പേരുകള്‍ ഉറക്കെ വിളിച്ചിട്ടും പ്രതികരണമില്ല; തെലുങ്കാന തുരങ്ക ദുരന്തത്തില്‍ അതിജീവനം ദുഷ്‌കരമെന്ന് മന്ത്രി
ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നുണ്ടായ അപകടത്തില്‍ തൊഴിലാളികളെ ജീവനോടെ രക്ഷിക്കാനുള്ള സാധ്യതകള്‍ മങ്ങുന്നു. തുരങ്കം തകര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ക്കിടയില്‍ എട്ട് തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരുടെ അതിജീവനം ദുഷ്‌കരമെന്നാണ് തെലങ്കാന ടൂറിസം മന്ത്രി ജെ കൃഷ്ണ റാവു അറിയിക്കുന്നത്.
30 മണിക്കൂറിലേറെയായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ 50 മീറ്റര്‍ അടുത്തു വരെ രക്ഷാ സംഘം എത്തിയിരുന്നു. എട്ട് പേരുടെയും പേരുകള്‍ ലൗഡ് സ്പീക്കറില്‍ ഉറക്കെ വിളിച്ചിട്ടും പ്രതികരണം ഒന്നും ലഭിച്ചില്ല. 'സത്യം പറഞ്ഞാല്‍ അവരുടെ അതിജീവനത്തിനുള്ള സാധ്യത വളരെ വളരെ കുറവാണ്' - മന്ത്രി പറഞ്ഞു. ഒന്‍പത് മീറ്റര്‍ വ്യാസമുള്ള തുരങ്കത്തില്‍ അപകടം നടന്ന സ്ഥലം മണ്ണിലും ചെളിയിലും പുതഞ്ഞുകിടക്കുകയാണ്. 25 അടി പൊക്കത്തിലാണ് ചെളി മൂടിക്കിടക്കുന്നത്. തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാന്‍ മൂന്ന് നാല് ദിവസമെങ്കിലും വേണ്ടിവരും.

തുരങ്കത്തിനുള്ളില്‍ ഓക്‌സിജന്‍ പമ്പ് ചെയ്യാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ട്. വെള്ളവും ചെളിയും പുറന്തള്ളാനും ഊര്‍ജിതമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
തെലങ്കാനയിലെ നാഗര്‍ കുര്‍ണൂലില്‍ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാലിന്റെ നിര്‍മാണം പുരോഗമിക്കുന്ന തുരങ്കത്തിലാണ് അപകടമുണ്ടായത്. ടണലിന്റെ ചോര്‍ച്ച പരിഹരിക്കാനുള്ള ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. തുരങ്കത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. പാറ തുരക്കുന്ന ബോറിങ് മെഷീന്‍ തകര്‍ന്നതും കോണ്‍ക്രീറ്റ് കഷ്ണങ്ങളും കല്ലും ചെളിയുമെല്ലാം കൂടിക്കലര്‍ന്ന് തുരങ്കം അടഞ്ഞതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
ഭൂനിരപ്പില്‍ നിന്ന് നാനൂറ് മീറ്റര്‍ താഴെയുള്ള തുരങ്കത്തിനുള്ളിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. അതിനാല്‍ രക്ഷാപ്രവര്‍ത്തനവും സങ്കീര്‍ണമാണ്. റോബോട്ടിക് ക്യാമറകളും മണ്ണിനടിയില്‍ കുടുങ്ങികിടക്കുന്നവരെ കണ്ടെത്തുന്നതില്‍ വിദഗ്ധരായ ഡോഗ് സ്‌ക്വാഡിനെയും അപകടമേഖലയിലെത്തിച്ചിട്ടും രക്ഷാപ്രവര്‍ത്തനത്തില്‍ ആശാവഹമായ പുരോഗതി ഉണ്ടായില്ല. ടണലില്‍ കുടുങ്ങിയ തൊഴിലാളികളുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന കളക്ടര്‍ അറിയിച്ചിരുന്നു.
2023 ല്‍ ഉത്തരാഖണ്ഡിലെ സില്‍കാര തുരങ്കത്തില്‍ കുടുങ്ങിക്കിടന്ന 41 തൊഴിലാളികളെ പുറത്തെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ച റാറ്റ് ഹോള്‍ മൈനിങ് സംഘം തെലങ്കാനയിലെ രക്ഷാപ്രവര്‍ത്തനത്തിലും സജീവമായുണ്ട്.
രണ്ട് എന്‍ജിനിയര്‍മാരും ആറു തൊഴിലാളികളുമാണ് തുരങ്കത്തിനുള്ളില്‍ കുടുങ്ങിയിട്ടുള്ളത്. ബാക്കിയുള്ളവര്‍ ഓടിമാറി രക്ഷപ്പെടുകയായിരുന്നു. കുറച്ചുനാളായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാതിരുന്ന തുരങ്കത്തില്‍ അപകടമുണ്ടാകുന്നതിന് നാലു ദിവസം മുമ്പാണ് വീണ്ടും നിര്‍മാണം ആരംഭിച്ചത്.












Click it and Unblock the Notifications