മുകേഷ് അംബാനിക്ക് ഇന്ത്യയിലും വിദേശത്തും സെഡ് പ്ലസ് സുരക്ഷ ഒരുക്കണം; ചിലവ് അംബാനി തന്നെ വഹിക്കണം
വിദേശത്തും ഇതേ നിലയ്ക്കുളള സുരക്ഷ ഇവർക്ക് ഒരുക്കണം എന്നും അതിനുളള ചിലവുകൾ അംബാനി തന്നെ വഹിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി.

ന്യൂഡൽഹി: റിലയ്ൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ഇന്ത്യയിൽ സെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീംകോടതി. വിദേശത്തും ഇതേ നിലയ്ക്കുളള സുരക്ഷ ഇവർക്ക് ഒരുക്കണം എന്നും അതിനുളള ചിലവുകൾ അംബാനി തന്നെ വഹിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി.
അംബാനിക്കും കുടുംബത്തിനും സുരക്ഷ ഒരുക്കുന്നത് പല ഘട്ടത്തിലും വിവാദം ആയ സാഹചര്യത്തിലാണ് നിർദ്ദേശമെന്ന് സുപ്രീംകോടതി പറഞ്ഞു. രാജ്യത്തെ പല ഹൈക്കോടതികളും ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടുകൾ പ്രസ്താവിച്ചതും കോടതി ചൂണ്ടിക്കാട്ടി. സെഡ് പ്ലസ് സുരക്ഷ നൽകുന്നുണ്ടെന്ന് മഹാരാഷ്ട്ര സർക്കാരും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ഉറപ്പ് വരുത്തണമെന്നും ജസ്റ്റീസുമാരായ കൃഷ്ണമുരാരി, അഹ്‌സാനുദ്ദീൻ അമാനുളള എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
ഇന്ത്യയ്ക്കകത്തെയും പുറത്തെയും അംബാനിയുടെ ബിസിനസുകൾ കണക്കിലെടുത്താൽ അദ്ദേഹത്തിന് സുരക്ഷാ ഭീഷണിയുണ്ടെങ്കിൽ മതിയായ സുരക്ഷ ഒരുക്കേണ്ടതുണ്ടെന്ന് കോടതി വിലയിരുത്തി. അത് ചില മേഖലകളിൽ മാത്രമാക്കി ചുരുക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് ഇന്ത്യയിൽ പൂർണമായി സെഡ് പ്ലസ് സുരക്ഷ അനുവദിക്കാൻ കോടതി ഉത്തരവിട്ടത്.
കുടുംബം മഹാരാഷ്ട്രയിലെങ്കിൽ സംസ്ഥാന സർക്കാരിനും ബാക്കിയുള്ള സ്ഥലങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിനുമായിരിക്കും സുരക്ഷാചുമതല.
മുംബൈയിൽ അംബാനിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുരക്ഷ നൽകുന്നത് തുടരണമെന്ന് കോടതി കഴിഞ്ഞ വർഷം ജൂലൈ 22 ന് ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തിൽ വ്യക്തത തേടി നൽകിയ അപേക്ഷയിലാണ് കോടതി രാജ്യത്തുടനീളം അംബാനിക്ക് സുരക്ഷ നൽകാൻ ഉത്തരവിട്ടത്.
അംബാനിക്കും കുടുംബത്തിനും സർക്കാർ സുരക്ഷ നൽകുന്നതിന് എതിരായ ഹർജി ത്രിപുര ഹൈക്കോടതി പരിഗണിക്കുന്നത് ചോദ്യം ചെയ്ത് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്. ഇവരുടെ സുരക്ഷ സംബന്ധിച്ച ഫയലുമായി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാകാൻ ത്രിപുര ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ജൂണിൽ സുപ്രീം കോടതി സ്റ്റേ ചെയ്തു. മുകേഷ് അംബാനിയ്ക്ക് 2013 മുതൽ 'സെഡ്' കാറ്റഗറി സുരക്ഷയും നീത അംബാനിയ്ക്ക് 'വൈ' കാറ്റഗറി സിആർപിഎഫ് സുരക്ഷയുമാണ് നൽകി വരുന്നതെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ ബോധിപ്പിച്ചിരുന്നു.












Click it and Unblock the Notifications