അമ്മയുടെ കൈപിടിച്ചെത്തി; 50 വര്‍ഷത്തെ നിറഞ്ഞ പുഞ്ചിരി, ഒരു സ്വപ്‌നം ബാക്കിയാക്കി യാത്ര
ജീവിതത്തിന്റെ അവസാന നാളുകളിലും ശ്രീദേവി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ശ്രീദേവിയെന്ന സിനിമാ ലോകം കണ്ട എക്കാലത്തെയും സുന്ദരിയുടെ ശക്തി അമ്മ രാജേശ്വരി ആയിരുന്നു. ചെന്നൈയിലെ സിനിമാ സെറ്റിലേക്ക് ഇളം പ്രായത്തില്‍ അമ്മയുടെ കൈപിടിച്ച് ഒരു കൊച്ചുകുട്ടി വന്നത് സിനിമാ മേഖലയിലെ പ്രമുഖര്‍ അവരെ കുറിച്ചുപറയുമ്പോള്‍ ഓര്‍ത്തെടുക്കാറുണ്ട്. തമിഴില്‍ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ മലയാള സിനിമയിലും സാന്നിധ്യം അറിയിച്ച ആ കുട്ടിക്ക് 1971ല്‍ ഇറങ്ങിയ പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. ഇന്ത്യന്‍ സിനിമയിലെ താരറാണിയുടെ പിറവിയായിരുന്നു അത്...

സത്യവാന്‍ സാവിത്രി
പിന്നീട് കുറഞ്ഞ കാലം കൊണ്ടുതന്നെ നിരവധി സിനിമകളില്‍ വ്യത്യസ്ത വേഷങ്ങളില്‍ അവര്‍ അഭ്രപാളിയിലെത്തി. 1977 ശ്രീദേവിയുടെ മലയാള സിനിമാ ജീവതത്തില്‍ വേറിട്ട യാത്രയുടെ വര്‍ഷമായിരുന്നു. ആ വര്‍ഷമാണ് സത്യവാന്‍ സാവിത്രി പുറത്തിറങ്ങിയത്. മലയാളത്തില്‍ ശ്രീദേവി ആദ്യമായി ഇരട്ടവേഷത്തിലെത്തിയ ചിത്രവും അതായിരുന്നു.

പാറി നടന്ന് അഭിനയം
തമിഴിലും മലയാളത്തിലും പാറി നടന്ന് അഭിനയിച്ച ഒരു കാലമുണ്ടായിരുന്നു ശ്രീദേവിക്ക്. 1975ലാണ് ഹിന്ദിയില്‍ അഭിനയിച്ച് തുടങ്ങിയത്. പിന്നീട് ബോളിവുഡില്‍ തിരക്കേറിയ നടിയായ അവര്‍ 1996ല്‍ ദേവരാഗത്തില്‍ അഭിനയിച്ചു. അവരുടെ അവസാന മലയാള ചിത്രവും അതുതന്നെ.

അമ്മയുടെ സ്വപ്നം
ഈ വളര്‍ച്ചയ്ക്ക് പിന്നിലെല്ലാം തന്റെ അമ്മയുടെ സ്വപ്‌നങ്ങള്‍ക്ക് ജീവന്‍ നല്‍കുക എന്ന ഒരു ഉദ്ദേശവും ശ്രീദേവിക്കുണ്ടായിരുന്നു. സിനിമാ നര്‍ത്തക സംഘത്തിലെ അംഗമായിരുന്നു രാജേശ്വരി.

നഷ്ടങ്ങളുടെ ലോകം
അഭിഭാഷകനായ അയ്യപ്പനെ വിവാഹം ചെയ്തതോടെ സിനിമയുടെ ആരവങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ നിര്‍ബന്ധിതയാകുകയായിരുന്നു രാജേശ്വരി. എങ്കിലും സിനിമയോടുള്ള അഭിനിവേശം അവര്‍ കൈവിട്ടില്ല. പക്ഷേ അവര്‍ക്കത് സാധിച്ചതുമില്ല.

