'തന്ത്രപരമായ പങ്കാളിത്തങ്ങൾ തുടരും'; കെയർ സ്‌റ്റാർമറുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി; ഇന്ത്യയിലേക്ക് ക്ഷണം
ന്യൂഡൽഹി: പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കെയർ സ്‌റ്റാർമറുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിൽ തുടരുന്ന ശക്തമായ സാമ്പത്തിക ബന്ധങ്ങൾക്കൊപ്പം ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം ആഴത്തിലാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ഊട്ടിയുറപ്പിച്ചതായി ട്വീറ്റിലൂടെ നരേന്ദ്ര മോദി അറിയിച്ചു.
യുകെ പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ വൻ വിജയത്തിനെ ഒരിക്കൽ കൂടി അഭിനന്ദിച്ച അദ്ദേഹം ഇന്ത്യ സന്ദർശിക്കാൻ കെയർ സ്‌റ്റാർമറെ ക്ഷണിക്കുകയും ചെയ്‌തു. ശനിയാഴ്‌ചയാണ് നരേന്ദ്ര മോദി കെയർ സ്‌റ്റാർമാറുമായി ഫോണിലൂടെ സംസാരിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സ്‌റ്റാർമാറുമായി മോദി നടത്തുന്ന നേരിട്ടുള്ള ആദ്യ ആശയവിനിമയമാണ് ഇത്.

"കെയർ സ്‌റ്റാർമറുമായി സംസാരിച്ചതിൽ സന്തോഷമുണ്ട്. യുകെയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ അഭിനന്ദിച്ചു. നമ്മുടെ ജനങ്ങളുടെ പുരോഗതിക്കും സമൃദ്ധിക്കും ആഗോള നന്മയ്ക്കുമായി സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിനും ശക്തമായ ഇന്ത്യ-ബ്രിട്ടൻ സാമ്പത്തിക ബന്ധങ്ങൾക്കും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്." മോദി ട്വീറ്റിലൂടെ വ്യക്തമാക്കി.
ഇരു നേതാക്കളും ഏറെ നേട്ടങ്ങൾ പ്രതീക്ഷിക്കുന്ന ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര ഉടമ്പടിയുടെ നടപടികൾ വേഗത്തിലാക്കുന്നതിനെകുറിച്ച് സംസാരിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെയും സംഭാഷണത്തിൽ അനുസ്‌മരിച്ചു,
കൂടാതെ യുകെയുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വികസനത്തിൽ ഇന്ത്യൻ സമൂഹത്തിന്റെ ക്രിയാത്മകമായ സംഭാവനകളെ ഉയർത്തിക്കാട്ടിയ ഇരുവരും ജനങ്ങൾ തമ്മിലുള്ള അടുത്ത ബന്ധം പ്രോത്സാഹിപ്പിക്കുന്നത് തുടരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്‌തുവെന്നും പ്രസ്‌താവന ചൂണ്ടിക്കാണിക്കുന്നു.
നേരത്തെ യുകെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വൻ വിജയം നേടിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ കരാറുകൾക്ക് ഗുണകരമാവുന്ന കൃത്യമായ ഇടപെടലുകൾ ഉണ്ടാവുമെന്ന പ്രതീക്ഷ പങ്കുവച്ചിരുന്നു. കൂടാതെ സ്ഥാനമൊഴിയുന്ന മുൻപ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനാക്കിനെ മോദി പ്രശംസിക്കുകയും ചെയ്‌തിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്തെ സഹകരണം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു പ്രശംസ.
അതേസമയം, ബ്രിട്ടീഷ് പാർലമെന്റിൽ വൻ കുതിപ്പിലൂടെയാണ് പതിനാല് വർഷം നീണ്ട കൺസർവേറ്റീവ് പാർട്ടിയുടെ ആധിപത്യം തകർത്തുകൊണ്ട് ലേബർ പാർട്ടി ജയം നേടിയത്. ഇതിന് പിന്നാലെ കെയർ സ്‌റ്റാർമറെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications