സോണിയാ ഗാന്ധി കോൺഗ്രസ് ഇടക്കാല പ്രസിഡന്റാകും; തീരുമാനം പ്രവർത്തക സമിതി യോഗത്തിൽ
ദില്ലി: സോണിയാ ഗാന്ധി കോൺഗ്രസിന്റെ ഇടക്കാല പ്രസിഡന്റാകും. ദില്ലിയിൽ രണ്ടാം തവണ ചേർന്ന പ്രവർത്തക സമിതി യോഗത്തിന്റേതാണ് തീരുമാനം. രാഹുൽ ഗാന്ധിയുടെ രാജി പ്രവർത്തക സമിതി അംഗീകരിച്ചു. സോണിയാ ഗാന്ധി ഇടക്കാല പ്രസിഡന്റാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി.
പ്രവർത്തക സമിതി അംഗങ്ങൾ അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു രാഹുൽ ഗാന്ധിയുടെ പകരക്കാരനെ കണ്ടെത്താനുള്ള ചർച്ചകൾ നടത്തിയത്. തുടക്കത്തിൽ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും പ്രവർത്തക സമിതി യോഗത്തിൽ നിന്നും വിട്ടുനിന്നു. പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിന് പൂർണസ്വാതന്ത്ര്യം പ്രവർത്തക സമിതിക്ക് നൽകുന്നതിനായിരുന്നു നടപടി. അതേ സമയം പ്രിയങ്കാ ഗാന്ധി യോഗത്തിൽ പങ്കെടുത്തിരുന്നു.

രാഹുൽ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന ശക്തമായ ആവശ്യം ശനിയാഴ്ച ചേർന്ന പ്രവർത്തക സമിതി യോഗത്തിലും ഉയർന്നു. നിലവിലെ സാഹചര്യത്തിൽ നെഹ്റു കുടുംബത്തിന് പുറത്ത് നിന്നൊരാൾ നേതൃപദവിയിലെത്തിയാൽ പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് 5 മേഖലാ സമിതികളും ആശങ്കയറിയിച്ചു. ചർച്ചകൾ തുടരുന്നതിനിടെ പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കാനായി രാഹുൽ ഗാന്ധി എത്തുകയായിരുന്നു. പുതിയ അധ്യക്ഷനെ കണ്ടെത്താൻ വൈകിയതിൽ പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി ക്ഷുഭിതനായതായും റിപ്പോർട്ടുകളുണ്ട്. നെഹ്റു കുടുംബത്തിൽ നിന്നാരും എത്തിയില്ലെങ്കിൽ കോൺഗ്രസിന് നിലനിൽപ്പില്ലേയെന്ന് രാഹുൽ ഗാന്ധി ചോദിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.
യോഗത്തിനിടെ ക്ഷുഭിതനായ രാഹുൽ മടങ്ങുകയായിരുന്നു. ഇതിന് ശേഷമാണ് സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷയാകുമെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കിയത്. മൂന്ന് പ്രമേയങ്ങളാണ് പ്രവർത്തക സമിതിയിൽ അവതരിപ്പിച്ചത്. രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നായിരുന്നു ആദ്യ പ്രമേയം, രാഹുൽ ഗാന്ധിക്ക് നന്ദി അറിയിച്ച് രണ്ടാം പ്രമേയം, സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷയാകണമെന്നാവശ്യപ്പെട്ടായിരുന്നു മൂന്നാം പ്രമേയം. ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയെ തുടർന്നാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വയ്ക്കുന്നത്.












Click it and Unblock the Notifications