കേട്ടതൊന്നുമല്ല ശരി, ഗവര്‍ണറുടെ വെളിപ്പെടുത്തല്‍!! തമിഴ്‌നാട്ടില്‍ നടക്കുന്നത്....

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് കേന്ദ്രത്തിന് കത്തയച്ചുവെന്ന തരത്തിലുള്ള റിപോര്‍ട്ടുകള്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു നിഷേധിച്ചു. വെള്ളിയാഴ്ചയാണ് തമിഴ്‌നാട്ടിലെ ചില ടെലിവിഷന്‍ ചാനലുകള്‍ ഇത്തരമൊരു വാര്‍ത്ത പ്രചരിപ്പിച്ചത്. സോഷ്യല്‍ മീഡിയകളിലൂടെയും ഇത്തരമൊരു വാര്‍ത്ത പരന്നിരുന്നു. ഇതിനെതിരേയാണ് ഗവര്‍ണര്‍ രംഗത്തുവന്നത്.

വിധി കാത്തിരിക്കുന്നു

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഐഡിഎംകെ ജനറല്‍ സെക്രട്ടറി വി എസ് ശശികലയ്‌ക്കെതിരായ സുപ്രീം കോടതി വിധി വരാന്‍ കാത്തിരിക്കുകയാണ് വിദ്യാസാഗര്‍. അടുത്തയാഴ്ചയോടെ വിധി വരുമെന്നാണ് റിപോര്‍ട്ട്.

അടുത്ത വൃത്തങ്ങള്‍ പറയുന്നത്

എഐഡിഎംകെയുടെ 134 എംഎല്‍എമാരില്‍ 129 പേരും തനിക്കൊപ്പമാണെന്ന് ശശികല അവകാശവാദം ഉന്നയിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നിയമത്തിലെ വ്യത്യസ്ത വ്യവസ്ഥകളെക്കുറിച്ച് ഗവര്‍ണര്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ആറു മാസത്തിനകം തെളിയിക്കണം

നിലവില്‍ എംഎല്‍എ അല്ലാത്ത ശശികല മുഖ്യമന്ത്രിയാവുകയാണെങ്കില്‍ ആറു മാസത്തിനകം തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് അവര്‍ക്ക് യോഗ്യത തെളിയിക്കണം. താന്‍ മുഖ്യമന്ത്രിയാവാന്‍ ക്ഷണിക്കുന്നയാള്‍ക്ക് തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള ശേഷിയുണ്ടോയെന്ന് കൂടി ഗവര്‍ണര്‍ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.

തെറ്റുകാരിയെങ്കില്‍ ശശികലയുടെ ഭാവി

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീം കോടതി കുറ്റക്കാരിയെന്നു വിധിച്ചാല്‍ ശശികലയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റും. തെറ്റുകാരിയെങ്കില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവര്‍ക്ക് അനുമതിയുണ്ടാവില്ല. അങ്ങനെ സംഭവിച്ചാല്‍ തനിക്കൊപ്പമുള്ള എംഎല്‍എയും മന്ത്രിയുമായ ഇടപ്പടി കെ പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് ശശികലുടെ പദ്ധതി.

രാജിയെക്കുറിച്ച് പനീര്‍ശെല്‍വം

വ്യാഴാഴ്ച ശശികലയെത്തുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പാണ് പനീര്‍ശെല്‍വം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. തന്നെ നിര്‍ബന്ധിച്ച് മുഖ്യമന്ത്രി സ്ഥാനത്തു നിന്നു രാജിവയ്പ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം ഗവര്‍ണറെ അറിയിക്കുകയായിരുന്നു. മാത്രമല്ല തന്റെ ഭാഗത്തു നില്‍ക്കുന്നുവെന്ന് ശശികല അവകാശപ്പെടുന്ന എംഎല്‍എമാരെയും അവര്‍ നിര്‍ബന്ധിച്ച് ഇതിനു പ്രേരിപ്പിച്ചതാണെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി. ചില ഒപ്പുകള്‍ വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഗവര്‍ണര്‍ക്ക് ആശങ്ക

100ല്‍ അധികം എംഎല്‍എമാരെ ശശികല തടവില്‍ വച്ചിരിക്കുകയാണെന്ന പനീര്‍ശെല്‍വത്തിന്റെ ആരോപണം ഗവര്‍ണറെ ആശങ്കയിലാക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെയും പോലിസ് മേധാവികളെയും കണ്ട ഗവര്‍ണര്‍ എംഎല്‍എമാര്‍ തടവിലല്ലെന്ന് ഉറപ്പു വരുത്തണെന്നും ആവശ്യപ്പെട്ടിരുന്നു.

ശശികല ക്യാംപ് പ്രതീക്ഷയില്‍

ശശികലയെ അധികം വൈകാതെ തന്നെ മുഖ്യമന്ത്രിയായി ഗവര്‍ണര്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ഇവരുടെ ക്യാംപ്. ഭൂരിപക്ഷം ഞങ്ങള്‍ക്കു തന്നെയാണ്. മുഴുവന്‍ എംഎല്‍എമാരും ശശികലയെ പിന്തുണയ്ക്കുന്നതായി കാണിച്ച് ഒപ്പിട്ട രേഖ ഗവര്‍ണര്‍ക്കു നല്‍കിക്കഴിഞ്ഞു. പിന്നെയെന്തിനാണ് മറ്റു കാര്യങ്ങള്‍ ചിന്തിക്കുന്നതെന്ന് ഒരു എംഎല്‍എ ചോദിച്ചു.

English summary
Tamil Nadu Governor C Vidyasagar Rao has denied reports that he has sent his assessment of the political crisis in the state to the Centre.
Please Wait while comments are loading...