ഖാലിസ്ഥാനി അനുകൂല ഗ്രൂപ്പുകൾക്കെതിരെ ശക്തമായ നടപടി വേണം; യുഎസിനോട് കേന്ദ്രസർക്കാർ
യുഎസിലെ ഖാലിസ്ഥാനി അനുകൂല ഗ്രൂപ്പുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യുഎസിനോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. യുഎസ് ഇന്റലിജന്‍സ് ചീഫ് തുളസി ഗബ്ബാര്‍ഡുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
ഖലിസഗുർപത്വന്ത് സിംഗ് പന്നൂന്റെ നേതൃത്വത്തിലുള്ള സിഖ് ഫോര്‍ ജസ്റ്റിസ് സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തെ സംബന്ധിച്ചും രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെയ്ക്കുന്നതിനെ കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തി. കഴിഞ്ഞ ദിവസം ദേശീയ സുരക്ഷ സെക്രട്ടറി അജിത് ഡോവലും ഗബ്ബാർഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ തലങ്ങൾ ഇരുവരും ചർച്ച ചെയ്തു.

അതേസമയം ഇസ്ലാമിക ഭീകരവാദത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ കടുത്ത ആശങ്കയുണ്ടെന്നും തുളസി ഗബ്ബാർഡ് പറഞ്ഞു. എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രതികരണം.
'ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ തുടങ്ങിയ മതന്യൂനപക്ഷങ്ങൾക്കെതിരെ ദീർഘകാലമായി നിലനിൽക്കുന്ന ദൗർഭാഗ്യകരമായ പീഡനം, കൊലപാതകം, തുടങ്ങിയ വിഷയങ്ങളിൽ യുഎസ് സർക്കാരിനും പ്രസിഡന്റ് ട്രംപിനും അദ്ദേഹത്തിന്റെ ഭരണകൂടത്തിനും കടുത്ത ആശങ്കയുണ്ട്. ബംഗ്ലാദേശിലെ ഇടക്കാല സർക്കാരുമായി യുഎസ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്', അവർ വ്യക്തമാക്കി.
'ഇസ്ലാമിക ഭീകരരുടെ ഭീഷണിയും വ്യത്യസ്ത ഭീകര ഗ്രൂപ്പുകളുടെ പ്രവർത്തനവും ഒരേ പ്രത്യയശാസ്ത്രത്തിനും ലക്ഷ്യത്തിനും വേണ്ടിയാണ്. അതായത് ഇസ്ലാമിക ഖിലാഫത്ത് ഭരണം ഉണ്ടാക്കുകയെന്നത്. ഇത് മറ്റേത് മതത്തിലേയും ജനങ്ങളെ ബാധിക്കും. അവർക്ക് സ്വീകാര്യമെന്ന് തോന്നുന്ന മതം ഒഴികെയുള്ളവർക്ക് മേൽ ഏത് അക്രമരീതികളിലൂടെയും അവർ ഇത് നടപ്പാക്കാൻ ശ്രമിക്കും. ഇസ്ലാമിക ഭീകരതയെ നയിക്കുന്ന പ്രത്യയശാസ്ത്രത്തെ തിരിച്ചറിയുന്നതിനും ഈ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്തുന്നതിനും ട്രംപ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്', ഗബ്ബാർഡ് പറഞ്ഞു.
അതേസമയം ബംഗ്ലാദേശിൽ ഐഎസ്ഐഎസ് സ്വാധീനം വർധിച്ചുവരുന്നതിലും വലിയ ആശങ്ക ഉയരുന്നുണ്ട്. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങൾക്ക് സമീപമുള്ള ബംഗ്ലാദേശ് പ്രദേശങ്ങളിൽ, പ്രത്യേകിച്ച് സിലിഗുരി ഇടനാഴിയിൽ ഐഎസ്ഐയുടെ സാന്നിധ്യം വർധിക്കുന്നതിൽ ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി കടുത്ത ആശങ്ക അറിയിച്ചിരുന്നു. തീവ്രവാദികളുടെ സാന്നിധ്യം തടയാനുള്ള ശ്രമങ്ങൾ ബംഗ്ലാദേശിൽ നിന്ന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications