പ്രശസ്ത നടന്‍ ശരത് കുമാര്‍ ആശുപത്രിയില്‍; അപ്പോളോയിലേക്ക് ഒഴുകിയെത്തി സിനിമാ താരങ്ങള്‍
ചെന്നൈ: ഒട്ടേറെ മലയാള സിനിമകളില്‍ ഉള്‍പ്പെടെ ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്ത തമിഴ്‌നടനാണ് ശരത് കുമാര്‍. നടന്‍, വില്ലന്‍, സ്വഭാവ നടന്‍ തുടങ്ങി എല്ലാ വേഷപ്പകര്‍ച്ചയിലും നിറഞ്ഞാടിയ അദ്ദേഹം രാഷ്ട്രീയത്തിലും സജീവമാണ്. തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ അധ്യക്ഷ പദവിയിലും ഏറെ കാലം പ്രവര്‍ത്തിച്ചിരുന്നു.
130ലധികം സിനിമകളില്‍ തിളങ്ങിയ അദ്ദേഹത്തെ കുറിച്ചുള്ള പുതിയ വാര്‍ത്ത അല്‍പ്പം വിഷമമുണ്ടാക്കുന്നതാണ്. ശരത് കുമാര്‍ ആശുപത്രിയാണ് എന്നാണ് വിവരം. അദ്ദേഹത്തിന്റെ അസുഖം സംബന്ധിച്ച് ആശുപത്രി അധികൃതര്‍ വെളിപ്പടുത്തിയിട്ടില്ലെങ്കിലും ചില സൂചനകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശരത് കുമാറിന് ശാരീരിക അസ്വാസ്ഥ്യമുണ്ട് എന്നാണ് വാര്‍ത്തകള്‍. അതിസാരം കാരണം അദ്ദേഹം ക്ഷീണിതനായിരുന്നുവത്രെ. പിന്നീടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിര്‍ജലീകരണം കാരണമാണ് ആശുപത്രിയില്‍ തുടരുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഭാര്യയും നടിയുമായ രാധിക, മകള്‍ വരലക്ഷ്മി ശരത് കുമാര്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പം ആശുപത്രിയിലുണ്ട്. അപ്പോളോ അധികൃതര്‍ രോഗ കാരണം സംബന്ധിച്ച ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. വൈകാതെ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കുമെന്നാണ് കരുതുന്നത്.

ആശുപത്രിയിലാണ് എന്ന വിവരം അറിഞ്ഞതോടെ നിരവധി സിനിമാ താരങ്ങളാണ് അപ്പോളോയില്‍ ശരത് കുമാറിനെ കാണാന്‍ വരുന്നത്. രാഷ്ട്രീയ നേതാക്കളും എത്തുന്നുണ്ട്. തമിഴ് സിനിമാ മേഖലയില്‍ മാത്രമല്ല, രാഷ്ട്രീയ രംഗത്തും സജീവമാണ് ശരത് കുമാര്‍. അദ്ദേഹത്തിന് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയുണ്ട്.

68കാരനായ ശരത് കുമാര്‍ പഴശിരാജ ഉള്‍പ്പെടെയുള്ള മലയാള സിനിമകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ചില സിനിമകളില്‍ പാടുകയും ചെയ്തിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒരുകാലത്ത് തിളങ്ങി നിന്ന ബോഡി ബില്‍ഡറായിരുന്നു ശരത് കുമാര്‍. പിന്നീട് മാധ്യമപ്രവര്‍ത്തകനായി.

1986ലാണ് ശരത് കുമാര്‍ സിനിമാ രംഗത്തെത്തിയത്. തെലുങ്ക് ചിത്രം സമജാംലോ സ്ത്രീ ആയിരുന്നു ആദ്യ സിനിമ. നെഗറ്റീവ് വേഷങ്ങളിലാണ് ആദ്യം അഭിനയിച്ചതെങ്കിലും പിന്നീട് നടനായും തിളങ്ങി. പിന്നീട് തമിഴ് സിനിമയില്‍ സൂപ്പര്‍ സ്റ്റാറാകുകയും ചെയ്തു. 2007ലാണ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. അഖിലേന്ത്യാ സമത്വ മക്കള്‍ കക്ഷി ആയിരുന്നു പാര്‍ട്ടി.

പ്രമുഖ നേതാവ് കെ കാമരാജിന്റെ ആദര്‍ശങ്ങളില്‍ ഊന്നിയാണ് തന്റെ പ്രവര്‍ത്തനം എന്ന് ശരത് കുമാര്‍ പറഞ്ഞിരുന്നു. തെങ്കാശി മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2006 മുതല്‍ 2015 വരെ നടികര്‍ സംഘത്തിന്റെ അധ്യക്ഷനായിരുന്നു. തുടര്‍ച്ചയായി മൂന്ന് തവണയാണ് അദ്ദേഹം ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.












Click it and Unblock the Notifications