തെലങ്കാന ഫലം: സിപിഐ ഒരു സീറ്റില്‍ മുന്നില്‍, ഒറ്റക്ക് മത്സരിച്ച സിപിഎം ചിത്രത്തിലേയില്ല
ഹൈദരാബാദ്: തെലങ്കാനയില്‍ ഒരു സീറ്റില്‍ സി പി ഐ മുന്നില്‍. സംസ്ഥാനത്ത് കോണ്‍ഗ്രസുമായി സഖ്യത്തിലായിരുന്നു സി പി ഐ മത്സരിച്ചത്. കോതഗുഡം മണ്ഡലത്തില്‍ സി പി ഐയുടെ കുനംനേനി സാംബശിവ റാവു ആണ് ലീഡ് ചെയ്യുന്നത്. ഒരു സീറ്റിലാണ് സംസ്ഥാനത്ത് സി പി ഐ മത്സരിച്ചത്. നേരത്തെ സി പി എമ്മുമായും കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും സീറ്റ് വിഭജന ചര്‍ച്ചകളില്‍ പരാജയപ്പെടുകയായിരുന്നു.
17 സീറ്റില്‍ സി പി എം സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. 2018 ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോതഗുഡം സീറ്റില്‍ കോണ്‍ഗ്രസാണ് ജയിച്ചത്. കോണ്‍ഗ്രസിലെ വനമ വെങ്കിടേശ്വര റാവു ടിആര്‍എസിലെ ജലഗം വെങ്കട്ട് റാവുവിനെ 4,139 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. എന്നാല്‍ പിന്നീട് വനമ വെങ്കിടേശ്വര റാവു ബി ആര്‍ എസിലേക്ക് കൂറുമാറിയിരുന്നു.

ഇത്തവണ വനമ വെങ്കിടേശ്വര റാവു ബി ആര്‍ എസ് സ്ഥാനാര്‍ത്ഥിയായാണ് ജനവിധി തേടുന്നത്. ജനസേന-ബിജെപി സഖ്യത്തിന്റെ എല്‍.സുരേന്ദര്‍ റാവു ആണ് മണ്ഡലത്തിലെ മറ്റൊരു പ്രധാന സ്ഥാനാര്‍ത്ഥി. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോതഗുഡെം മണ്ഡലത്തില്‍ ബി ആര്‍ എസിന്റെ വെങ്കട്ട് റാവു ജലഗം വിജയിച്ചിരുന്നു. അന്ന് വൈഎസ്ആര്‍സി സ്ഥാനാര്‍ത്ഥിയായിരുന്ന വനമ വെങ്കിടേശ്വര റാവുവായിരുന്നു രണ്ടാമത്.
നിലവില്‍ ബിആര്‍എസിന്റെ കൈവശമുള്ള ഖമ്മം ലോക്സഭാ മണ്ഡലത്തിന് കീഴിലാണ് കോതഗുഡെം നിയമസഭാ മണ്ഡലം. അതേസമയം തെലങ്കാനയില്‍ എക്‌സിറ്റ് പോളുകള്‍ ശരിവെക്കുന്ന തരത്തിലാണ് ഫലം പുറത്ത് വരുന്നത്. നിലവില്‍ കോണ്‍ഗ്രസ് 65 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. 60 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. ബി ആര്‍ എസ് 40 സീറ്റിലും ലീഡ് ചെയ്യുന്നു.
ഈ പ്രവണത തുടരുകയാണെങ്കില്‍, സംസ്ഥാനം രൂപീകരിച്ച ശേഷം ഇതാദ്യമായി ബി ആര്‍ എസ് അല്ലാതെ മറ്റൊരു പാര്‍ട്ടി തെലങ്കാന ഭരിക്കും. 2014 ല്‍ സംസ്ഥാനം രൂപീകരിച്ചത് മുതല്‍ ബി ആര്‍ എസ് ആണ് തെലങ്കാന ഭരിച്ചത്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഗജ്വെല്‍, കാമറെഡ്ഡി എന്നീ രണ്ട് സീറ്റുകളിലാണ് മത്സരിക്കുന്നത്. നിലവില്‍ ഗജ്വേലില്‍ മുന്നിട്ട് നില്‍ക്കുന്ന അദ്ദേഹം കാമറെഡ്ഡിയില്‍ പിന്നിലാണ്.
കെ സി ആര്‍ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത് എന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം. അതേസമയം കര്‍ണാടകക്ക് പിന്നാലെ തെലങ്കാന കൂടി കൈപ്പിടിയില്‍ ഒതുക്കുന്നതോടെ ദക്ഷിണേന്ത്യയില്‍ വീണ്ടും തിരിച്ചുവരികയാണ് കോണ്‍ഗ്രസ്.












Click it and Unblock the Notifications