കേരളത്തിന്റെ വാദം അംഗീകരിച്ചില്ല: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139.5 അടിയായി ക്രമീകരിക്കണമെന്ന് കോടതി
ദില്ലി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 139.5 അടിയായി ക്രമീകരിക്കണമെന്ന് സുപ്രീം കോടതി. മേല്‍നോട്ട സമിതിയുടെ തീരുമാനം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിൽ നില നിർത്തണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കപ്പെട്ടില്ല. കേസ് നവംബർ 10ന് വീണ്ടും പരിഗണിക്കും. അന്നേ ദിവസം വരെ അണക്കെട്ടില്‍ നിലവിലെ ക്രമീകരണം തുടരണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. റൂൾ കർവിനെ കുറിച്ച് കേരളം ഉന്നയിച്ച കാര്യങ്ങളിലും സുപ്രീംകോടതി വിശദമായ വാദം കേൾക്കും.
റൂള്‍കര്‍വുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നവംബർ 9നകം കേരളം വിശദമായ സത്യവാങ്മൂലം നൽകണം. തമിഴ്നാട് തയ്യാറാക്കിയ 138 അടി റൂൾ കർവ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ജനങ്ങളുടെ ആശങ്കയും ഡാമിന്റെ കാലപ്പഴക്കവും പരിഗണിച്ച് നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷൻ ചെയ്ത് പുതിയ ഡാം പണിയണമെന്നും സത്യവാങ്മൂലത്തിലൂടെ കേരളം ആവശ്യപ്പെട്ടു. മേല്‍നോട്ട സമിതിയുടെ തീരുമാനത്തേയും കേരളം കോടതിയില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. എല്ലാ ആശങ്കകളും സര്‍ക്കാര്‍ മേല്‍നോട്ട സമിതിക്ക് മുന്നില്‍വെച്ചതാണ്. ഇടുക്കി ഉള്‍പ്പടേയുള്ള അഞ്ചു ജില്ലകളിലായി 30 ലക്ഷത്തോളം ജനങ്ങളെ ബാധിക്കുന്ന പ്രശ്നമാണിത്. ജനങ്ങളുടെ ആശങ്ക കണക്കിലെടുക്കേണ്ടതാണെന്നും കേരളം ആവശ്യപ്പെട്ടു.

അതേസമയം, അണക്കെട്ട് നാളെ തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ക്രമികരിക്കുന്നതിന്റെ ഭാഗമായി 29/10/2021 ന് രാവിലെ 7 മണി മുതൽ ഡാമിന്റെ spillway യിലൂടെ ജലം പുറത്തേക്ക് ഒഴുക്കാൻ സാധ്യത ഉള്ളതാണെന്നാണ് തമിഴ്നാട് ജല വിഭവ വകുപ്പ് അധികൃതർ അറിയിച്ചത്. ഈ സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് റവന്യൂ മന്ത്രി കെ രാജനും അറിയിച്ചു. നീരൊഴുക്ക് വർധിച്ച സാഹചര്യത്തില്‍ ജലനിരപ്പ് 138.10 അടി ആയി ഉയർന്നിട്ടുണ്ട്. ഇന്ന് പുലർച്ചെ മൂന്നുമണിക്കാണ് ജലനിരപ്പ് 138 അടി പിന്നിട്ടത്. സെക്കന്റിൽ 5800 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്.
പെരിയാറിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവർ ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാരുടെയോ ചുമതലപ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടെയോ നിർദ്ദേശാനുസരണം സജ്ജമാക്കിയിട്ടുള്ള ക്യാമ്പുകളിലേക്ക് മാറി താമസിക്കേണ്ടതാണെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചിട്ടുണ്ട്. ഇവർക്ക് മാറാനുള്ള വാഹന സൗകര്യം അതാത് സ്ഥലത്ത് ഏർപ്പാടാക്കിയിട്ടുണ്ട്. തികച്ചും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ക്യാമ്പുകൾ സജ്ജീകരിച്ചിരിക്കുന്നതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications