കെസിആറിന്റെ ഹാട്രിക് മോഹം ത്രിശങ്കുവിൽ ? തെലങ്കാന കീഴടക്കാൻ കോൺഗ്രസ്, ചരിത്രം തിരുത്തുമെന്ന് സർവേ ഫലം
ഹൈദരാബാദ്: തെലങ്കാനയിൽ ബിആർഎസിന്റെ സകല പ്രതീക്ഷകളും അവസാനിച്ച് കോൺഗ്രസ് തേരോട്ടമെന്ന പ്രവചനവുമായി ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ സർവേ ഫലം. കെ ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയുടെ (ബിആർഎസ്) ഹാട്രിക് സ്വപ്‌നങ്ങൾ ഇല്ലാതാക്കി കൊണ്ട് കോൺഗ്രസ് മികച്ച വിജയം നേടിയേക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്.
ഇന്നലെ വോട്ടെടുപ്പ് നടന്ന 119 നിയമസഭാ സീറ്റുകളിൽ ഭരണകക്ഷിയായ ബിആർഎസിന് 34 മുതൽ 44 സീറ്റുകൾ വരെ ലഭിക്കുമ്പോൾ കോൺഗ്രസ് പാർട്ടി ചരിത്രപരമായ ഭൂരിപക്ഷമായ 63 മുതൽ 73 സീറ്റുകൾ നേടി അധികാരത്തിൽ എത്തുമെന്നാണ് സർവേ ഫലം പ്രവചിക്കുന്നത്.

സർവേ ഫലം പുറത്തുവന്നതിന് പിന്നാലെ തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഢി ആത്മവിശ്വാസം പ്രകടിപ്പിച്ച രംഗത്ത് വന്നു. പാർട്ടി എൺപതിലധികം സീറ്റുകൾ നേടുമെന്നാണ് അദ്ദേഹം പറയുന്നത്.
സർവേയിൽ പ്രവചിച്ചത് പ്രകാരം സംസ്ഥാനത്തെ വോട്ട് ഷെയർ ഇപ്രകാരമായിരിക്കും, ബിആർഎസിന് 36 ശതമാനം വോട്ട് ലഭിക്കുമ്പോൾ, ബിജെപിക്ക് 14 ശതമാനം വോട്ട് മാത്രമേ ലഭിക്കൂ. കോൺഗ്രസ് 42 ശതമാനം വോട്ട് ഷെയറോട് കൂടി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. തെലങ്കാനയിൽ ബിജെപിക്ക് 4-8 സീറ്റുകളും, മറ്റ് സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് 8 ശതമാനം വോട്ട് വിഹിതത്തോടെ 5-8 സീറ്റുകളും ലഭിക്കുമെന്ന് എക്‌സിറ്റ് പോൾ സർവേ ഫലം സൂചിപ്പിക്കുന്നു.
അതേസമയം, തെലങ്കാനയിൽ ഇന്നലെ നടന്ന വോട്ടെടുപ്പിൽ 63.94 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പോളിംഗ് ശതമാനത്തില്‍ കഴിഞ്ഞ തവണത്തേക്കാൾ വന്‍ ഇടിവുണ്ടായി എന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. പോളിങ്ങിൽ ഉണ്ടായ ഇടിവ് രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ടാക്കിയ ആശങ്ക ചെറുതല്ല.
സിദ്ധിപേട്ട്: 77.19 ശതമാനം, രാജണ്ണ സിർസില്ല: 71.87 ശതമാനം, കാമറെഡ്ഡി: 71.00 ശതമാനം, കരിംനഗർ: 69.22 ശതമാനം എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളിലെ പോളിങ് ശതമാനം. ഹൈദരാബാദിൽ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ബിആർഎസും, കോൺഗ്രസും ഉൾപ്പെടെയുള്ള കക്ഷികളാണ് പ്രധാനമായി മത്സര രംഗത്തുള്ളത്. ഇവർക്കൊപ്പം ബിജെപിയും നിർണായക സാന്നിധ്യമാവും എന്നായിരുന്നു വിലയിരുത്തൽ.
ഒരു ട്രാന്‍സ്‌ജെന്‍ഡർ ഉള്‍പ്പെടെ 2290 സ്ഥാനാർഥികളാണ് തെലങ്കാനയില്‍ ജനവിധി തേടുന്നത്. എന്നാൽ ഏറ്റവും ഒടുവിൽ വന്ന എക്‌സിറ്റ് പോൾ ഫലങ്ങളിൽ ഉൾപ്പെടെ ബിജെപിക്ക് കാര്യമായ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications