തബ്ലീഗുകാരെ പൂട്ടാന്‍ യുപി സര്‍ക്കാര്‍; വിവരം നല്‍കുന്നവര്‍ക്ക് 5000 രൂപ, 17 പേരെ ജയിലിലടച്ചു
ലഖ്‌നൗ: കൊറോണ വ്യാപന പശ്ചാത്തലത്തില്‍ തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഉത്തര്‍ പ്രദേശ് പോലീസ്. നിസാമുദീനിലെ തബ്ലീഗ് യോഗത്തില്‍പങ്കെടുത്തവര്‍ക്ക് കൊറോണ രോഗം ബാധിച്ച പശ്ചാത്തലത്തിലാണ് നടപടി. പല തബ്ലീഗ് പ്രവര്‍ത്തവരും വിവരം മറച്ചുവച്ച് ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
അതേസമയം, ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ തബ്ലീഗ് പ്രവര്‍ത്തകരെ പോലീസ് ജയിലിലടച്ചു. വിദേശികളായ തബ്ലീഗ് പ്രവര്‍ത്തകരെയാണ് റിമാന്റ് ചെയ്തത്. വിസാ നിയമങ്ങള്‍ ലംഘിച്ചതാണ് ഇവര്‍ക്കെതിരായ കുറ്റം. വിശദാംശങ്ങള്‍ ഇങ്ങനെ...

ഒളിവില്‍ കഴിയുന്നു
നിസാമുദ്ദീനിലെ യോഗത്തില്‍ പങ്കെടുത്ത ഒട്ടേറെ തബ്ലീഗ് പ്രവര്‍ത്തകര്‍ സംഭവം മറച്ചുവയ്ക്കുന്നുണ്ടെന്ന് ഉത്തര്‍ പ്രദേശ് പോലീസ് പറയുന്നു. വിവിധ മദ്രസകളിലും പള്ളികളിലും വീടുകളിലും നിന്ന് പിടികൂടിയ 33 തബ്ലീഗ് പ്രവര്‍ത്തകരെ പോലീസ് ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ശക്തമായ നടപടി
നിസാമുദീന്‍ യോഗത്തില്‍ പങ്കെടുത്തവര്‍ നേരിട്ട് അധികൃതര്‍ക്ക് മുമ്പില്‍ ഹാജരായാല്‍ നടപടിയുണ്ടാകില്ലെന്ന് എസ്പി ത്രിവേണി സിങ് പറഞ്ഞു. തങ്ങള്‍ ഇവരെ കുറിച്ച് അന്വേഷിച്ചുവരികയാണ്. മറ്റേതെങ്കിലും വഴിയാണ് വിവരം ലഭിക്കുന്നതെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും എസ്പി പറഞ്ഞു.

5000 രൂപ ലഭിക്കും
ഒളിവില്‍ കഴിയുന്ന തബ്ലീഗ് പ്രവര്‍ത്തകരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കുമെന്ന് എസ്പി ത്രിവേണി സിങ് പറഞ്ഞു. വിവരം നല്‍കുന്നവരെ കുറിച്ച് പരസ്യപ്പെടുത്തില്ല. അസംഗഡില്‍ നാല് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തുവെന്നാണ് പോലീസ് പറയുന്നത്.

മുബാറക്പൂര്‍ ഹോട്ട് സ്‌പോട്ട്
അസംഗഡിലെ മുബാറക്പൂര്‍ കൊറോണ ബാധ മേഖലയായി പ്രഖ്യാപിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് എന്‍പി സിങ് പറഞ്ഞു. ഈ മേഖല സീല്‍ ചെയ്തിരിക്കുകയാണ്. നാല് കൊറോണ രോഗികളെ ഇവിടെ നിന്ന് കണ്ടെത്തി. എന്നാല്‍ ഇതില്‍ മൂന്ന് പേരുടെ രണ്ടാം പരിശോധന നെഗറ്റീവ് ആയിരുന്നുവെന്നും എന്‍പി സിങ് പറഞ്ഞു.

17 പേരെ ജയിലിലടച്ചു
അതേസമയം, 17 തബ്ലീഗ് പ്രവര്‍ത്തകരുടെ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഇവരെ റിമാന്റ് ചെയ്തു. മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി ജയിലിലേക്ക് അയക്കുകയായിരുന്നു. ഇന്തോനേഷ്യ, തായ്‌ലാന്റ് എന്നിവിടങ്ങളിലുള്ളവരാണ് 17 പേര്‍. ഇവര്‍ വിസാ ചട്ടങ്ങള്‍ ലംഘിച്ചതാണ് കുറ്റം.

പിടികൂടിയത് പള്ളികളില്‍ നിന്ന്
മാര്‍ച്ച് 31ന് 21 തബ്ലീഗ് പ്രവര്‍ത്തകരെ താജ്, ഖുറൈഷ് പള്ളികളില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ 17 പേര്‍ വിദേശികളാണ്. ഇവരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. എല്ലാം നെഗറ്റീവായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം, എപിഡെമിക് ഡിസീസ് ആക്ട്, പാസ്‌പോര്‍ട്ട് ആക്ട് എന്നിവ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു.












Click it and Unblock the Notifications