പ്രതിഷേധത്തിനിടെ വനിതാ ഡിഎസ്പിക്ക് മര്‍ദ്ദനം; നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ മുടി പിടിച്ചുവലിച്ചു
ചെന്നൈ: കൊലപാതക കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ അക്രമം. വനിതാ ഡി എസ് പിയെ പ്രതിഷേധക്കാർ കയ്യേറ്റം ചെയ്തു. തമിഴ്നാട്ടിലെ വിരുത് നഗറിലെ അരുപ്പുകോട്ടെയിലാണ് സംഭവം. കൊലപാതകക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസും പ്രതിഷേധക്കാരും തമ്മിൽ ചൊവ്വാഴ്ചയുണ്ടായ സംഘർഷത്തെ തുടർന്ന് അരുപ്പുക്കോട്ടയിൽ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു.
ചില പ്രതിഷേധക്കാർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡി എസ്പി) എം. ഗായത്രിയെ കൈയേറ്റം ചെയ്തതോടെ സംഭവം രൂക്ഷമാവുകയായിരുന്നു. രാമനാഥപുരം ജില്ലയിലെ കമുത്തി സ്വദേശി കെ.കാളികുമാറിനെ ( 28 ) കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

കൊലപാതകവുമായി ബന്ധപ്പെട്ട് ലക്ഷ്മണൻ, എം. അരുൺകുമാർ, എൻ കാളീശ്വരൻ, എസ്. ബാലമുരുകൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ കഴിയുന്ന വേൽമുരുകൻ എന്ന കെ അയ്യാവു, വീരശൂരൻ എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാളികുമാറിൻ്റെ ബന്ധുക്കൾ അരുപ്പുക്കോട്ട സർക്കാർ ആശുപത്രിക്ക് പുറത്ത് റോഡ് ഉപരോധിച്ചു. പോലീസ് ഇവരെ ശാന്തരാക്കിയ ശേഷം പിരിഞ്ഞുപോയെങ്കിലും പിന്നീട് പ്രതിഷേധം തുടരാൻ പന്തൽഗുഡി ജംഗ്ഷനിലേക്ക് നീങ്ങാൻ ശ്രമിച്ചു.
ഡി എസ്പി ഗായത്രി പന്തൽഗുഡി ജംഗ്ഷനിലേക്ക് പോകുന്നതിൽ നിന്ന് ഇവരെ തടയാൻ ശ്രമിച്ചതോടെ സംഘർഷമുണ്ടായി. ഈ തർക്കത്തിനിടെ ഒരു പ്രതിഷേധക്കാരൻ ഡിഎസ്പിയെ തള്ളിയിടുന്നത് വൈറലായ വീഡിയോയിൽ കാണാം. ഒരാൾ ഡി എസ്പി ഗായത്രിയുടെ മുടിയിൽ പിടിച്ച് വലിച്ചതോടെ സ്ഥിതി വഷളായി.
നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം, അന്യായമായി തടഞ്ഞുനിർത്തൽ, അധിക്ഷേപകരമായ പദപ്രയോഗം, സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്ക് ഏഴു പേർക്കെതിരെ ഭാരതീയ ന്യായ സൻഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
തമിഴ്‌നാട് സ്ത്രീപീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അതേസമയം, കാളികുമാറിൻ്റെ മൃതദേഹം അന്തിമ ചടങ്ങുകൾക്കായി കുടുംബത്തിന് വിട്ടുകൊടുത്തു. ഡിഎസ്പി ഗായത്രിയെ ആക്രമിച്ച സംഭവത്തെ അപലപിച്ച എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസ്വാമി, ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനോട് ആവശ്യപ്പെട്ടു.
ഗായത്രിക്കെതിരായ ഈ ആക്രമണത്തിൽ താൻ ഞെട്ടിപ്പോയിയെന്നും കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നും പളനിസ്വാമി പറഞ്ഞു.












Click it and Unblock the Notifications