മുസ്ലിം പള്ളിക്കകത്ത് ജയ് ശ്രീറാം വിളിക്കുന്നത് എങ്ങനെ ക്രിമിനൽ കുറ്റമാകും? പരാതിക്കാരനോട് സുപ്രീംകോടതി
ഡൽഹി: മുസ്ലിം പള്ളിക്കകത്ത് കയറി ജയ്ശ്രീറാം വിളിക്കുന്നത് എങ്ങനെ ക്രിമിനൽ കുറ്റമാകുമെന്ന് സുപ്രീംകോടതി. പള്ളിക്കകത്ത് ജയ്ശ്രീറാം വിളിച്ചുവെന്ന് ആരോപിച്ച് രണ്ട് പേർക്കെതിരായ നടപടികൾ റദ്ദാക്കിയ കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം.
അവർ ഒരു പ്രത്യേക മതത്തിന്റെയോ പേരോ വാക്യമോ വിളിക്കുന്നത് എങ്ങനെയാണ് കുറ്റകരമാകുന്നതെന്ന് കോടതി ചോദിച്ചു. ജസ്റ്റിസുമാരായ പങ്കജ് മിത്തലും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പരാതിക്കാരനായ ഹൈദർ അലി നൽകിയ ഹർജിയിൽ കോടതി നോട്ടീസ് അയക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ഹർജിയുടെ പകർപ്പ് സംസ്ഥന സർക്കാരിന് സമർപ്പിക്കാൻ കോടതി പറഞ്ഞു.

ദേവദത്ത് കാമത്ത് ആണ് പരാതിക്കാരന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. കേസിന്റെ അന്വേഷണം പൂർത്തിയാക്കാതെയാണ് ഹൈക്കോടതി നടിപടികൾ റദ്ദ് ചെയ്തതെന്ന് കാമത്ത് കോടതിയിൽ പറഞ്ഞു. പള്ളിക്കുള്ളിൽ കയറി മുദ്രാവാക്യം വിളിച്ചതായി ആരോപിക്കപ്പെടുന്ന വ്യക്തികളെ എങ്ങനെയാണ് തിരിച്ചറിഞ്ഞതെന്ന് ബെഞ്ച് പരാതിക്കാരനോട് ചോദിച്ചു. അവരെല്ലാം സി സി ടി വിയിൽ ഉണ്ടെന്ന് നിങ്ങൾ പറയുന്നു. അകത്തേയ്ക്ക് വന്ന വ്യക്തികളെ ആരാണ് തിരിച്ചറിഞ്ഞത് എന്ന് കോടതി ചോദിച്ചു. എഫ് ഐ ആർ കുറ്റകൃത്യതത്തെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമെ നൽക, എല്ലാ തെളിവുകളും ഉൾക്കൊള്ളുന്ന ഒരു 'വിജ്ഞാനകോശം' അല്ലെന്നും കോടതി പറഞ്ഞു. കേസ് 2025 ൽ വാദം കേൾക്കുമെന്ന് കോടതി പറഞ്ഞു.
അതേ സമയം ജയ് ശ്രീരാം എന്ന് ആരെങ്കിലും വിളിച്ചാൽ അത് മതവികാരം വ്രണപ്പെടുത്തില്ലെന്ന് കർണാടക ഹൈക്കോടതി പറഞ്ഞിരുന്നു.
പള്ളിയിൽ കയറി മത മുദ്രാ വാക്യം വിളിച്ചെന്ന് ആരോപിച്ചുള്ള എഫ് ഐ ആറും കേസിലെ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രണ്ട് പേർ ഹർജി നൽകിയത്.
2023 സെപ്റ്റംബർ 24 ന് ആണ് സംഭവം നടന്നത്. രണ്ട് പേർ പള്ളിക്കകത്ത് കയറി ജയ് ശ്രീറാം വിളിച്ചുവെന്നാണ് കേസ്. ആരെങ്കിലും ജയ് ശ്രീറാം വിളിച്ചാൽ അത് ഏതെങ്കിലും മതവികാരത്തെ എങ്ങനെ വ്രണപ്പെടുത്തുമെന്ന് നിരീക്ഷിച്ച കോടതി കേസ് റദ്ദാക്കുകയും ചെയ്യുകയായിരുന്നു. നിലവിലെ കേസ് ഒരു തരത്തിലും ക്രമസമാധാന നിലയെ ബാധിക്കില്ലെന്നും കോടതി പറഞ്ഞിരുന്നു.












Click it and Unblock the Notifications