തിരിച്ചുപിടിക്കുന്നു
എല്ലാ സ്വപ്‌നങ്ങളും അവര്‍ക്ക് മുന്നില്‍ യാഥാര്‍ഥ്യമായത് മകള്‍ ശ്രീദേവിയിലൂടെയാണ്. അമ്മയുടെ കൈപിടിച്ചാണ് ശ്രീദേവി സിനിമാ സെറ്റില്‍ ആദ്യമായി എത്തുന്നത്. എങ്ങനെ തുടങ്ങണമെന്ന് കുട്ടിയെ ആദ്യം പഠിപ്പിച്ചതും ആ അമ്മ തന്നെയായിരുന്നു. കുസൃതി കാട്ടി സെറ്റില്‍ ഓടി നടന്ന ആ കുട്ടി അഭിനയത്തില്‍ അതുല്യ പ്രതിഭയായി മാറി.

അവസാന നാളുകളിലും
ജീവിതത്തിന്റെ അവസാന നാളുകളിലും ശ്രീദേവി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മകള്‍ ജാഹ്നവിയുടെ സിനിമാ പ്രവേശം ബോളിവുഡില്‍ പ്രധാന ചര്‍ച്ചയായപ്പോഴും ശ്രീദേവിയെ അതിനൊപ്പം ചേര്‍ത്തുവായിക്കപ്പെട്ടു.

ഭാഗ്യമില്ലാതെ യാത്ര
പക്ഷേ, വെള്ളിത്തിരയില്‍ മകള്‍ കാലെടുത്തു വയ്ക്കുന്നത് കാണാന്‍ എന്തുകൊണ്ടോ ശ്രീദേവിക്ക് സാധിച്ചില്ല. ആ സ്വപ്‌നം ബാക്കിയാക്കിയാണ് അവര്‍ മണ്‍മറയുന്നത്. മരണത്തിന് മുമ്പ് ജനങ്ങള്‍ക്ക് മുമ്പിലെത്തിയ ശ്രീദേവിയുടെ ചിത്രം നല്‍കിയ സന്ദേശം അമ്മ-മകള്‍ ബന്ധത്തിന്റെ ഊഷ്മളതയെ കുറിച്ചായിരുന്നുവെന്നതും മറക്കാവുന്നതല്ല.

വിവാഹ സത്കാരം
ശനിയാഴ്ച രാത്രി വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയപ്പോഴാണ് ശ്രീദേവിക്ക് ഹൃദയാഘാതമുണ്ടായത്. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും ഈ സമയം അവര്‍ക്കൊപ്പമുണ്ടായിരുന്നു. ശനിയാഴ്ച രാത്രി 11.30നായിരുന്നു മരണം.

സിനിമാ മേഖലയില്‍ ഞെട്ടല്‍
ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ ചടങ്ങിനാണ് ശ്രീദേവി ദുബായിലെത്തിയത്. വിവിധ ഭാഷകളിലായി നൂറോളം സിനിമയില്‍ അഭിനയിച്ച ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം സിനിമാ മേഖലയില്‍ ഞെട്ടലുണ്ടാക്കി.

2012ല്‍ തിരിച്ചെത്തി
26 മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ശ്രീദേവി. രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1997ല്‍ അഭിനയ രംഗത്ത് നിന്ന് പിന്‍മാറിയ അവര്‍ 2012ല്‍ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമയിലൂടെയാണ് തിരിച്ചുവന്നത്.

സിറോ ഈ വര്‍ഷം
2013ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2017ല്‍ പുറത്തിറങ്ങിയ മാം ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. സിറോ എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഈ വര്‍ഷം ഡിസംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മുംബൈയില്‍ എത്തിക്കും
മൃതദേഹം ഞായറാഴ്ച മുംബൈയില്‍ എത്തിക്കും. ബാന്ദ്രയിലും അന്ധേരിയിലും ശ്രീദേവിക്ക് വീടുണ്ട്. മുംബൈയില്‍ തന്നെയാകും അന്ത്യകര്‍മങ്ങള്‍ എന്നാണ് കരുതുന്നത്. കുടുംബം ഇക്കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ശ്രീദേവിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം..












Click it and Unblock the Notifications