യുപിയില്‍ ബിജെപിയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്; എസ്പി എംഎല്‍എ രാജിവെച്ചു, അമ്പരന്ന് അഖിലേഷ്
ലഖ്‌നൗ: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ സമാജ്‌വാദി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. ഘോഷി നിയമസഭാ സീറ്റില്‍ നിന്നുള്ള എസ് പി എം എല്‍ എ ദാരാ സിംഗ് ചൗഹാന്‍ ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്ന് രാജിവച്ചു. ദാരാ സിഗ് ചൗഹാന്‍ ബി ജെ പി പാളയത്തിലേക്ക് മടങ്ങിയേക്കും എന്നാണ് റിപ്പോര്‍ട്ട്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഘോസി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് അദ്ദേഹത്തിന് ബി ജെ പി ടിക്കറ്റ് നല്‍കിയേക്കും എന്നാണ് വിവരം.
നിയമസഭാ സ്പീക്കര്‍ സതീഷ് മഹാന അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. എന്നാല്‍ രാജി വെക്കാനുണ്ടായ കാരണങ്ങളൊന്നും ദാരാ സിംഗ് ചൗഹാന്‍ പറഞ്ഞിട്ടില്ല. മുന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയായിരുന്ന ദാരാ സിംഗ് ചൗഹാന്‍ 2022 ജനുവരിയില്‍ യു പി നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബി ജെ പി വിട്ട് എസ് പിയിലേക്ക് ചേക്കേറിയത്. 2017 മുതല്‍ 2022 വരെ യോഗി സര്‍ക്കാരില്‍ വനം, പരിസ്ഥിതി, മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായിരുന്നു.

ബി ജെ പി സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങള്‍, ദളിതര്‍, കര്‍ഷകര്‍, യുവാക്കള്‍ എന്നിവരെ അവഗണിക്കുകയാണെന്ന് ആരോപിച്ച് കൊണ്ടായിരുന്നു ദാരാ സിംഗിന്റെ രാജി. സ്വാമി പ്രസാദ് മൗര്യ, ധരം സിംഗ് സൈനി എന്നിവര്‍ക്ക് പിന്നാലെയാണ് ദാരാ സിംഗും എസ് പിയിലേക്ക് മാറിയത്. കിഴക്കന്‍ യുപിയിലെ എം ബി സി വിഭാഗത്തില്‍പ്പെട്ട നോണിയ ജാതിയില്‍ നിന്നുള്ളയാളാണ് ദാരാ സിംഗ്.
2022 ല്‍ എസ് പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നത്തില്‍ ആണ് മൗ ജില്ലയിലെ ഘോസി സീറ്റില്‍ നിന്ന് ദാരാ സിംഗ് ചൗഹാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം ഘോസി പാര്‍ലമെന്റ് സീറ്റ് ബി എസ് പിയുടെ അതുല്‍ റായിയുടെ കൈവശമാണ്. എന്നാല്‍ അദ്ദേഹം ബലാത്സംഗക്കേസ് പ്രതിയും വിചാരണത്തടവുകാരനായി ജയിലിലുമാണ്. കിഴക്കന്‍ യുപിയിലെ അസംഗഢ്, വാരണാസി ഡിവിഷനുകളില്‍ കേന്ദ്രീകരിച്ച് കൊണ്ട് ബി എസ് പിയിലൂടെയാണ് ദാരാ സിംഗ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.
1996-ല്‍ രാജ്യസഭയിലെത്തിയ അദ്ദേഹം തുടര്‍ന്ന് എസ്പിയില്‍ ചേര്‍ന്ന അദ്ദേഹം 2000 ല്‍ എസ് പി സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എസ് പിയുടെ ദേശീയ എക്‌സിക്യൂട്ടീവിലും അംഗമായി. പിന്നീട് ബി എസ് പിയിലേക്ക് മടങ്ങിയ ദാരാ സിംഗ് ചൗഹാന്‍ 2009-ല്‍ ഘോസി എംപിയായി. ലോക്‌സഭയിലെ ബി എസ് പി പാര്‍ലമെന്ററി പാര്‍ട്ടിയുടെ നേതാവായിരുന്നു.
2014 ല്‍ ഘോസിയില്‍ നിന്ന് ബി എസ് പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും ബി ജെ പിയുടെ ഹരി നരേന്‍ രാജ്ഭറിനോട് പരാജയപ്പെട്ടു. 2015-ല്‍ ആണ് ദാരാ സിംഗ് ചൗഹാന്‍ ബി ജെ പിയിലെത്തുന്നത്. അസംഗഢില്‍ പിന്നാക്കക്കാരുടെ ഒരു വലിയ റാലി സംഘടിപ്പിച്ചുകൊണ്ട് അദ്ദേഹം അമിത് ഷായുടെ പ്രീതി നേടി. റാലിയിലെ മുഖ്യാതിഥിയായിരുന്നു അമിത് ഷാ. വൈകാതെ ബി ജെ പിയുടെ ഒബിസി മോര്‍ച്ചയുടെ ദേശീയ അധ്യക്ഷനായി ദാരാ സിംഗ് നിയമിതനായി.
2017 ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ മൗ ജില്ലയിലെ മധുബന്‍ മണ്ഡലത്തില്‍ നിന്ന് ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം അനായാസം വിജയിച്ച യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ അംഗമാകുകയായിരുന്നു. നോണിയ സമുദായത്തിന്റെ പ്രമുഖ മുഖമായി കണക്കാക്കപ്പെടുന്ന ദാരാ സിംഗ് ചൗഹാന്‍ കിഴക്കന്‍ യുപിയിലെ 20 ലോക്‌സഭാ സീറ്റുകളില്‍ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications