെത്തി?
തട്ടിക്കൊണ്ടുപോകപ്പെട്ട എസ്പിയും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരും നല്‍കുന്ന മൊഴിയനുസരിച്ച് നാല് ഭീകരരാണ് ഉണ്ടായിരുന്നു. അപ്പോള്‍ മറ്റ് രണ്ട് പേര്‍ നേരത്തേ തന്നെ വ്യോമസേനാ കേന്ദ്രത്തില്‍ എത്തിയിരുന്നോ?

എളുപ്പമല്ല
പത്താന്‍കോട്ടിലെ വ്യോമസേനാ കേന്ദ്രത്തില്‍ തിരച്ചില്‍ നടത്തുക അത്ര എളുപ്പമല്ലെന്നാണ് റിപ്പോര്‍ട്ട്. ആയിരത്തി അറനൂറ് ഏക്കറില്‍ പരന്ന് കിടക്കുന്നതാണ് താവളം. പലിടത്തും കാടുപിടിച്ച് കിടക്കുകയാണ്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications