പഞ്ചായത്ത് ഓഫീസിലെ കറന്റ് ബില്ല് 11.41 കോടി രൂപ; അന്തം വിട്ട് ഗ്രാമവാസികള്‍
കോടികളുടെ തുക കറന്റ് ബില്ലില്‍ കണ്ട് ഗൃഹനാഥന്‍ കുഴഞ്ഞ് വീണിരുന്നു. പിന്നാലെയാണ് അമളി മനസിലായത്

ഹൈദരാബാദ്: കറന്റ് ബില്ല് കൂടി എന്ന് കേള്‍ക്കുമ്പോള്‍ 'ഷോക്കടിക്കുന്നവരാണ്' നമ്മളില്‍ പലരും. അപ്പോള്‍ പിന്നെ കോടികള്‍ കറന്റ് ബില്ലായി വന്നാലോ..? അമ്പരക്കേണ്ട. തെലങ്കാനയിലെ ഒരു ഗ്രാമ പഞ്ചായത്ത് ഒഫീസിലെ കറന്റ് ബില്ലിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്.
കാമറെഡ്ഡി ജില്ലയിലെ കോതപ്പള്ളി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ആണ് കണ്ണ് തള്ളിക്കുന്ന കറന്റ് ബില്ല് വന്നിരിക്കുന്നത്. ജനുവരി മാസത്തെ കറന്റ് ബില്ലായി 11.41 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവം അറിഞ്ഞതോടെ ഗ്രാമം ഒന്നാകെ ഞെട്ടലിലാണ്.
രസീതില്‍ കാണിച്ചിരിക്കുന്ന ബില്ലിന്റെ ആകെ തുക 11,41,63,672 രൂപയാണ്. എന്നാല്‍ സാങ്കേതിക പിഴവ് മൂലം സംഭവിച്ചതാണ് എന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ഇതോടെയാണ് ഗ്രാമവാസികള്‍ക്ക് ശ്വാസം നേരെ വീണത്. മീറ്റര്‍ റീഡിങ് പുനപരിശോധിച്ച് പുതിയ ബില്‍ നല്‍കാം എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
നേരത്തെ മധ്യപ്രദേശിലെ ഗ്വാളിയോറിലും സമാനമായ കോടിക്കണക്കിന് രൂപയുടെ ബില്ല് വന്നിരുന്നു. മൂന്ന് കോടി രൂപയുടെ വൈദ്യുതി ബില്ല് ആണ് ഇവിടെ നല്‍കിയത്. പ്രിയങ്ക ഗുപ്ത എന്ന് വീട്ടമ്മയുടെ വീട്ടിലാണ് മൂന്ന് കോടിയുടെ ബില്ല് വന്നത്. ഇത് അറിഞ്ഞ പ്രിയങ്ക ഗുപ്തയുടെ പിതാവ് രാജേന്ദ്ര പ്രസാദ് ഗുപ്ത കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു.
പിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ബില്ല് രേഖപ്പെടുത്തിയ ഓഫിസ് ക്ലര്‍ക്കിന് പറ്റിയ പിഴയാണ് കാരണം എന്ന് കണ്ടെത്തി. യഥാര്‍ത്ഥത്തില്‍ 1300 രൂപയായിരുന്നു ബില്ലിലെ തുക. സംഭവത്തില്‍ ഒരാളെ സസ്‌പെന്റ് ചെയ്തിരുന്നു.












Click it and Unblock the Notifications