തബ്ലീഗ് നേതാവിനെ അറസ്റ്റ് ചെയ്യുമെന്ന് സൂചന; മൗലാന സഅദ് ലീഗല്‍ ടീം ഒരുക്കി, ജാമ്യത്തിന് നീക്കം
ദില്ലി: നിസാമുദ്ദീനിലെ തബ്ലീഗ് യോഗവുമായി ബന്ധപ്പെട്ട കേസില്‍ മൗലാന സഅദ് ജാമ്യത്തിന് ശ്രമം തുടങ്ങിയെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിന് വേണ്ടി അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം അഭിഭാഷകരെ നിയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മൗലാന സഅദ് ഒളിവിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കില്‍ അദ്ദേഹം ക്വാറന്റൈനിലാണെന്ന് മൗലാന സഅദിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. ഒന്നിലധികം കേസുകളാണ് സഅദിനെതിരെ എടുത്തിരിക്കുന്നത്. ആദ്യം ചുമത്തിയ വകുപ്പുകള്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്നതായിരുന്നുവെങ്കിലും പിന്നീട് ഗൗരവമുള്ള വകുപ്പുകള്‍ കൂടി ചുമത്തിയതോടെയാണ് നിയമ വിദഗ്ധരുമായി തബ്ലീഗ് നേതാക്കള്‍ ചര്‍ച്ച നടത്തിയത്. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.

കഴിഞ്ഞദിവസം മൗലാന സഅദിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) കള്ളപ്പണ കേസെടുത്തിരുന്നു. ദില്ലി പോലീസ് നേരത്തെ തയ്യാറാക്കിയ എഫ്‌ഐആര്‍ അടിസ്ഥാനമാക്കിയാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരം ഇഡി കേസെടുത്തത്. നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനം ഒരു ട്രസ്റ്റിന് കീഴിലാണ്. ട്രസ്റ്റിലെ മറ്റ് അംഗങ്ങള്‍ക്കെതിരെയും ഇഡി കേസെടുത്തിട്ടുണ്ട്. സഅദിനെതിരെ ദില്ലി പോലീസ് അധിക വകുപ്പുകള്‍ ചുമത്തിയിരുന്നു. നിസാമുദ്ദീന്‍ യോഗത്തില്‍ പങ്കെടുത്ത ചിലര്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ച സാഹചര്യത്തില്‍ നരഹത്യാ വകുപ്പാണ് ചുമത്തിയത്. അതിന് പിന്നാലെയാണ് ഇഡിയും കേസെടുത്തത്. മാര്‍ച്ച് 21 വരെ നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഇതില്‍ ചിലര്‍ ഹൈദരാബാദിലും തമിഴ്‌നാട്ടിലും മരിച്ചിരുന്നു.
കേന്ദ്രസര്‍ക്കാര്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ച ശേഷം തബ്ലീഗ് ആസ്ഥാനത്ത്് ആളുകള്‍ സംഘടിച്ച സംഭവത്തിലാണ് സഅദിനെതിരെ ആദ്യം കേസെടുത്തത്. മാര്‍ച്ച് 31നാണ് മൗലാന സഅദിനെതിരെ ദില്ലി പോലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയത്. നിസാമുദ്ദീന്‍ പോലീസ് സ്‌റ്റേഷനിലെ ഓഫീസറുടെ പരാതിയിലായിരുന്നു കേസ്. യോഗം സംഘടിപ്പിച്ചത് മാത്രമായിരുന്നു അന്ന് എഫ്‌ഐആറില്‍ സൂചിപ്പിച്ചിരുന്നത്. യോഗത്തില്‍ പങ്കെടുത്ത വിദേശികള്‍ക്കെതിരെ വിസാ ചട്ടം ലംഘിച്ചുവെന്ന കേസെടുത്തിട്ടുണ്ട്. അതേസമയം, മൗലാന സഅദ് ദില്ലിയിലെ വീട്ടില്‍ ക്വാറന്റൈനിലാണ്. ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞാല്‍ പോലീസുമായി അന്വേഷണത്തിന് സഹകരിക്കുമെന്ന് സഅദിന്റെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. മര്‍ക്കസ് പള്ളയില്‍ വന്നവരുടെ പൂര്‍ണ വിവരം ഓഫീസിലുണ്ട്. അത് പോലീസിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications