അധികാരം നിലനിർത്താൻ ദക്ഷിണ കർണാടക പിടിക്കണം; സീറ്റ് കണക്കിൽ വിറച്ച് ബിജെപി

ബെംഗളൂരു: കർണാടകയിൽ ബി ജെ പിക്ക് വലിയ സ്വാധീനം ഇല്ലാത്ത മേഖലയാണ് പഴയ മൈസൂർ ഉൾപ്പെടുന്ന ദക്ഷിണ കർണാടക. തീരദേശ മേഖല അടക്കമുള്ള സുപ്രധാന മേഖകളിൽ ആധിപത്യം തീർക്കാൻ ബി ജെ പിക്ക് സാധിച്ചപ്പോഴും ഇവിടെ ജെ ഡി എസിനും കോൺഗ്രസിനും പുറകിലാണ് ബി ജെ പി. ഇത്തവണ സംസ്ഥാനത്ത് ഭരണം നിലനിർത്തണമെങ്കിൽ ബി ജെ പിക്ക് ദക്ഷിണ കർണാടകയിൽ കൂടുതൽ സീറ്റുകൾ നേടിയെടുത്തേ തീരു.

തീരദേശ മേഖലയിൽ ശക്തമായ ആധിപത്യം
ബെംഗളൂരു, സെൻട്രൽ, തീരദേശം, ഹൈദരാബാദ്-കർണാടക, മുംബൈ-കർണാടക, ദക്ഷിണ കർണാടക എന്നിങ്ങനെ ആറ് വ്യത്യസ്ത മേഖലകളാണ് കർണാടകയിൽ ഉള്ളത്. യഥാക്രമം 50, 51 അസംബ്ലി സീറ്റുകൾ ഉൾക്കൊള്ളുന്ന മുംബൈ-കർണാടക, ദക്ഷിണ കർണാടക എന്നിവയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ പ്രദേശങ്ങൾ. തീരദേശ മേഖലയാണ് ഇതിൽ ഏറ്റവും ചെറിയ പ്രദേശം. 21 നിയമസഭ മണ്ഡലങ്ങളാണ് ഇവിടെ ഉള്ളത്. മംഗളൂരു ഉൾപ്പെടുന്ന തീരദേശ മേഖലയിൽ ശക്തമായ ആധിപത്യം പാർട്ടിക്കുണ്ട്.

സ്ട്രൈക്ക് റേറ്റ് 60 ശതമാനമായിരുന്നു
2018 ലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ, തീരദേശ കർണാടകയിൽ ബിജെപിക്ക് 51 ശതമാനം വോട്ട് ലഭിച്ചിരുന്നു. അതായത് മേഖലയിൽ 21 നിയമസഭാ സീറ്റുകളിൽ 18ലും 90 ശതമാനത്തോളം സ്‌ട്രൈക്ക് റേറ്റോടെ പാർട്ടിക്ക് വിജയിക്കാൻ കഴിഞ്ഞു.ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ച മറ്റൊരു പ്രദേശമാണ് മധ്യ കർണാടക. ഇവിടെ 43 ശതമാനം വോട്ട് വിഹിതത്തോടെ 35 നിയമസഭാ സീറ്റുകളിൽ 24 ലും വിജയിക്കാൻ ബി ജെ പിക്ക് സാധിച്ചിരുന്നു. 70 ശതമാനത്തിനടുത്തായിരുന്നു ഇവിടെ ബിജെപിയുടെ സ്‌ട്രൈക്ക് റേറ്റ്. മുംബൈ-കർണാടക മേഖലയിലാകട്ടെ ബിജെപിക്ക് 44 ശതമാനം വോട്ടുകൾ നേടാനായി. 50 നിയമസഭ സീറ്റുകളിൽ 30 സീറ്റുകളിലായിരുന്നു ബി ജെ പി ഇവിടെ ജയിച്ചത്. സ്ട്രൈക്ക് റേറ്റ് 60 ശതമാനമായിരുന്നു.

