'നിങ്ങള്‍ ജയിക്കുമ്പോള്‍ ഒരു പരാതിയും ഇല്ലാലോ'?: ഇവിഎമ്മുകള്‍ക്കെതിരായ ഹർജി തള്ളി സുപ്രീംകോടതി
ഡല്‍ഹി: രാജ്യത്ത് നടക്കുന്ന പ്രധാന തിരഞ്ഞെടുപ്പുകളിലെല്ലാം പേപ്പർ ബാലറ്റുകള്‍ തിരികെ കൊണ്ടുവരണമെന്ന ഹർജികള്‍ തള്ളി സുപ്രീംകോടതി. തോൽക്കുമ്പോൾ മാത്രം ചിലർ ഇവിഎമ്മുകളെ കുറ്റപ്പെടുത്തുകയാണെന്ന നിരീക്ഷണത്തോടെയാണ് കെഎ പോൾ സമർപ്പിച്ച ഹർജി തള്ളിയത്. തിരഞ്ഞെടുപ്പിൽ വിജയിച്ച് കഴിഞ്ഞാല്‍ ഇ വി എമ്മുകളിലോ വോട്ടിങ് യന്ത്രങ്ങളിലോ കൃത്രിമം ഉണ്ടെന്ന ആരോപണം ഇല്ലാലോയെന്നും ജസ്റ്റിസ് വിക്രം നാഥും പിബി വാർലെയും അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
"ചന്ദ്രബാബു നായിഡും ജഗന്‍മോഹന്‍ റെഡ്ഡിയും തിരഞ്ഞെടുപ്പില്‍ തോറ്റപ്പോൾ ഇ വി എമ്മുകളിൽ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ചു. എന്നാല്‍ വിജയിക്കുമ്പോൾ അവർക്ക് ഒന്നും പറയുന്നില്ല. ഇതിനെ ഞങ്ങള്‍ എങ്ങനെയാണ് നോക്കിക്കാണേണ്ടത്. ഈ ഹർജികള്‍ ഞങ്ങള്‍ തള്ളുകയാണ്." സുപ്രീംകോടതി വ്യക്തമാക്കി. വോട്ടെടുപ്പിനിടെ വോട്ടർമാർക്ക് പണമോ മദ്യമോ മറ്റ് വസ്തുക്കളോ വിതരണം ചെയ്തതിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കുറഞ്ഞത് അഞ്ച് വർഷത്തേക്ക് സ്ഥാനാർത്ഥികളെ അയോഗ്യരാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശം നൽകണമെന്നും ഹർജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

ഇവിഎമ്മുകളിൽ കൃത്രിമം കാണിക്കാമെന്നും ഇവിഎമ്മുകൾക്ക് പകരം പേപ്പർ ബാലറ്റുകൾ ഉപയോഗിക്കുന്ന അമേരിക്ക പോലുള്ള രാജ്യങ്ങളുടെ രീതികൾ ഇന്ത്യ പിന്തുടരണമെന്നുമായിരുന്നു പിഎ പോള്‍ ഹർജിയിലൂടെ ആവശ്യപ്പെട്ടിരുന്നത്. ഇ വി എമ്മുകൾ ജനാധിപത്യത്തിന് ഭീഷണിയാണ്, ഇലോൺ മസ്‌കിനെപ്പോലുള്ള പ്രമുഖ വ്യക്തികൾ പോലും ഇവിഎം കൃത്രിമത്വത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, രാജ്യത്ത് ഇവിഎമ്മുകള്‍ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറുകളുടെ തിരിച്ചുവരവിനാണ് 'ഭാരത് ജോഡോ യാത്ര'ക്ക് സമാനമായ രീതിയില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് എ ഐ സി സി അധ്യക്ഷന്‍ മല്ലികാർജ്ജുന്‍ ഖാർഗെ ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്.
"നമുക്ക് ഇവിഎമ്മുകൾ വേണ്ട, നമുക്ക് വേണ്ടത് ബാലറ്റ് പേപ്പറാണ്," ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭരണഘടനാ ദിന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് മല്ലികാർജ്ജുന്‍ ഖാർഗെ പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ 288-ൽ 230 സീറ്റുകൾ നേടി ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം വന്‍ വിജയം സ്വന്തമാക്കിയതിന് പിന്നാലെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് നടത്തിപ്പിൽ കൃത്രിമം കാണിച്ചുവെന്ന് ആരോപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഖാർഗെ ബാലറ്റ് പേപ്പറുകള്‍ക്കായുള്ള ആവശ്യം ശക്തമാക്കുന്നത്.












Click it and Unblock the Notifications