യൂറോപ്യന്‍ ശൈലി ഇവിടെ നടക്കില്ല; മുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി
ന്യൂഡല്‍ഹി: വിവിപാറ്റ് ഉപയോഗിച്ച് ഇവിഎമ്മുകളില്‍ വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ 100% പരിശോധിച്ചുറപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികളില്‍ സുപ്രീം കോടതി ചൊവ്വാഴ്ച വാദം തുടങ്ങി. ഇ വി എമ്മുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആശങ്കകളും സംശയങ്ങളും കണക്കിലെടുത്താണ് ഓരോ വോട്ടിന്റെയും ക്രോസ് വെരിഫിക്കേഷന്‍ ആവശ്യപ്പെട്ട് ഹര്‍ജികള്‍ സമര്‍പ്പിച്ചത്.
ഇവിഎമ്മില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അത് ഗൗരവമേറിയ വിഷയം തന്നെയാണ്. വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തിയാല്‍ കഠിനമായ ശിക്ഷ കിട്ടുമെന്ന ഭയം വേണം. വോട്ടെടുപ്പ്, ഇ വി എമ്മുകളുടെ സൂക്ഷിക്കല്‍, വോട്ടെണ്ണല്‍ എന്നിവയെക്കുറിച്ച് വിശദാംശങ്ങള്‍ അറിയിക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം ബാലറ്റ് പേപ്പറുകളിലേക്ക് തിരികെ പോകണം എന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന്റെ അഭിപ്രായത്തോട് കോടതി യോജിപ്പ് പ്രകടിപ്പിച്ചില്ല. ബാലറ്റ് പേപ്പറുകള്‍ ഉണ്ടായിരുന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ക്കറിയാം എന്നും അതൊന്നും മറന്നിട്ടില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ഇവിഎം വഴി വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്ന മിക്ക യൂറോപ്യന്‍ രാജ്യങ്ങളും പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങിയെന്ന് ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങിയ ജര്‍മ്മനിയുടെ ഉദാഹരണം പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ജര്‍മ്മനിയിലെ ജനസംഖ്യ എത്രയാണെ് എന്നായിരുന്നു കോടതിയുടെ മറുചോദ്യം. ഏകദേശം 6 കോടിയാണെന്ന് പ്രശാന്ത് ഭൂഷണ്‍ മറുപടി നല്‍കിയപ്പോള്‍ ഇന്ത്യയില് വോട്ടര്‍മാര്‍ 97 കോടിയാണ് എന്ന് കോടതി ഓര്‍മിപ്പിച്ചു. ഹര്‍ജിക്കാരില്‍ ഒരാളുടെ അഭിഭാഷകനായ സഞ്ജയ് ഹെഗ്‌ഡെ ഇവിഎമ്മുകളില്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ വിവിപാറ്റ് സ്ലിപ്പുകളുമായി താരതമ്യം ചെയ്യണമെന്ന് പറഞ്ഞു.
എന്നാല്‍ 60 കോടി വിവിപാറ്റുകള്‍ എണ്ണണം എന്നാണോ പറയുന്നത് എന്നും മനുഷ്യന്റെ ഇടപെടലാണ് പ്രശ്നമുണ്ടാക്കുന്നത് എന്നും കോടതി പറഞ്ഞു. മനുഷ്യ ഇടപെടലില്ലാതെ യന്ത്രം കൃത്യമായ ഫലങ്ങള്‍ നല്‍കുമെന്നും മനുഷ്യന്റെ ഇടപെടല്‍ ഉണ്ടാകുമ്പോഴോ സോഫ്‌റ്റ്വെയറിലോ മെഷീനിലോ അനധികൃത മാറ്റങ്ങള്‍ വരുത്തുമ്പോഴോ ആണ് പ്രശ്നമുണ്ടാകുന്നത് എന്നും കോടതി പറഞ്ഞു.
യൂറോപ്യന്‍ ശൈലി നമ്മുടെ രാജ്യത്ത് പ്രാവര്‍ത്തികമാകില്ലെന്ന് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത പറഞ്ഞു. 'എന്റെ സ്വന്തം സംസ്ഥാനമായ പശ്ചിമ ബംഗാളിലെ ജനസംഖ്യ ജര്‍മ്മനിയേക്കാള്‍ കൂടുതലാണ്. യൂറോപ്യന്‍ ഉദാഹരണങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കില്ല. നമ്മള്‍ ആരെയെങ്കിലും വിശ്വസിക്കണം. ഇത്തരത്തില്‍ വ്യവസ്ഥിതിയെ കരിവാരിത്തേക്കാന്‍ ശ്രമിക്കരുത്,' ദീപങ്കര്‍ ദത്ത പറഞ്ഞു.
നീതിയുക്തമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ ഹര്‍ജിക്കാര്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് കോടതി ചോദിച്ചു. ആദ്യം പേപ്പര്‍ സ്ലിപ്പും തുടര്‍ന്ന് വിവിപാറ്റ് സ്ലിപ്പും വോട്ടര്‍ക്ക് നല്‍കുക എന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. 2017-ല്‍ ബാലറ്റ് ബോക്സ് പുനര്‍രൂപകല്‍പ്പന ചെയ്തു. ഇത് സുതാര്യമാക്കണം എന്ന് തങ്ങള്‍ ആഗ്രഹിക്കുന്നു എന്നും പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ നടക്കുന്ന റാന്‍ഡം വെരിഫിക്കേഷന്‍ അര്‍ത്ഥശൂന്യമാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ഒരു നിയോജകമണ്ഡലത്തില്‍ 5 മെഷീനുകള്‍ മാത്രമാണ് സൂക്ഷ്മപരിശോധന നടത്തുന്നത്. വിവിപാറ്റ് സൂക്ഷ്മപരിശോധനയുടെ ശതമാനം 0.00185% ആണ്. ഇത് 1% പോലുമില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് 50% മെങ്കിലുമാകണം എന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. അതേസമയം വോട്ടിംഗ് പ്രക്രിയയുടെ സമഗ്രത ഉറപ്പാക്കാന്‍ എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്നാണ് അരുണ്‍ അഗര്‍വാളിന്റെ ഹര്‍ജിയിലെ ആവശ്യം. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.












Click it and Unblock the Notifications