ദക്ഷിണ കർണാടകയിലെ സാഹചര്യമാണ്
മറ്റ് മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും ശ്രദ്ധേയമായ കാര്യം തീരദേശ മേഖലയൊഴിച്ച് മറ്റൊരു മേഖലയിലും സ്ഥിരത നിലനിർത്താൻ ബി ജെ പിക്ക് സാധിച്ചിട്ടില്ലെന്നതാണ്. ഇതിൽ തന്നെ എടുത്ത് പറയേണ്ടത് ദക്ഷിണ കർണാടകയിലെ സാഹചര്യമാണ്. ഇവിടെ 51 സീറ്റുകളാണ് ഉള്ളത്. 2018 ലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 18 ശതമാനം വോട്ടുകളായിരുന്നു ബി ജെ പി ഇവിടെ നേടിയത്, വെറും 9 സീറ്റുകളും. എന്നിരുന്നാലും ബി ജെ പിയെ സംബന്ധിച്ച് അവരുടെ മികച്ച പ്രകടനമായിരുന്നു ഇത്. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണ കർണാടകയിൽ വെറും രണ്ട് സീറ്റുകൾ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ആ തിരഞ്ഞെടുപ്പിൽ ഈ മേഖലയിൽ വെറും 8 ശതമാനം വോട്ടുകൾ നേടാനെ ബി ജെ പിക്ക് സാധിച്ചുള്ളൂ. അതേസമയം 2008 ലെ തിരഞ്ഞെടുപ്പിൽ ഇവിടെ 22 ശതമാനം വോട്ട് നേടാൻ ബി ജെ പിക്ക് കഴിഞ്ഞിരുന്നു.

ലിംഗായത്ത് , വൊക്കാലിഗ വിഭാഗങ്ങൾക്ക്
എന്തുകൊണ്ടായിരിക്കും ദക്ഷിണ കർണാടകയിൽ ബിജെപിക്ക് കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ സാധിക്കാത്തത്? സംസ്ഥാനത്തെ പ്രബല സമുദായമായ ലിംഗായത്ത് , വൊക്കാലിഗ വിഭാഗങ്ങൾക്ക് ആധിപത്യമുള്ള മേഖലയാണിത്, രാഷ്ട്രീയമായും, സമ്പത്തികമായും. പഴയ മൈസൂർ മേഖലയിൽ ലിഗായത്ത് വിഭാഗങ്ങൾക്കാണ് സ്വാധീനം കൂടുതൽ. പരമ്പരാഗതമായി ജെ ഡി എസിനെയാണ് സമുദായം പിന്തുണച്ച് പോന്നിരുന്നത്. കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും ജെഡിഎസ് ഇവിടെ 30 ശതമാനം വോട്ടിൽ കൂടുതൽ നേടിയിട്ടുണ്ട്. പാർട്ടിക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന ഒരേയൊരു മേഖലയാണിത്. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ദക്ഷിണ കർണാടകയിൽ ജെ ഡി എസിന് 38 ശതമാനം വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്. ഇത്തവണ ഇവിടെ കോൺഗ്രസിന് അനുകൂല ഘടകമെന്നത് പാർട്ടി അധ്യക്ഷനായ ഡി കെ ശിവകുമാർ വൊക്കാലിഗ വിഭാഗക്കാരൻ ആണെന്നതാണ്.

ദക്ഷിണ കർണാടകയിൽ നേട്ടം കൊയ്യാൻ
ദക്ഷിണ കർണാടകയിൽ ആധിപത്യം ഉണ്ടാക്കണമെങ്കിൽ വൊക്കാലിഗ വിഭാഗത്തിന്റെ വോട്ട് ബി ജെ പിക്ക് നേടിയെടുത്തേ മതിയാകൂ, എന്നാൽ ഇവിടെ മികച്ച നേതാവ് ബി ജെ പിക്ക് ഇല്ല. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ വോട്ട് കൊയ്യാമെന്ന ലക്ഷ്യവുമായാണ് അടുത്തിടെ മൈസൂരു-ബെംഗളൂരു ഹൈവേയുടെ ഉദ്ഘാടനം സാക്ഷാൽ നരേന്ദ്ര മോദിയെ എത്തിച്ച് ബി ജെ പി നിർവഹിച്ചത്.എന്നാൽ വികസന വിഷയങ്ങൾ കൊണ്ട് കണ്ണിൽ പൊടിയിട്ടാൽ മാത്രം ദക്ഷിണ കർണാടകയിൽ നേട്ടം കൊയ്യാൻ ബി ജെ പിക്ക് സാധിക്കുമോയെന്നതാണ് പ്രധാന ചോദ്യം. എന്തായാലും ഇത്തവണ ബി ജെ പിയുടെ വോട്ട് നില എന്താകുമെന്ന് അറിയണമെങ്കിൽ മെയ് വരെ കാത്ത് നിൽക്കേണ്ടി വരും.












Click it and Unblock the Notifications